തങ്ക അങ്കി ഘോഷയാത്ര (ഡിസംബര്‍ 23) ആറന്മുളയില്‍ നിന്നു പുറപ്പെടും
മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര (ഡിസംബര്‍ 23) രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. ഘോഷയാത്ര ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ഇന്ന് (ഡിസംബര്‍ 23) രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തില്‍: (ഡിസംബര്‍ 23) രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം(ആരംഭം). 7.15ന് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം. 7.30ന് പുന്നംതോട്ടം ദേവീ ക്ഷേത്രം. 7.45ന് ചവുട്ടുകുളം മഹാദേവക്ഷേത്രം. 8ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം. 8.30ന് നെടുംപ്രയാര്‍ തേവലശേരി ദേവി ക്ഷേത്രം.
9.30ന് നെടുംപ്രയാര്‍ ജംഗ്ഷന്‍. 10ന് കോഴഞ്ചേരി ടൗണ്‍. 10.15ന് തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷന്‍. 10.30ന് കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം. 11ന് കാരംവേലി. 11.15ന് ഇലന്തൂര്‍ ഇടത്താവളം. 11.20ന് ഇലന്തൂര്‍ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം. 11.30ന് ഇലന്തൂര്‍ ഗണപതി ക്ഷേത്രം. 11.45ന് ഇലന്തൂര്‍ കോളനി ജംഗ്ഷന്‍. 12.30ന് ഇലന്തൂര്‍ നാരായണമംഗലം.
ഉച്ചകഴിഞ്ഞ് രണ്ടിന് അയത്തില്‍ മലനട ജംഗ്ഷന്‍. 2.30ന് അയത്തില്‍ കുടുംബയോഗ മന്ദിരം. 2.40ന് അയത്തില്‍ ഗുരുമന്ദിര ജംഗ്ഷന്‍. 2.50ന് മെഴുവേലി ആനന്ദഭൂദേശ്വരം ക്ഷേത്രം. 3.15ന് ഇലവുംതിട്ട ദേവീക്ഷേത്രം. 3.45ന് ഇലവുംതിട്ട മലനട. 4.30ന് മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം. 5.30ന് കൈതവന ദേവീക്ഷേത്രം. 6ന് പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം. 6.30ന് ചീക്കനാല്‍. രാത്രി 7ന് ഊപ്പമണ്‍ ജംഗ്ഷന്‍. രാത്രി 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം(രാത്രി വിശ്രമം).
ഡിസംബര്‍ 24ന് രാവിലെ 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം(ആരംഭം). 9ന് കൊടുന്തറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം. 10ന് അഴൂര്‍ ജംഗ്ഷന്‍. 10.45ന് പത്തനംതിട്ട ഊരമ്മന്‍ കോവില്‍. 11ന് പത്തനംതിട്ട ശാസ്താക്ഷേത്രം. 11.30ന് കരിമ്പനയ്ക്കല്‍ ദേവിക്ഷേത്രം. 12ന് ശാരദാമഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം. 12.30ന് വിഎസ്എസ് 78-ാം നമ്പര്‍ ശാഖ കടമ്മനിട്ട. ഉച്ചയ്ക്ക് 1ന് കടമ്മനിട്ട ഭഗവതിക്ഷേത്രം(ഉച്ചഭക്ഷണം, വിശ്രമം).
ഉച്ചകഴിഞ്ഞ് 2.15ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം. 2.30ന് കോട്ടപ്പാറ കല്ലേലിമുക്ക്. 2.45ന് പേഴുംകാട് എസ്എന്‍ഡിപി മന്ദിരം. 3.15ന് മേക്കൊഴൂര്‍ ക്ഷേത്രം. 3.45ന് മൈലപ്ര ഭഗവതി ക്ഷേത്രം. 4.15ന് കുമ്പഴ ജംഗ്ഷന്‍. 4.30ന് പാലമറ്റൂര്‍ അമ്പലമുക്ക്. 4.45ന് പുളിമുക്ക്. 5.30ന് വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി. 6.15ന് ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രം. രാത്രി 7.15ന് ചിറ്റൂര്‍ മുക്ക്. രാത്രി 7.45ന് കോന്നി ടൗണ്‍. രാത്രി 8ന് കോന്നി ചിറയ്ക്കല്‍ ക്ഷേത്രം. രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).
ഡിസംബര്‍ 25ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(ആരംഭം). 8ന് ചിറ്റൂര്‍ മഹാദേവ ക്ഷേത്രം. 8.30ന് അട്ടച്ചാക്കല്‍. 9ന് വെട്ടൂര്‍ ക്ഷേത്രം(പ്രഭാതഭക്ഷണം). 10.30ന് മൈലാടുംപാറ, 11ന് കോട്ടമുക്ക്. 12ന് മലയാലപ്പുഴ ക്ഷേത്രം. 1ന് മലയാലപ്പുഴ താഴം. 1.15ന് മണ്ണാറക്കുളഞ്ഞി. 3ന് തോട്ടമണ്‍കാവ് ക്ഷേത്രം. 3.30ന് റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം, വിശ്രമം). 5.30ന് ഇടക്കുളം ശാസ്താക്ഷേത്രം. 6.30ന് വടശേരിക്കര ചെറുകാവ്. രാത്രി 7ന് വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം. രാത്രി 7.45ന് മാടമണ്‍ ക്ഷേത്രം. രാത്രി 8.30ന് പെരുനാട് ശാസ്താ ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).
ഡിസംബര്‍ 26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രം(ആരംഭം). 9ന് ളാഹ സത്രം. 10ന് പ്ലാപ്പള്ളി. 11ന് നിലയ്ക്കല്‍ ക്ഷേത്രം. ഉച്ചയ്ക്ക് 1ന് ചാലക്കയം. 1.30ന് പമ്പ(വിശ്രമം).
പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.
അനധികൃത മൊബൈല്‍
ചാര്‍ജിങ് കേന്ദ്രത്തിന്
എതിരേ നടപടി
ശബരിമല: സന്നിധാനത്ത് അനധികൃത മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് നടത്തിയ കേന്ദ്രത്തിനെതിരേ നടപടി. സന്നിധാനം സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഇന്നലെ (ഡിസംബര്‍ 22)നടത്തിയ പരിശോധനയിലാണു മാളികപ്പുറം ജി.കെ.ഡി. ഗസ്റ്റ് ഹൗസിനു മുന്നില്‍ അനധികൃതമായി മൊബൈല്‍ ബാറ്ററി ചാര്‍ജിങ് കേന്ദ്രം കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ നടപടിക്ക് ഇലക്ട്രിക്കല്‍ വിഭാഗത്തിനു നിര്‍ദേശം നല്‍കി.
കഴിഞ്ഞദിവസം പാണ്ടിതാവളത്തുള്ള ശാസ്താഹോട്ടലിന് സമീപം അനധികൃത മൊബൈല്‍ ബാറ്ററി ചാര്‍ജിങ് പോയിന്റ് സ്ഥാപിച്ച സ്ഥാപനത്തിന് എതിരേ നടപടി സ്വീകരിച്ചിരുന്നു. അയ്യപ്പഭക്തരുടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി കൂടുതല്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡിന് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു.
കുള്ളാര്‍ ഡാം തുറന്നു
പമ്പാ സ്നാന സരസില്‍ മതിയായ ജലനിരപ്പ് ഉറപ്പാക്കുന്നതിനും നദിയില്‍ കോളിഫോം ബാക്റ്റീരിയയുടെ അളവ് നിയന്ത്രിക്കുന്നതിനും ഡിസംബര്‍ 20 മുതല്‍ 27 വരെ കുള്ളാര്‍ ഡാം തുറക്കുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഇതുപ്രകാരം ഡിസംബര്‍ 25 വരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 25,000 ഘനമീറ്ററും 26നും 27നും 40,000 ഘനമീറ്ററും ജലം തുറന്നു വിടും. നേരിയ തോതില്‍ മാത്രമേ നദിയിലെ ജലനിരപ്പ് വര്‍ധിക്കുകയുള്ളു.
പുരുഷ നേഴ്‌സിംഗ് ആഫീസര്‍മാരെ ആവശ്യമുണ്ട്
ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) താഴപ്പറയുന്ന തസ്തികകളിലേക്ക് ദിവസവേതനത്തില്‍ പുരുഷ നേഴ്‌സിംഗ് ആഫീസര്‍മാരെ ആവശ്യമുണ്ട്. നിയമിക്കുന്ന തീയതി മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി.
നേഴ്‌സിംഗ് ആഫീസര്‍ (എണ്ണം 10) അപേക്ഷകര്‍ അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നേഴ്‌സിംഗ് പാസായിട്ടുളളവരും, കേരള നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട കളക്‌ട്രേറ്റില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 9188 166 512.
പ്ലാസ്റ്റിക്കിനെതിരേ ബോധവല്‍ക്കരണുമായി മലേഷ്യന്‍ സ്വാമിമാരുടെ സംഘം
പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരേ അയ്യപ്പഭക്തന്മാര്‍ക്കിടയില്‍ ബോധവല്‍ക്കരണവുമായി മലേഷ്യന്‍ സ്വാമിമാര്‍. ഗുരുസ്വാമിയായ ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ തമിഴ് വംശജരായ മലേഷ്യന്‍ പൗരന്മാരായ അയ്യപ്പഭക്തരുടെ സംഘമാണ് പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരേ ഇന്നലെ സന്നിധാനത്ത് ലഘുലേഖകളുമായി ബോധവല്‍ക്കരണം നടത്തിയത്.
ശബരിമലയില്‍ ഉത്തരവാദിത്ത തീര്‍ഥാടനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ചേര്‍ന്നാണ് പതിവായി ശബരിമല സന്ദര്‍ശനത്തിനെത്തുന്ന മലേഷ്യന്‍ സ്വാമിമാരുടെ സംഘം അയ്യപ്പഭക്തര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയത്. പ്രഫഷണലുകളും വിദ്യാര്‍ഥികളും അടങ്ങുന്നവരാണ് സംഘത്തിലുളളത്.
പലരും പതിറ്റാണ്ടിലേറെയായി എല്ലാവര്‍ഷവും ശബരിമലയിലെത്തുന്നവരാണ്. രണ്ടുതലമുറ മുമ്പേ തമിഴ്‌നാട്ടില്‍ നിന്ന് മലേഷ്യയിലേക്കു കുടിയേറിവരുടെ പിന്മുറക്കാരാണിവര്‍. ‘നിങ്ങളുടെ മാലിന്യം വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകു’ എന്നെഴുതിയ ബാനറുകളുമായി പച്ചനിറത്തിലുള്ള ജാക്കറ്റും അണിഞ്ഞ് സംഘമായാണ് മലേഷ്യന്‍ സ്വാമിമാര്‍ ബോധവല്‍ക്കരണം നടത്തുന്നത്. മകരജ്യോതി ദര്‍ശനത്തിന് 25 മലേഷ്യന്‍ സ്വാമിമാരുടെ മറ്റൊരുസംഘമെത്തുമെന്നും അവരും അയ്യപ്പന്റെ പൂങ്കാവനത്തിലെ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേ ഭക്തര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും ശ്യാംകുമാര്‍ പറഞ്ഞു.
മലചവിട്ടി തളർന്നെത്തുന്നവർക്ക് മസാജ് സൗകര്യവുമായി സന്നിധാനം ആയുർവേദ ആശുപത്രി
ശബരിമല: അയ്യനെകാണാൻ മലചവിട്ടിയെത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസവുമായി സന്നിധാനത്തെ ആയുർവേദ ആശുപത്രിയിലെ മസാജ് ചികിത്സ. പ്രതിദിനം എഴുന്നൂറോളം പേരാണ് ആയുർവേദ ആശുപത്രിയിലെ മസാജ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതെന്ന് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. വി.കെ. വിനോദ് കുമാർ പറഞ്ഞു. ഈ സീസണിൽ ഇതുവരെ 25,109 പേരാണ് സന്നിധാനം ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
കിലോമീറ്ററുകളോളം നീണ്ട കുത്തനെയുള്ള കയറ്റം താണ്ടി കടുത്ത പേശിവേദനയും സന്ധിവേദനയുമായി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തർക്കു വലിയ ആശ്വാസമാണ് ആയുർവേദ ആശുപത്രിയിലെ തിരുമ്മൽ ചികിത്സ. ഭക്തർക്കായി രണ്ടു തെറപ്പിസ്റ്റുകളുടെ സേവനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സ, മർമ്മചികിത്സ എന്നിവയും ഭക്തർക്കായി ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
ഭക്തർക്കൊപ്പം സന്നിധാനത്തെ പൊലീസ് ഉൾപ്പെടെയുള്ള സേവനരംത്തുള്ളവരും ആയുർവേദ ചികിത്സയുടെ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ വിവിധ രോഗങ്ങൾക്കുള്ള സൗജന്യ ചികിത്സയും മരുന്ന് വിതരണവും ആശുപത്രിയിൽ ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്. ഔഷധക്കൂട്ടുകൾ ചേർത്ത് ആവി പിടിക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.
തീർഥാടകരുടെ സൗകര്യാർഥം പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി രണ്ട് ആയുർവേദ ആശുപത്രികളാണ് പ്രവർത്തിക്കുന്നത്. 14 അംഗ സംഘമാണ് സന്നിധാനത്തെ ആയുർവേദ ആശുപത്രിയിൽ സേവനത്തിന് ഉള്ളത്. മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് ഡോക്ടർമാർ, മൂന്ന് ഫാർമസിസ്റ്റുകൾ, രണ്ട് തെറപ്പിസ്റ്റുകൾ, മൂന്ന് അറ്റൻഡർ, ഒരു ശുചീകരണ തൊഴിലാളി, ദേശീയ ആയുഷ് ദൗത്യത്തിന്റെ രണ്ട് പാർട്ട് ടൈം ജീവനക്കാരുമടങ്ങിയതാണ് സംഘം
പുകയില ഉൽപന്നങ്ങൾ പിടികൂടി; 171 കേസുകൾ, 34200 രൂപ പിഴ
ശബരിമല: പമ്പയിലും പരിസരപ്രദേശങ്ങളിലും പമ്പ എക്‌സൈസ് റേഞ്ച് സംഘം ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ 171 കോട്പാ കേസുകൾ രജിസ്റ്റർ ചെയ്തു. 34,200 രൂപ പിഴയീടാക്കി. നിരോധിത പുകയില ഉത്പന്നങ്ങൾ, സിഗരറ്റ് എന്നിവ വിറ്റതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് കേസുകൾ. വിൽപനക്കായി കൊണ്ടുവന്ന അഞ്ചുകിലോ നിരോധിത പുകയില ഉത്പന്നങ്ങൾ, 112 പാക്കറ്റ് സിഗരറ്റ്, 210 പാക്കറ്റ് ബീഡി എന്നിവ പിടികൂടി. ഡിസംബർ 15 മുതൽ 21 വരെ നടത്തിയ പരിശോധനയിലാണ് നടപടി.
ശബരിമലയും പരിസരപ്രദേശങ്ങളും മദ്യം, പുകയില, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ നിരോധിതമേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ താത്കാലിക എക്‌സൈസ് റേഞ്ച് ഓഫീസുകൾ സ്ഥാപിച്ചിട്ടുണ്ട്. പമ്പയിലും പരിസരപ്രദേശങ്ങളിലും ഇവയുമായി ബന്ധപ്പെട്ട പരാതികൾ പമ്പ പോലീസ് കൺട്രോൾ റൂമിന് എതിർവശം ദേവസ്വം ബോർഡ് മരാമത്ത് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന താൽക്കാലിക എക്‌സൈസ് റെയ്ഞ്ച് ഓഫീസിൽ അറിയിക്കാം. ഫോൺ: പമ്പ റെയിഞ്ച്: 04735203432. എക്‌സൈസ് കൺട്രോൾ റൂം പമ്പ: 0473 5203332
നിലയ്ക്കലിൽ പരിശോധന: രണ്ടുഹോട്ടലുകൾക്ക് 20000 രൂപ പിഴ
ശബരിമല: മണ്ഡല-മകരവിളക്കിനോടനുബന്ധിച്ചു നിലയ്ക്കൽ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നിലയ്ക്കൽ ബേസ് ക്യാമ്പ് പരിസരങ്ങളിലെ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ 20,000 രൂപ പിഴ ഈടാക്കി. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നൽകിയതിനു രണ്ടു ഹോട്ടലുകളിൽനിന്നാണ് പിഴത്തുക ഈടാക്കിയത്. ഒരു ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടെത്തിയാൽ ഹോട്ടലുകൾക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നു ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചിട്ടുണ്ട്. അനധികൃതമായി കച്ചവടം നടത്തിയ പൊരി, ലോട്ടറി വിൽപനക്കാരെയും ഒഴിപ്പിച്ചു.
ശബരിമലയിലെ ചടങ്ങുകള്‍
(23.12.2022)
………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്……ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 ന് ശ്രീകോവില്‍ നട അടയ്ക്കും.