ശബരിമല: ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്തു സേവനമുനഷ്ഠിക്കുന്ന പോലീസ് സേനാ ഉദ്യോഗസ്ഥരുടെ കര്‍പ്പൂരാഴി ഘോഷയാത്ര ഭക്തിസാന്ദ്രമായി നടന്നു. ദീപാരാധനയ്ക്ക് ശേഷം 6.35ന് കൊടിമരത്തിന് താഴെ ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് കര്‍പ്പൂരാഴിയ്ക്ക് അഗ്‌നി പകര്‍ന്നു. തുടര്‍ന്നു പുലിവാഹനമേറിയ അയ്യപ്പന്റെയും ദേവതകളുടേയും കാവടിയാട്ടത്തിന്റെയും വിളക്കാട്ടത്തിന്റെയും മയിലാട്ടത്തിന്റെയും അകടമ്പടിയോടെ ആരംഭിച്ച കര്‍പ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധിയിലും തുടര്‍ന്ന് നടപ്പന്തലിലും എത്തി.
പതിനെട്ടാം പടിയ്ക്കുതാഴെ ഘോഷയാത്ര സമാപിച്ചു. പുലിപ്പുറത്തേറിയ മണികണ്ഠന്‍, പന്തളരാജാവ്, വെളിച്ചപ്പാട്, വാവര്‍ സ്വാമി, പരമശിവന്‍, പാര്‍വതി, സുബ്ര്ഹ്മണ്യന്‍, ഗണപതി, മഹിഷി, ഗരുഡന്‍ തുടങ്ങിയ ദേവതാവേഷങ്ങളും വാദ്യമേളങ്ങളും വര്‍ണക്കാവടികളും അണിനിരന്ന ഘോഷയാത്ര വൈകിട്ട്് സന്നിധാനത്തു തടിച്ചുകൂടിയ ഭക്തസഹസ്രങ്ങള്‍ക്ക് ഉത്സവക്കാഴ്ചയായി.
സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫിസര്‍ ആര്‍. ആനന്ദ്, അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ പി. നിതിന്‍ രാജ്, ഡിവൈ.എസ്.പിമാരായ സി.പി. അശോകന്‍, പി.കെ. ശിവന്‍കുട്ടി, കെ.ഐ. സജിമോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശബരിമലയില്‍ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.