konnivartha.com : കലഞ്ഞൂരില്‍ പുലി ഇറങ്ങിയ സ്ഥലങ്ങളില്‍ ഉടന്‍ ഡ്രോണ്‍ പരിശോധന നടത്തുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പുലി ഭീഷണി നേരിടുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിലയിരുത്തുന്നതിന് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വനം – റവന്യു -പഞ്ചായത്ത് അധികൃതരുടെ സംയുക്ത യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.
ഏറ്റവും അടുത്ത ദിവസം തന്നെ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ ഡ്രോണ്‍ പരിശോധന നടത്തും. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ സേനയെ വിന്യസിച്ച് ക്യാമ്പ് ചെയ്ത് പട്രോളിംഗ് ശക്തിപ്പെടുത്തും.
പുലിയിറങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കും. കൂടല്‍ പ്രദേശത്തെ വീട്ടുമുറ്റത്ത് ആണ് ഇത്തവണ പുലി എത്തിയിരിക്കുന്നത്. ആശങ്കകള്‍ പരിഹരിച്ച് ജനങ്ങളെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
വനം വകുപ്പ് ആദ്യഘട്ടത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ട്. വനം വകുപ്പ് ആറ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പട്രോളിംഗ് നടത്തി വരികയാണ്. ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. കൂടിന് സമീപം വനം വകുപ്പ് ഉദ്യോഗസ്‌ഥരും ഡ്യൂട്ടിയിലുണ്ട്. നവംബര്‍ 27 മുതലാണ് കലഞ്ഞൂരിലെ ജനവാസ കേന്ദ്രങ്ങളില്‍ പുലി ഇറങ്ങിയത്.
കൂടു സ്ഥാപിച്ച പാക്കണ്ടത്ത് എംഎല്‍എയും സംഘവും പരിശോധന നടത്തി. ജനങ്ങളോട് സംസാരിച്ച ശേഷമാണ് എംഎല്‍എ മടങ്ങിയത്. കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ ഘോരി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ജയകുമാര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, കോന്നി തഹസിൽദാർ അച്ചൻ കുഞ്ഞ്, കലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി മൈക്കിൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു