konnivartha.com : മനുഷ്യായുസ്സിൽ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്വപൂർണമായ കർമ്മമാണ് മരണശേഷം തന്‍റെ അവയവങ്ങൾ ദാനം ചെയ്യുക എന്നത്. ഹൃദയം കിഡ്നി, കരൾ, പാൻക്രിയാസ് എന്നിവ ഉൾപ്പെടെ 37 ൽ പ്പരം അവയവങ്ങളും, ടിഷ്യൂസും മരണാനന്തരം ഒരാൾക്ക് ദാനം ചെയ്യാൻ കഴിയും. ഹവല്ലി ആർ.ഡി. എ ഹാളിൽ നടന്ന പ്രതീക്ഷ ഇൻഡ്യൻ അസോസിയേഷൻ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് ഫാദർ ഡേവിസ് ചിറമേൽ ഇത് പറഞ്ഞത്.
കുവൈറ്റ് ട്രാൻസ്പ്ലാൻറ് സൊസൈറ്റിയുടെ ക്ഷണപ്രകാരം, കുവൈറ്റിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾക്കിടയിൽ അവയവ ദാനത്തിന്‍റെ മഹത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനും, അവയവ ദാനം പ്രോത്സാഹിപ്പിക്കുവാനും എത്തിയതായിരുന്നു അദ്ദേഹം.
അവയവ ദാനമെന്ന മഹത്തായ ആശയത്തിന്‍റെ പതാക വാഹകനായ അദ്ദേഹം ജിസിസി രാജ്യങ്ങൾ സന്ദർശിക്കുന്ന വേളയിലാണ് കുവൈറ്റിലും എത്തിയത്. ഹവല്ലി യൂണിറ്റ് കൺവ്വീനർ സുനീഷ് മുണ്ടക്കയത്തിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി പ്രതിനിധി ഹബീബ്, പ്രതീക്ഷ അസോസിയേഷൻ രക്ഷാധികാരി മനോജ് കോന്നി, സ്റ്റിയറിംഗ് കമ്മിറ്റി അംഗം രമേഷ് ചന്ദ്രൻ , ജനറൽ സെക്രട്ടറി ജ്യോതി പാർവ്വതി, ട്രഷറർ ബിനോയ് ബാബു, വൈസ് പ്രസിഡൻറ് ബിജു വായ്പൂർ, കേന്ദ്ര നിർവ്വാഹക സമിതി അംഗമായ ബൈജു കിളിമാനൂർ, യൂണിറ്റ് സെക്രട്ടറിമാരായ ജോയ് തോമസ്, സുരേഷ് കൃഷ്ണ, ആര്യ, ജിഷ, മാത്യു ജോൺ, അജിത, ലിസി മാത്യു എന്നിവർ സംസാരിച്ചു.
5 അംഗങ്ങളുടെ ചികിത്സക്കായി പ്രതീക്ഷ സമാഹരിച്ച സഹായ നിധിയുടെ വിതരണവും ഫാദർ ഡേവിസ് ചിറമേൽ നിർവ്വഹിച്ചു.