Trending Now

പത്തനംതിട്ട ജില്ലയില്‍ ചൂട് കൂടുന്നു മുന്‍കരുതല്‍ വേണം: ഡിഎംഒ

 

 

konnivartha.com : ജില്ലയില്‍ അന്തരീക്ഷതാപനില ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലം ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.

ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെട്ട് നിര്‍ജ്ജലീകരണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരീരതാപം ക്രമാതീതമായി ഉയര്‍ന്നാല്‍ ശക്തമായ തലവേദന, തലകറക്കം, നാഡിമിടിപ്പ്കുറയുക, അബോധാവസ്ഥ എന്നിവ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടാന്‍ മടിക്കരുത്. പ്രായമായവര്‍, ചെറിയകുട്ടികള്‍, ഗുരുതരരോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

വേനല്‍ക്കാലത്ത് ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കുക. ഉപ്പിട്ടകഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവയും കുടിക്കാനായി ഉപയോഗിക്കാം. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക. വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന സമയങ്ങളില്‍ ജോലി സമയം ക്രമീകരിക്കുക.

കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. കട്ടികുറഞ്ഞതും, ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. വേനല്‍ക്കാലത്ത് സൂര്യാതപത്തിനൊപ്പം പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ്എ, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കണം.’ വെള്ളം ശേഖരിച്ചു വെയ്ക്കുന്നവര്‍ കൊതുക് കടക്കാതെ പാത്രങ്ങള്‍ അടച്ചു സൂക്ഷിക്കണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!