Trending Now

ശിവഗിരി തീര്‍ത്ഥാടനം ആത്മ പരിശോധനയ്ക്കും സ്വയം ശുദ്ധീകരണത്തിനും ഉള്ള അവസരം- മന്ത്രി വീണാ ജോര്‍ജ്

ശിവഗിരി തീര്‍ത്ഥാടനം ആത്മ പരിശോധനയ്ക്കും സ്വയം ശുദ്ധീകരണത്തിനും ഉള്ള അവസരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍   സ്മാരകത്തില്‍ നിന്നും ആരംഭിച്ച ഗുരുദേവ വിഗ്രഹ പ്രയാണവും പദയാത്രയും  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ഭദ്രദീപം തെളിച്ച് മന്ത്രി പദയാത്ര ഉദ്ഘാടനം ചെയ്തു.

ശിവഗിരി തീര്‍ത്ഥാടനം ആരംഭിച്ച് 90 വര്‍ഷം പൂര്‍ത്തിയാകുന്ന ചരിത്ര മുഹൂര്‍ത്തമാണ് ഇത്. പലപ്പോഴും മനുഷ്യര്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമകളായി പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് ജില്ലയിലെ ഇലന്തൂരില്‍ ഉള്‍പ്പെടെ അടുത്തിടെ ഉണ്ടായിട്ടുള്ളത്. സമൂഹത്തില്‍ പ്രചരിക്കുന്ന അസത്യങ്ങളെ തിരിച്ചറിഞ്ഞ് അറിവ് കണ്ടെത്തുക എന്നത് ശ്രമകരമായ പ്രവര്‍ത്തനമാണ്. ശിവഗിരി തീര്‍ത്ഥാടനം അറിവിന്റെ തീര്‍ത്ഥാടനമാണ്.

 

കോവിഡിന്റെ ഒരു തരംഗം കൂടി മുന്നില്‍ ഉണ്ടാകുമെന്നുള്ള ജാഗ്രതാ നിര്‍ദേശം നമുക്കുണ്ട്. എന്നാല്‍, നിലവില്‍ കേരളത്തില്‍ കോവിഡ് മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം വളരെ കുറവാണ്. പുതിയ കോവിഡ് കേസുകളും കുറവാണ്. പല രാജ്യങ്ങളിലും ഉണ്ടായിട്ടുള്ള കോവിഡിന്റെ പുതിയ വകഭേദം സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല. എങ്കിലും പരിശോധനകള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട  സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.

 

മൂലൂര്‍ സ്മാരകം പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.സി. രാജഗോപാലന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രൊഫ. ഡി പ്രസാദ്, എസ്എന്‍ഡിപി യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ രവീന്ദ്രന്‍ എസ് എഴുമറ്റൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മാനേജിംഗ് കമ്മിറ്റി അംഗവുമായ രേഖ അനില്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എ.പി. ജയന്‍, ടി.വി. സ്റ്റാലിന്‍, ഡോ കെ.ജി. സുരേഷ്, മനോജ് ദാമോദരന്‍, സംഘാടകസമിതി വൈസ് ചെയര്‍മാന്‍ കെ.എന്‍. രാധാചന്ദ്രന്‍, മൂലൂര്‍ സ്മാരക സമിതി സെക്രട്ടറി വി. വിനോദ്, സംഘാടകസമിതി കോ-ഓര്‍ഡിനേറ്റര്‍ കെ.ജി. സുരേന്ദ്രന്‍, ഡോ. അനുതാര, ശിവഗിരി തീര്‍ത്ഥാടകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.