Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 17/11/2022 )

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാനം തുടങ്ങി

konnivartha.com : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട്അനുബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെ സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിച്ചു.

അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്മാര്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നിര്‍വഹിച്ചു. മൂന്നു നേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും. രാവിലെ ഏഴു മുതല്‍ 11 വരെ ഉപ്പുമാവും, കടലയും, ചുക്ക്കാപ്പിയും 12.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നര വരെ പുലാവും സാലഡും അച്ചാറും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണവും, വൈകുന്നേരം ഏഴു മുതല്‍ കഞ്ഞിയും ലഭിക്കും. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നതാണ് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപം. നിലവില്‍ ഒരു സ്പെഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേരാണ് ഇവിടെ സേവനം ചെയ്യുന്നത്.

ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍,ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശബരിമല തീര്‍ഥാടനം: ജലവിഭവ വകുപ്പിന്റെ സജ്ജീകരണങ്ങള്‍ പൂര്‍ണം- മന്ത്രി റോഷി അഗസ്റ്റിന്‍
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ജലവിഭവ വകുപ്പിന്റെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പമ്പയില്‍ ചേര്‍ന്ന ജലവിഭവ വകുപ്പിന്റെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ശബരിമലയിലെത്തുന്ന ഭക്തന്മാര്‍ക്ക് ശുദ്ധജലമെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വാട്ടര്‍ ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്നതിന് ഒന്‍പത് ടാങ്കറിനു പുറമേ അഞ്ചു ടാങ്കറുകള്‍ കൂടി എത്തിക്കും. നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കറുകളും എത്തിക്കും. ഏതു സമയവും ആവശ്യമായ വെള്ളമുണ്ടെന്ന് ഉറപ്പു വരുത്തണം. നിലയ്ക്കലെ ടാങ്കുകളിലേക്ക് പമ്പയില്‍ നിന്നും പ്ലാപ്പള്ളിയിലേക്ക് മഠത്തുംമൂട്ടില്‍ നിന്നും വെള്ളം എത്തിക്കും.

വകുപ്പുകള്‍ എല്ലായ്‌പ്പോഴും ജാഗരൂകരായിരിക്കണം. 181 കിയോസ്‌കുകളും 122 പബ്ലിക് ടാപ്പുകളും സജ്ജമാണ്. നിലയ്ക്കലില്‍ അഞ്ച് ആര്‍ഒ പ്ലാന്റുകളും, പമ്പയില്‍ 11 ആര്‍ഒ പ്ലാന്റുകളും സജ്ജമാണ്. ജലസംഭരണികളില്‍ പരമാവധി വെള്ളം സംഭരിച്ചു വയ്ക്കണം. അപകടസാധ്യതയുള്ള കടവുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും. നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ചൂടുവെള്ളവും, പച്ച വെള്ളവും വിതരണം ചെയ്യും. സാധ്യമായ എല്ലാ പ്രവര്‍ത്തികളും വകുപ്പ് നടത്തും. ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍ പരിശോധന ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ശബരിമല എഡിഎം ടി.ജി. ഗോപകുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശബരിമല തീര്‍ഥാടനം: ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ 21ന് പമ്പയില്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ നവംബര്‍ 21ന് രാവിലെ 11ന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ യോഗം ചേരും.

ശബരിമല എഡിഎമ്മിന്റെ ചുമതല ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ക്ക്
പത്തനംതിട്ട ദുരന്തനിവാരണവിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാറിന് ശബരിമല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ടിന്റെ അധിക ചുമതല നല്‍കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

നവീകരിച്ച നീലിമല പാത തീര്‍ഥാടകര്‍ക്കായി തുറന്നു നല്‍കി
കല്ലുപാകി നവീകരിച്ച നീലിമല പാത ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത പാതയിലെ കുത്തനെയുള്ള കയറ്റവും വലിയ പടിക്കെട്ടുകളും ഇതോടെ ഇല്ലാതെയായി. നീലിമല, അപ്പാച്ചിമേട് കയറ്റത്തിന്റെ ബുദ്ധിമുട്ടുകളും കുറയും. പാതയില്‍ കൈവരികളും അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സുകള്‍ കയറുന്നതിനു സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കല്ലുകള്‍ പാകിയിരിക്കുന്നത്. കര്‍ണാടകയിലെ സാദര്‍ഹള്ളി, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കല്ലുകള്‍ എത്തിച്ചിരിക്കുന്നത്.  പമ്പയില്‍ നിന്നും ശരംകുത്തിവരെ ഏഴു മീറ്റര്‍ വീതിയുള്ള 2,770 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാതയിലാണ് 12.10 കോടി രൂപ ചിലവില്‍ കല്ലുകള്‍ പാകിയിരിക്കുന്നത്. ഗണപതി അമ്പലത്തിന് ചുറ്റും 2.76 കോടി രൂപ ചിലവിലും കല്ലുകള്‍ പാകിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം സെക്രട്ടറി കെ. ബിജു, ഐജി പി. വിജയന്‍, ശബരിമല എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പവിത്രം ശബരിമല ശുചീകരണ പദ്ധതിക്ക് തുടക്കമായി
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ച ശുചീകരണ യജ്ഞ പരിപാടി പവിത്രം ശബരിമലയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്നിധാനത്ത് നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് ജീവനക്കാരും  വിവിധ വകുപ്പ് ജീവനക്കാരും  ചേര്‍ന്ന് സന്നിധാനവും പരിസര പ്രദേശങ്ങളും  ശുചീകരിച്ചു. മണ്ഡല കാലത്ത് എല്ലാ ദിവസവും പവിത്രം ശബരിമല പദ്ധതിയുടെ ഭാഗമായി ഭക്തരെ ഏകോപിപ്പിച്ച് ശുചീകരണ യജ്ഞം നടപ്പാക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ 2023 ഡയറിയും ദേവസ്വം വകുപ്പ് മന്ത്രി  പ്രകാശനം ചെയ്തു. സന്നിധാനത്തെ ദേവസ്വം ബോര്‍ഡ് ബുക്ക് സ്റ്റാളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ഡയറികള്‍ വാങ്ങാം. 200, 80 രൂപ നിരക്കില്‍ ഡയറികള്‍ ലഭ്യമാകും.
എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അയ്യപ്പഭക്തര്‍ക്ക് വിവരങ്ങള്‍ അറിയാന്‍ ഇ-ബുള്ളറ്റിന്‍
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഇ-ബുള്ളറ്റിന്‍ ‘സന്നിധാനം’ തയാറായി.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ദേവസ്വം വകുപ്പും ചേര്‍ന്നു തയാറാക്കിയ ഇ-ബുള്ളറ്റിന്‍ ഭക്തര്‍ക്ക് ലഭ്യമാക്കും. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ബുള്ളറ്റിന്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല സന്നിധാനത്തെ ശബരി ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഇ-ബുള്ളറ്റിന്‍ പ്രകാശനം നിര്‍വഹിച്ചു.

എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തീര്‍ഥാടനത്തിന് എത്തുന്നവര്‍ വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത് നിര്‍ബന്ധമായതിനാല്‍ വെര്‍ച്വല്‍ ക്യൂ ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള ഇന്ററാക്ടീവ് ലിങ്കുകള്‍ ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തെ സംബന്ധിച്ച പ്രധാനപ്പെട്ട തീയതികള്‍, ശബരിമല പൂജാസമയം, ഭക്തര്‍ക്കുള്ള പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍, ഹെല്‍പ് ലൈന്‍ നമ്പറുകള്‍ എന്നിവ ഇ-ബുള്ളറ്റിനിലൂടെ അറിയാം. പ്രധാനപ്പെട്ട വഴിപാടുകളും അവയുടെ നിരക്കുകളും ഉണ്ട്. അയ്യപ്പ ഭക്തര്‍ക്ക് സ്‌പോട്ട് ബുക്കിംഗിനായി ഒരുക്കിയിരിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട 12 കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഇ- ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്.
തീര്‍ഥാടകര്‍ക്കുള്ള നിര്‍ദേശങ്ങള്‍  വിശദമായി ഇ- ബുള്ളറ്റിനില്‍ പ്രതിപാദിക്കുന്നു. അയ്യപ്പസന്നിധിയില്‍ എത്തുന്നതിന് ഭക്തര്‍ ഏത് പാത ഉപയോഗിക്കണം എന്നു തുടങ്ങി, അയ്യപ്പന് കാണിക്ക എങ്ങനെ സമര്‍പ്പിക്കണം എന്നുവരെയുള്ള വിവരങ്ങള്‍  ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.  ശബരിമലയുടെ പരിശുദ്ധി നിലനിര്‍ത്താന്‍ ഭക്തര്‍ ജാഗ്രതയോടെ പാലിക്കേണ്ടുന്ന കാര്യങ്ങളും  ഇ- ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്. അയ്യപ്പന്റെ പൂങ്കാവനം പ്ലാസ്റ്റിക് വിമുക്തമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇതില്‍ ഊന്നിപ്പറയുന്നു. പുണ്യ നദിയായ പമ്പ മലിനമാക്കാതെ സംരക്ഷിക്കേണ്ടത് ഭക്തരുടെ ഉത്തരവാദിത്തമാണെന്ന സന്ദേശവും ഇ- ബുള്ളറ്റിന്‍ പകര്‍ന്നു നല്‍കുന്നു.

 

പുണ്യം പൂങ്കാവനം പദ്ധതിക്കു തുടക്കമായി

ശബരിമലയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനായി സംസ്ഥാന പോലീസ് സേനയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്തെഉദ്ഘാടനം സന്നിധാനത്ത് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ശബരിമലയെ ശുചിയായി സൂക്ഷിക്കുക, തീര്‍ഥാടനകാലത്ത് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ വസ്തുക്കള്‍ പ്രകൃതിക്ക് ഹാനികരമാകുന്നത് തടയുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

2011ല്‍ ഐജി പി. വിജയന്റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. മാലിന്യങ്ങള്‍ വനമേഖലയിലെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത് ഫലപ്രദമായി തടയുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം തീര്‍ഥാടകരില്‍ എത്തിക്കാന്‍ പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പുണ്യം പൂങ്കാവനം പദ്ധതി ശബരിമല ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ ആയിരത്തില്‍പരം ക്ഷേത്രങ്ങളില്‍ നടപ്പാക്കി വരുകയാണ്.
പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കള്‍ പ്രകൃതിക്ക് ഹാനികരമാകുന്നത് തടയുന്നതിനാണ് പദ്ധതി മുഖ്യമായും ലക്ഷ്യമിടുന്നത്. വലിയ തോതില്‍ നിക്ഷേപിക്കപ്പെടുന്ന ഇത്തരം മാലിന്യങ്ങള്‍ വനമേഖലയിലെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ.് ഇത് ഫലപ്രദമായി തടയുന്നതിന് പുണ്യംപൂങ്കാവനം പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ചവറ്റുകുട്ടയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ശീലം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് ബോധവല്‍ക്കരണം തീര്‍ഥാടകരില്‍ ഫലപ്രദമായി എത്തിക്കാന്‍ പുണ്യംപൂങ്കാവനം പദ്ധതിയിലൂടെ കഴിഞ്ഞിട്ടുള്ളതിന്റെ ലക്ഷണമാണ്.
എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍,ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇ- കാണിക്കയുടെ ഉദ്ഘാടനം ദേവസ്വം മന്ത്രി നിര്‍വഹിച്ചു
ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ശബരിമലയിലും തീര്‍ഥാടകര്‍ക്കായി ഇ-കാണിക്ക സേവനം സജ്ജമാക്കി. ഇ-കാണിക്കയുടെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്നിധാനത്ത് നിര്‍വഹിച്ചു. ഭീം യുപിഐ ഇന്റര്‍ഫേസ് ഉപയോഗിപ്പെടുത്തിയാണ് ഭക്തര്‍ക്ക് ഇ-കാണിക്ക അര്‍പ്പിക്കാന്‍ ധനലക്ഷ്മി ബാങ്ക് മുഖേന അവസരമൊരുക്കിയിട്ടുള്ളത്.
ഗൂഗിള്‍ പേ, ഫോണ്‍പേ പോലുള്ള ഏതെങ്കിലും ഡിജിറ്റല്‍ ഇന്റര്‍ഫേസ് മുഖേന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഭക്തര്‍ക്ക് കാണിക്ക സമര്‍പ്പിക്കാം. സന്നിധാനത്ത് രണ്ട് ഇടങ്ങളിലാണ് ഇ- കാണിക്ക സൗകര്യമുള്ളത്. ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ഇ-കാണിക്ക സൗകര്യം ഒരുക്കിയിട്ടുള്ളത്.  ഇ- കാണിക്കയിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്ക നേരിട്ട് ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് എത്തും. ധനലക്ഷ്മി ബാങ്ക് സന്നിധാനത്ത് ആരംഭിച്ച സീസണല്‍ ബ്രാഞ്ചും ദേവസ്വം മന്ത്രി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം. തങ്കപ്പന്‍,ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എം.ആര്‍. അജിത് കുമാര്‍, ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ധനലക്ഷ്മി ബാങ്ക് റീജിയണല്‍ മാനേജര്‍ അരുണ്‍ സോമനാഥന്‍ നായര്‍, ജനറല്‍ മാനേജര്‍ സി. ചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തും; ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി: മന്ത്രി കെ. രാധാകൃഷ്ണന്‍

മഹാപ്രളയവും മാഹാമാരിയും കാരണം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതിനാല്‍ ഇക്കുറി കൂടുതല്‍ തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. വിവിധ വകുപ്പ് മേധാവികളുമായി ശബരിമല ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടത്തിയ ആലോചനായോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇത് കുറച്ചുകൂടി ഫലപ്രദമാക്കുന്നതിനുള്ള തീരുമാനങ്ങള്‍ യോഗം കൈകൊണ്ടതായും അദ്ദേഹം അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ അടഞ്ഞുകിടന്ന കാനന പാതകള്‍ ഇക്കുറി ഭക്തര്‍ക്ക് തുറന്നുനല്‍കിയിട്ടുണ്ട്. പുല്ലുമേടു വഴി വരുന്നവര്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പും എരുമേലി വഴി വരുന്നവര്‍ വൈകിട്ട് നാലിന് മുമ്പും കാനനപാതയില്‍ പ്രവേശിക്കേണ്ടതാണ്.
ഈ വഴികളിലുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏറെക്കാലമായി അടഞ്ഞുകിടന്നതിനാല്‍ വന്യജീവികളുടെ ഇടപെടലുകള്‍ കുടുതലായി ഉണ്ടാകുന്ന പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാമ്പുകളുടെ സാന്നിധ്യം ഇക്കുറി കൂടുതല്‍ ഉണ്ടാവും. സന്നിധാനത്തുപോലും പാമ്പുകള്‍ എത്തുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തര ഇടപെടലുകള്‍ക്കും, അവശ്യസാഹചര്യങ്ങളില്‍ അടിയന്തര ചികിത്സയ്ക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ശക്തമായ ആരോഗ്യ സുരക്ഷ
ശബരിമലയില്‍ ഇക്കുറി ഒന്‍പത് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് അലോപ്പതി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ ചികിത്സാ കേന്ദ്രങ്ങളും പാരാമെഡിക്കല്‍ സ്റ്റാഫുകളും മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. സന്നിധാനത്ത് മിനി ഓപ്പറേഷന്‍ പോലും സാധ്യമാണ്. ആയുര്‍വേദ, ഹോമിയോ വകുപ്പുകളും നേരത്തേതന്നെ തങ്ങളുടെ ചികിത്സാ വിഭാഗങ്ങളെ സജ്ജരാക്കിക്കഴിഞ്ഞു.

സേവനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പോലീസ്, വനം, ഫയര്‍ഫോഴ്സ്
പോലീസ്, ഫയര്‍ഫോഴ്സ്, വനം വകുപ്പുകളും സേവനതത്പരരായി രംഗത്തുണ്ട്. ഭക്തര്‍ക്ക് യതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം ഇനിയും വര്‍ധിക്കാമെന്നതിനാല്‍ സേവനത്തില്‍ വീഴ്ചകള്‍ ഉണ്ടാകാതെ നോക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ലഭ്യത ഉണ്ടാവാതെ നോക്കാന്‍ ആവശ്യമായ പരിശോധനകള്‍ കുടുതല്‍ ശക്തമാക്കാന്‍ എക്സൈസ് വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെള്ളവും വെളിച്ചവും ഉറപ്പാക്കുന്നു
കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത വരും നാളുകളില്‍ കൂടുതല്‍ ഒരുക്കേണ്ടിവരും. ഇതിനുള്ള മുന്നൊരുക്കം നടത്താന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുണ്ട്. സന്നിധാനത്തേക്കുള്ള വഴികളില്‍ കുടുതല്‍ ഭാഗങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കേണ്ടതുണ്ട്. സന്നിധാനത്ത് 24 മണിക്കൂര്‍ തടസമില്ലാതെ ജലം ലഭ്യമാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജല അതോറിട്ടിയോട് നിര്‍ദേശിച്ചു. പാതകളില്‍ കൂടുതല്‍ പ്രദേശത്ത് വെളിച്ചവിതാനം ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബിയോടും നിര്‍ദേശിച്ചിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇത് ആവശ്യമാണ്.

ശുദ്ധിയിലും ശ്രദ്ധ
കൂടുതല്‍ ഭക്തരെത്തുമെന്നതിനാല്‍ പുണ്യം പൂങ്കാവനം പദ്ധതി കൂടുതല്‍ ശ്രദ്ധയോടെ നടപ്പാക്കണം. ഭക്തര്‍ക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് ആവശ്യമായ സൗകര്യം കുടുതലായി ഒരുക്കണം. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാതയോരങ്ങളില്‍ ഭക്തര്‍ പ്രാഥമിക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന സാഹചര്യം പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിയണം. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശുചിത്വമിഷന്‍ ഇക്കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കും. കുടുതല്‍ പ്രദേശങ്ങളില്‍ ഡസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. കൃത്യമായ സമയങ്ങളില്‍ ഇവ നീക്കം ചെയ്യുകയും ചെയ്യണം.

സഹായത്തിന് മറ്റ് ദേവസ്വം ബോര്‍ഡുകളും
അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സഹായമൊരുക്കാന്‍ മറ്റ് ദേവസ്വം ബോര്‍ഡുകളോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. ഇതിന് അവര്‍ സന്നദ്ധത അറിയിച്ചും കഴിഞ്ഞു. മറ്റ് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളോട് ചേര്‍ന്ന് അയ്യപ്പഭക്തര്‍ക്കായി ഇടത്താവളം ഒരുക്കും. ഇവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും നിര്‍ദേശങ്ങളും ലഭ്യമാക്കും.

അരവണയും അപ്പവും തയ്യാര്‍; കരുതലും
ഭക്തര്‍ക്ക് വിതരണം ചെയ്യാനായി അരവണപായസം 16 ലക്ഷം കണ്ടയ്നറുകളില്‍ നിറച്ച് തയാറാക്കിയിട്ടുണ്ട്. ഒരു ലക്ഷം കണ്ടെയ്നറുകളില്‍ നിറയ്ക്കുന്നതിനുള്ള പായസം തയാറായിട്ടുണ്ട്. പ്രതിദിനം 1.75 ലക്ഷം കണ്ടയ്നര്‍ പായസമാണ് തയാറാക്കുന്നത്. അപ്പം വിതരണത്തിനും കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ട് ലക്ഷം പായ്ക്കറ്റ് അപ്പം വിതരണത്തിന് ലഭ്യമാക്കിയിട്ടുണ്ട്. 1.5 ലക്ഷം അപ്പം പായ്ക്കറ്റുകളിലേക്ക് നിറയ്ക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ്, അഡ്വ. പ്രമോദ് നാരായണ്‍, ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എംആര്‍ അജിത് കുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ എന്നിവരും വാര്‍ത്താ സേമ്മളനത്തില്‍ സന്നിഹിതരായിരുന്നു.

ശബരിമല വിശേഷങ്ങള്‍ (18.11 2022)

പുലര്‍ച്ചെ 2.30 മണിക്ക് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.35 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
7.30 ന്  ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
തുടര്‍ന്ന് …..കളഭാഭിഷേകം
12.30ന്  ……ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

ശബരിമലയില്‍ നിന്നുള്ള ചിത്രങ്ങള്‍ 

പുണ്യം പൂങ്കാവനത്തിൻ്റെ ഓഫീസ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

അയ്യപ്പ സേവാ സംഘത്തിൻ്റെ അന്നദാന മണ്ഡപം മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിക്കുന്നു

ധനലക്ഷ്മി ബാങ്കിൻ്റെ  ഇ- കാണിക്ക മന്ത്രി ഉദ്ഘാടനം ചെയ്യുന്നു

സന്നിധാനത്ത് നടന്ന പത്ര സമ്മേളനത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ സംസാരിക്കുന്നു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ദേവസ്വം വകുപ്പും ചേര്‍ന്നു തയാറാക്കിയ ഇ-ബുള്ളറ്റിന്റെ പ്രകാശനം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കുന്നു .

ദേവസ്വം ഡയറി മന്ത്രി കെ രാധാകൃഷ്ണൻ പ്രകാശനം ചെയ്യുന്നു.

പവിത്രം ശബരിമലയുടെ ബാനർ മന്ത്രി പ്രകാശനം ചെയ്യുന്നു.