Trending Now

സ്ത്രീസമൂഹം ഒറ്റക്കെട്ടായി അതിക്രമങ്ങളെ എതിര്‍ക്കണം: ജില്ലാ പോലീസ് മേധാവി

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ സ്ത്രീസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ സ്‌നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ നിര്‍മാര്‍ജന ദിനാചരണത്തോട് അനുബന്ധിച്ച് ആറന്മുള യുവജന  സാംസ്‌കാരിക ശാലയ്ക്ക് സമീപം സംഘടിപ്പിച്ച സുരക്ഷിതമോ പൊതു ഇടങ്ങള്‍ സംവാദ പരിപാടി സമ 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്‍.ആര്‍.എല്‍.എം പദ്ധതി മുഖേന ദേശീയ വ്യാപകമായി 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ വിവിധ പരിപാടികളോടെ ജെന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ലിംഗപദവി സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്നതാണ് ക്യാമ്പയിന്റെ തീം. സംവാദ പരിപാടിയോടൊപ്പം ജെന്‍ഡര്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ജെ. ഇന്ദിരാദേവി  നിര്‍വഹിച്ചു. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏറ്റെടുത്തു നടപ്പാക്കുക വഴി ലിംഗതുല്യത, ലിംഗനീതി, സമത്വം എന്നിവ ഉറപ്പാക്കുന്നതിനും സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനും സാധിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍  പി.ആര്‍. അനുപ  വിഷയാവതരണവും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിജി ചെറിയാന്‍ മുഖ്യപ്രഭാഷണവും നടത്തി. തുടര്‍ന്ന് നടന്ന സുരക്ഷിതമോ പൊതു ഇടങ്ങള്‍ സംവാദ പരിപാടിയില്‍ സദാമ്മ, രജനി വരദരാജന്‍, ശാലിനി, ഷീജ ബീഗം, പ്രദീപ് നീലാംബരി,  അംബികയും വത്സലയും, മാലിനി, ഉഷകുമാരി, സോമവല്ലി തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നതും പ്രശ്‌നങ്ങളെ നിസാരവല്‍ക്കരിക്കുന്നതുമാണ് കൂടുതല്‍ അതിക്രമങ്ങളിലേക്ക് നയിക്കുന്നത്. പൊതുഇടങ്ങള്‍ സ്ത്രീക്ക് അന്യമാകുന്നത് സ്ത്രീകളുടെ ആവശ്യമായി അത് ഉയര്‍ന്ന് വരാത്തതുകൊണ്ടാണ്. സ്ത്രീകളുടെ ശബ്ദം കുടുംബങ്ങളില്‍ നിന്നുതന്നെ  ഉയര്‍ന്നുവരണം.

 

ആണ്‍പെണ്‍ തുല്യത ഉള്ള കുടുംബാന്തരീക്ഷം ഉണ്ടാകണം. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം. ചോദ്യം ചോദിക്കുവാനുള്ള ആര്‍ജവം, അതിക്രമം നടത്തുന്നവരെ നോട്ടംകൊണ്ട് പിന്‍തിരിപ്പിക്കാനുള്ള ധൈര്യം, ആത്മവിശ്വാസം എന്നിവ നേടിയെടുക്കുകയും വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാനുള്ള ധൈര്യം കാണിക്കുകയും അതിക്രമങ്ങളെ ഒന്നിച്ച് പ്രതിരോധിക്കാനുള്ള ശേഷിയുമാണ് സ്ത്രീകള്‍ക്ക് ആവശ്യമെന്ന് പാനല്‍ അംഗങ്ങളായ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പ്രിയങ്ക പ്രതാപ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നീം, സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായ അഡ്വ. പി.വി. വിജയമ്മ, സാന്ത്വനം സുരക്ഷാ പ്രോജക്ട് മാനേജര്‍ വിജയ നായര്‍, ലീഡ് സ്‌കൂള്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേറ്റ് ഡയറക്ടര്‍ നോബിന്‍ മത്തായി എന്നിവര്‍  അഭിപ്രായപ്പെട്ടു.

ഗൃഹലക്ഷ്മി സബ് എഡിറ്റര്‍ വി. പ്രവീണ പ്രോഗ്രാം മോഡറേറ്ററായി. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രദീപ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സലാ വാസു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ശാമുവല്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീരേഖ ആര്‍ നായര്‍, വാര്‍ഡ് മെമ്പര്‍മാരായ എസ്. ശ്രീലേഖ, റോസമ്മ മത്തായി, സജീവ് കെ ഭാസ്‌കര്‍, മിനി ജിജു ജോസഫ്, അമല്‍ സത്യന്‍, പുരുഷോത്തമന്‍ നായര്‍, സതീദേവി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഡി. ശ്രീകുമാരി, സ്‌നേഹിത കൗണ്‍സിലര്‍ ട്രീസ. എസ്. ജെയിംസ്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എസ്. മാലിനി എന്നിവര്‍ സംസാരിച്ചു. സ്‌നേഹിത ഉദ്യോഗസ്ഥര്‍, ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍മാര്‍, സിഡിഎസ് അക്കൗണ്ടന്റ്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സിഡിഎസ്-എഡിഎസ് അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പടെ 200 ല്‍ അധികം ആളുകള്‍ പങ്കെടുത്തു.