Trending Now

ആരോഗ്യം ഉറപ്പാക്കുന്നത് മാലിന്യ മുക്തമായ അന്തരീക്ഷം: മന്ത്രി വീണാ ജോര്‍ജ്

മനുഷ്യന്റെ ആരോഗ്യം ഉറപ്പാക്കുന്നത് മാലിന്യ മുക്തമായ അന്തരീക്ഷം കൂടിയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി തുടങ്ങിയവയുടെ ഏകോപനത്തില്‍ ‘ വൃത്തിയുള്ള നവകേരളം, വലിച്ചെറിയല്‍ മുക്ത കേരളം’ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡിന് സമീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

നാം എങ്ങനെ വീട് സംരക്ഷിക്കുന്നുവോ അതുപോലെ തന്നെ നാടും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. മാലിന്യം ആരോഗ്യ പൂര്‍ണമായ മനുഷ്യജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പത്തനംതിട്ട. ഇതു സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷത വഹിച്ചു. വലിച്ചെറിയല്‍ മുക്ത കേരളം പ്രതിജ്ഞ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ ചൊല്ലിക്കൊടുത്തു.

 

യോഗത്തില്‍ നവകേരള കര്‍മ്മ പദ്ധതി രണ്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍ കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്മാന്‍, നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, നഗരസഭ എച്ച്എസ് വിനോദ്, എച്ച്‌ഐ സതീഷ്, ജെഎച്ച്‌ഐ ദീപു, ജെഎച്ച്‌ഐ സുനിത, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, നവകേരളം കര്‍മ്മ പദ്ധതി ആര്‍പിമാര്‍, ശുചിത്വ മിഷന്‍ ആര്‍പിമാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
അടൂര്‍ നഗരസഭയില്‍ ഡെപ്യൂട്ടി സപീക്കര്‍ ചിറ്റയം ഗോപകുമാര്‍ വലിച്ചെറിയല്‍ മുക്ത കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നഗരസഭ- ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന് തുടക്കം കുറിച്ചത്. ജനുവരി 26 മുതല്‍ 30 വരെ ജില്ലയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 300 ല്‍ അധികം സ്ഥലത്ത് പൊതുസ്ഥല ശുചീകരണം നടത്തും.