Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 01/04/2023)

പുനര്‍ ലേലം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലത്തേക്ക് പുതുവല്‍, ഇളമണ്ണൂര്‍, മങ്ങാട്, ശാലേംപുരം എന്നീ സ്ഥലങ്ങളില്‍ ഇറച്ചി വ്യാപാരം നടത്തുന്നതിനുള്ള അവകാശം ഏപ്രില്‍  13 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ നിന്നും  https://tender.lsgkerala.gov.in  എന്ന വെബ്സൈറ്റില്‍ നിന്നും അറിയാം. ഫോണ്‍:04734 246031

 

ആട്ടിന്‍കുട്ടികളെ വിതരണം ചെയ്തു
2022-23 വാര്‍ഷിക പദ്ധതി പ്രകാരം തുമ്പമണ്‍ പഞ്ചായത്തിലെ  എസ് സി വനിതകള്‍ക്കുള്ള ആട്ടിന്‍കുട്ടികളുടെ വിതരണം പഞ്ചായത്ത് മൃഗാശുപത്രിയില്‍ പ്രസിഡന്റ് റോണി സക്കറിയ ഉദ്ഘാടനം ചെയ്തു. പൈലറ്റടിസ്ഥാനത്തില്‍ പഞ്ചായത്തിലെ 19 എസ് സി വനിതകള്‍ക്ക് രണ്ട് ആട്ടിന്‍കുട്ടികളെ വീതമാണ് നല്‍കിയത്. ചടങ്ങില്‍ വികസന ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ബീന വര്‍ഗീസ്  അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍, മൃഗാശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
പുളിക്കീഴ്  ഐസിഡിഎസ് പ്രോജക്ട്  പരിധിയിലെ  നിരണം  ഗ്രാമ പഞ്ചായത്തിലെ  അങ്കണവാടി  കേന്ദ്രങ്ങളില്‍  നിലവിലുള്ളതും ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും  ഹെല്‍പ്പെര്‍മാരുടെയും   ഒഴിവുകളിലേക്ക്  സ്ഥിര  നിയമനത്തിനു  വേണ്ടി സെലക്ഷന്‍  ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന്  യോഗ്യതയുള്ളവരില്‍  നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍  01/01/2023  തീയതിയില്‍ 18 – 46  പ്രായമുള്ളവരും, സേവനതല്പരതയും,  മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം.  അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി  പാസായിരിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍  എഴുതുവാനും, വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാല്‍ എസ്എസ്എല്‍സി പാസാകാത്തവരും ആയിരിക്കണം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷകരെ ഇന്റര്‍വ്യൂ നടത്തിയാണ് സെലക്ഷന്‍  ലിസ്റ്റ്  പ്രസിദ്ധീകരിക്കുന്നത്.
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍, നിയമാനുസൃതമായ ഇളവ്  ലഭിക്കും.  നിരണം പഞ്ചായത്ത് പരിധിയില്‍  സ്ഥിര താമസമാക്കിയിട്ടുള്ളവരില്‍  നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. 2019 ല്‍  അപേക്ഷ സമര്‍പ്പിച്ചവര്‍  ഇനി അപേക്ഷ നല്‍കേണ്ടതില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 22 ന്  വൈകുന്നേരം അഞ്ചു വരെ. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും  പുളിക്കീഴ്  ഐസിഡിഎസ്  ഓഫീസുമായും, നിരണം പഞ്ചായത്ത്  ഓഫീസുമായും ബന്ധപ്പെടണം. വിലാസം : ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, പുളിക്കീഴ് , വളഞ്ഞവട്ടം പി.ഒ. തിരുവല്ലഫോണ്‍ – 0469 2610016.

 

ലീഗല്‍ മെട്രോളജി പരിശോധന നടത്തി
മൂന്നാം 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വ്യാപാരസ്ഥാപനങ്ങളിലെ പരിശോധനയുടെ രണ്ടാം ഘട്ടമായ പൂര്‍ണത ,പെട്രോള്‍ പമ്പുകളിലെ പരിശോധനയുടെ രണ്ടാം ഘട്ടം ക്ഷമത-2 എന്നിവയുടെ ഭാഗമായി  ജില്ലയിലെ 582 വ്യാപാര സ്ഥാപനങ്ങളിലും  36  ഇന്ധന പമ്പുകളിലും ലീഗല്‍ മെട്രോളജി പരിശോധന നടത്തി.  മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍  ഉപയോഗിച്ചതിന് 108 വ്യാപാരികളില്‍ നിന്ന് 54000 രൂപയും,  വില്പനക്ക് പ്രദര്‍ശിപ്പിച്ച പാക്കറ്റുകളില്‍ ആവശ്യമായ പ്രഖ്യാപനങ്ങള്‍ ഇല്ലാത്തതിനും നിയമപ്രകാരം ആവശ്യമായ രജിസ്‌ട്രേഷന്‍ എടുക്കാത്തതിനും 28 വ്യാപാരികള്‍ക്കെതിരെ കേസെടുത്ത് 165000 രൂപയും അടക്കം ആകെ 219000 രൂപ പിഴ ഈടാക്കി. പരിശോധനകള്‍ മെയ് 20 വരെ തുടരും. ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍. വിപിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനകളില്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ കെ.ജി സുജിത്, ഇന്‍സ്‌പെക്ടര്‍മാരായ എസ്.ആര്‍ അതുല്‍, എ അബ്ദുള്‍ഖാദര്‍, കെ.അഭിലാഷ് ,യു.അല്ലി  ,ആര്‍.വി രമ്യചന്ദ്രന്‍, എസ്.എസ് വിനീത്, ഇന്‍സ്‌പെക്റ്റിംഗ് അസ്സിസ്റ്റന്റ്മാരായ  അരുണ്‍ സുധാകരന്‍ , ആര്‍.രാജീവ് കുമാര്‍, ബിജി ദേവസ്യ ,ടി സുനില്‍കുമാര്‍, വി.ആര്‍ സന്തോഷ്‌കുമാര്‍, പി.എസ്.ഹരികുമാര്‍, എ നൗഷാദ് , ജി സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് മേയ് 12 മുതല്‍ 18 വരെ നടക്കുന്ന എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയിലെ എല്ലാ പരിപാടികളും ലൈവ് സ്ട്രീം ചെയ്യുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ച പരിചയ സമ്പന്നരായവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഏഴു ദിവസം പരിപാടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നതിനുള്ള തുക വ്യക്തമാക്കി ഏപ്രില്‍ 17ന് ഉച്ചയ്ക്ക് 12ന് അകം പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222657.

ക്വട്ടേഷന്‍
എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് എട്ട് പേജുള്ള മള്‍ട്ടികളര്‍ ബ്രോഷറിന്റെ 15000 കോപ്പികള്‍ അച്ചടിച്ച് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സ്പെസിഫിക്കേഷന്‍: വലിപ്പം: 25 സെമി X 80 സെമി. പേജ് വലിപ്പം: 20 സെമി X 25 സെമി(25 സെമി നീളവും 20 സെമി വീതിയും). പേപ്പര്‍ 130 ജിഎസ്എം ആര്‍ട്ട് പേപ്പര്‍(3 ഫോള്‍ഡ്). ഏപ്രില്‍ 17ന് ഉച്ചയ്ക്ക് 12ന് അകം കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 0468-2222657.

ആറന്മുളയില്‍ ഫയര്‍ സ്റ്റേഷന്‍ നടപടി വേഗത്തില്‍ ആക്കണം: താലൂക്ക് വികസന സമിതി


ആറന്മുളയില്‍ ഫയര്‍ സ്റ്റേഷന്‍ നടപടികള്‍ വേഗത്തില്‍ ആക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കോഴഞ്ചേരി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍എഫ് ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ കോഴഞ്ചേരി സ്റ്റേഡിയം പ്ലാസ്റ്റിക്ക് കുന്നുകൂടികിടക്കുന്നതിന് പരിഹാരം കാണണം. കുടിവെളള പദ്ധതികള്‍ക്കായി റോഡ് കുഴിച്ചിരിക്കുന്നത് പൂര്‍വസ്ഥിതിയിലാക്കണം.പത്തനംതിട്ട അറേബ്യന്‍ ജൂവലറിയുടെ സമീപത്തുള്ള അനധികൃത വാഹന പാര്‍ക്കിംഗിന് പരിഹാരം കാണണം.
പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം.  അക്ഷയ കേന്ദ്രങ്ങളില്‍ ഏകീകൃതമായി ഫീസ് ഈടാക്കുകയും സര്‍ട്ടിഫിക്കറ്റിന്റെ ഫീസ് സംബന്ധമായ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യണം. തുണിക്കടകളില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ കസേരകളും ടോയ്ലറ്റ് സംവിധാനവും ഉറപ്പ് വരുത്തണം. ഓമല്ലൂര്‍ – പരിയാരം റോഡില്‍ ഓടകള്‍ക്കു മുകളില്‍ സ്ലാബ് ഇടാത്തതിനാല്‍ അപകട സാധ്യതയുള്ളതിനാല്‍ പരിഹാരം കാണണം. കെഎസ്ആര്‍ടിസി പത്തനംതിട്ട എന്‍ക്വയറി കൗണ്ടറിലെ ഫോണ്‍ ശരിയായ നിലയില്‍ പ്രവര്‍ത്തിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി, കോഴഞ്ചേരി താലൂക്ക് തഹസില്‍ദാര്‍ ജോണ്‍ സാം, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്. സിറോഷ് , ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ബി സുധ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ആന്റോ ആന്റണി എം.പി യുടെ പ്രതിനിധി ജെറി മാത്യു സാം, ആരോഗ്യ മന്ത്രിയുടെ  പ്രതിനിധി  തോമസ് പി ചാക്കോ, ആറന്‍മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. ടോജി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ ബിജു മുസ്തഫ, ഷാഹുല്‍ ഹമീദ്, വി.ജി മത്തായി, മാത്യു മരോട്ടിമൂട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  (പിഎന്‍പി 1056/23)