Trending Now

മെഴുവേലി പഞ്ചായത്തില്‍ സേവാസ് പദ്ധതിക്ക് തുടക്കമായി

സമഗ്ര ശിക്ഷാ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ മെഴുവേലി പഞ്ചായത്തില്‍ നടപ്പാക്കുന്ന സേവാസ് പദ്ധതിക്ക് തുടക്കമായി. സമഗ്ര ശിക്ഷാ കേരള, പത്തനംതിട്ട ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയാണ് സേവാസ്. പൊതുവിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

 

സേവാസിന്റെ ഭാഗമായി വിവിധ ഏജന്‍സികളുമായി സഹകരിച്ച് സാമൂഹിക സാമ്പത്തിക സര്‍വേ നടത്തും. അതിന്റെ അടിസ്ഥാനത്തില്‍  രൂപീകരിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.

പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ അവസ്ഥാ പഠനം നടത്തി, കുട്ടികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള വിവിധ പരിശീലന പരിപാടികള്‍ അവധിക്കാലത്ത് സംഘടിപ്പിക്കും. സേവാസ് പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.എസ്. അനീഷ് മോന്‍,
മെഴുവേലി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി അശോകന്‍, സമഗ്ര ശിക്ഷ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, ആറന്മുള എഇഒ ജെ. നിഷ, പ്രൊഫ ഡി. പ്രസാദ്  വി. വിനോദ്, സിന്ധു ഭാസ്‌കര്‍, വി.ജി. ശ്രീലേഖ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിനുശേഷം  പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള മികവുകളുടെ അവതരണവും നടന്നു.