ഭൂപരിഷ്ക്കരണ നിയമത്തിന്റെ അതിര് ലംഘിച്ച് സര്‍ക്കാരിനെ കബളിപ്പിച്ച് ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത് സാധാരണക്കാരന് വിതരണം ചെയ്യുമെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. വടശേരിക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരഹിതന് ഭൂമിയുടെ അവകാശം നല്‍കുന്നതിന് മനുഷ്യനിര്‍മിതമായ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടി വന്നാലും അത് ചെയ്യുമെന്നതാണ് സര്‍ക്കാര്‍ നയം. കാലങ്ങളായി നിലനിന്ന എയ്ഞ്ചല്‍വാലി പ്രശ്നം മെയ്-ജൂണ്‍ മാസത്തോടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി പരിഹരിക്കും. മലയോരമേഖലയിലെ പട്ടയപ്രശ്നം സമയബന്ധിതമായി പരിഹരിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന പദ്ധതിയാണ് പട്ടയമിഷന്.
മറ്റേത് വകുപ്പിനേക്കാളും ഏറെ സങ്കീര്‍ണവും പ്രയാസകരവുമായ പ്രശ്നങ്ങള്‍ നേരിടുന്ന വകുപ്പാണ് റവന്യു വകുപ്പ്. ഭൂമിസംബന്ധമായ ഒരു പ്രശ്നം റവന്യു വകുപ്പിന് മുന്നിലെത്തുമ്പോള്‍ പാര്‍ലമെന്റും നിയമസഭയും പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും മുതല്‍ മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ വരെ പരിശോധിച്ച് മാത്രമേ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയുവെന്നതാണ് പരമാര്‍ത്ഥം. ഇത്തരം സങ്കീര്‍ണപ്രശ്നങ്ങളെ അതിജീവിക്കാന്‍ റവന്യു വകുപ്പിന്റെ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുകയെന്നതാണ് മുന്നിലുള്ള മാര്‍ഗം. അതിനായി ഒന്നാം പിണറായി സര്‍ക്കാര്‍ ആരംഭിച്ച സ്മാര്‍ട്ട് വത്ക്കരണം റവന്യു വകുപ്പ് ഒരു അജന്‍ഡയായി ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിന്റെ റവന്യുരംഗത്തെ പ്രശ്നപരിഹാരത്തിനായി മിഷന് ആന്‍ഡ് വിഷന്‍ 2021-26 പദ്ധതി തയാറാക്കിയിരിക്കുകയാണ്.
വനഭൂമി പട്ടയ വിതരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. അനുമതി ലഭിച്ച ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്ന നടപടി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തിരിച്ച് വന്ന അപേക്ഷകള്‍ പരിശോധിക്കുകയും ജോയിന്റ് വേരിഫിക്കേഷനുള്ള നടപടികളും സ്വീകരിക്കും. ഇനിയും അപേക്ഷ കൊടുക്കാനുള്ളവരെ കണ്ടെത്തും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി വടശേരിക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിച്ചിരിക്കുകയാണെന്നും ചെറിയ രണ്ട് വര്‍ഷക്കാലം കൊണ്ട് ഒരു നിയമനിര്‍മാണ സഭയില്‍ ഒരു ജനപ്രതിനിധി നടത്തേണ്ട കാര്യങ്ങള്‍ നടത്താന്‍ റാന്നി എംഎല്‍എയ്ക്ക് സാധ്യമായെന്നും മന്ത്രി പറഞ്ഞു.
കെ.രാജന് എന്ന മന്ത്രിക്ക് മുന്‍പും പിന്‍പും എന്ന് റവന്യു വകുപ്പ് വിഭജിക്കപ്പെടുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
ചരിത്രത്തിലാദ്യമായി ഭൂമിസംബന്ധമായ പ്രശ്നപരിഹാരത്തിന് കിഫ്ബിയുടെ സഹായത്തോടെ ഡിജിറ്റല്‍ സര്‍വേ, സങ്കീര്‍ണമായ പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പട്ടയമിഷന്, ജനപ്രതിനിധികള്‍ക്ക് റവന്യു വകുപ്പുമായി നേരിട്ട് സംവദിക്കാന്‍ മൊബൈല്‍ ആപ്പുകള്‍, റാന്നി മണ്ഡലത്തില്‍ പ്രളയത്തില്‍പ്പെട്ട് നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നൂറ് ദിവസത്തിനുള്ളില്‍ സഹായധനം എന്നിങ്ങനെ വകുപ്പിനെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചടുലമാക്കാനും ജനകീയമാക്കാനും മന്ത്രിയുടെ നേതൃത്വത്തില്‍ വലിയ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തി.
എംഎല്‍എ എന്ന നിലയില്‍ റവന്യു വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി. റവന്യു വകുപ്പ് ജില്ലാകളക്ടര്‍ ഡോ ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ സമര്‍പ്പിത മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഉദാഹരണമാണ് എല്ലാ ഓഫീസുകളും മികവിന്റെ കേന്ദ്രങ്ങളാകുന്നുവെന്നത്. അട്ടത്തോട്, മഞ്ഞത്തോട് കോളനികളിലെ ആദിവാസികള്‍ക്ക് വനാവകാശ രേഖ നല്‍കാനുള്ള പ്രവര്‍ത്തനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി. എട്ട്കോടി രൂപ ഉപയോഗിച്ച് ഇട്ടിയപ്പാറ- ജണ്ടായിക്കല്‍- ബംഗ്ലാംകടവ് റോഡ് നിര്‍മാണം നടത്തി.
കുരുക്കുകള്‍ അഴിച്ച് ജലവിഭവവകുപ്പിന്റെ അനുമതി ലഭ്യമാക്കി മണിയാര്‍ ടൂറിസം പദ്ധതി ഉടന്‍ ഉദ്ഘാടനം നടത്തും. റീബില്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചു. വടശേരിക്കര ഗവ.എല്‍പിഎസ് സ്കൂള്‍ കെട്ടിടനിര്‍മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. തിരുവാഭരണ പാതയ്ക്ക് 5 കോടി രൂപയും, ദേശീയപാതയ്ക്ക് 47 കോടി രൂപയും അനുവദിച്ചു. എംഎല്‍എ ആസ്ഥി വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വടശേരിക്കര ആശുപത്രിക്കായി അനുവദിക്കും.
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വടശേരിക്കര വില്ലേജ് ഓഫീസ് പുതിയ ഭാവത്തില്‍ സൗന്ദര്യത്തോടെ സേവന മികവോടെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. 44 ലക്ഷം രൂപകൊണ്ട് എട്ട് മാസം കൊണ്ടാണ് നിര്‍മിതി കേന്ദ്രം നിര്‍മാണം നടത്തിയത്. വടശേരിക്കര പുതിയ തലത്തിലേക്ക് മാറിയെന്നും റാന്നി മണ്ഡലത്തെ സ്മാര്‍ട്ടായി മാറ്റുന്നതിന് പങ്ക് വഹിച്ച റവന്യു വകുപ്പിനെ സ്മാര്‍ട്ടാക്കിയ സ്മാര്‍ട്ടസ്റ്റ് മന്ത്രിയാണ് കെ.രാജന് എന്നും എംഎല്‍എ പറഞ്ഞു.
ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍, എഡിഎം ബി. രാധാകൃഷ്ണന്, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം കോമളം അനിരുദ്ധന്, വടശേരിക്കര ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീലു മാനാപ്പള്ളില്‍, ജോര്‍ജുകുട്ടി വാഴപ്പിള്ളേത്ത്, സിപിഐ പ്രതിനിധി ബഞ്ചമിന് ജോര്‍ജ് ജേക്കബ്, റാന്നി തഹസില്‍ദാര്‍ പി.ഡി. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു