റാന്നി പുതിയ പാലത്തിന്റെ 19 (എ) നോട്ടിഫിക്കേഷന്‍ രണ്ട് മാസത്തിനകം ഇറക്കാനാകുമെന്ന് കെആര്‍എഫ്ബി അധികൃതര്‍ അറിയിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വസ്തു ഏറ്റെടുക്കല്‍ നടപടികളില്‍ കുരുങ്ങി റാന്നി വലിയ പാലത്തിന്റെ നിര്‍മ്മാണം രണ്ടുവര്‍ഷത്തോളമായി മുടങ്ങി കിടക്കുകയാണ്. റാന്നി വില്ലേജില്‍ ബ്ലോക്ക്പടി മുതല്‍ രാമപുരം വരെയും മറുകരയില്‍ അങ്ങാടി വില്ലേജിലെ ഉപാസനക്കടവ് മുതല്‍ പേട്ട ജംഗ്ഷന്‍ വരെയുമുള്ള വസ്തുക്കള്‍ ഏറ്റെടുക്കുന്നതിനുള്ള റവന്യൂ നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി റവന്യൂ വകുപ്പ് 11(1) നോട്ടിഫിക്കേഷന്‍ നേരത്തെ ഇറങ്ങിയിരുന്നു. റവന്യൂ അധികൃതര്‍ റോഡിന് ആവശ്യമായ വസ്തു അളന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് 19 (എ) നോട്ടിഫിക്കേഷന്‍ ഇറക്കുന്നത്.
19 (എ) നോട്ടിഫിക്കേഷന്‍ ഇറക്കിയാല്‍ അഡ്വാന്‍സ് പൊസഷന്‍ വാങ്ങി വസ്തു ഉടമകളുടെ അനുമതിയോടെ സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിക്കാനാകും. നിര്‍മ്മാണത്തിനോടൊപ്പം തന്നെ റവന്യൂ നടപടികളിലൂടെ ആളുകള്‍ക്ക് വസ്തുവിന്റെ വില നിശ്ചയിച്ച് നല്‍കാനും സാധിക്കും.
പമ്പാ നദിയുടെ റാന്നി- അങ്ങാടി കരകളെ ബന്ധിപ്പിച്ച് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. റാന്നി, മാമുക്ക് ഇട്ടിയപ്പാറ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന പാലം ബ്ലോക്ക്പടി മുതല്‍ പൊന്തന്‍പുഴ വരെ സംസ്ഥാനപാതയ്ക്ക് സമാന്തരപാത തീര്‍ക്കും. ഇത് റാന്നിയുടെ സമഗ്ര വികസനത്തിന് വഴി തെളിക്കും. ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദ്ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് മുന്നില്‍ കണ്ടുകൊണ്ടാണ് ഈ വികസന രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
26 കോടി രൂപയാണ് പാലം നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്നത്. നദിയിലെ തൂണുകളുടെ നിര്‍മ്മാണം ഭാഗികമായി നടത്തിയെങ്കിലും സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡുകള്‍ നിര്‍മ്മിച്ചാല്‍ മാത്രമേ ബാക്കി നിര്‍മ്മാണം ആരംഭിക്കാനാകൂയെന്നതിനാലാണ് നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുന്നത്.