konnivartha.com : മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായ നഗരത്തിലെ ശബരിമല ഇടത്താവളം നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ തീർത്ഥാടകർക്കായി തുറന്നുകൊടുത്തു. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് ഇടത്താവളം ഭക്തർക്ക് തുറന്നുകൊടുത്തിട്ടുള്ളത്.
ഭക്തർക്ക് വിരി വയ്ക്കാനും ഭക്ഷണം പാകം ചെയ്യാനും വിശ്രമിക്കാനുമായി എല്ലാ സൗകര്യങ്ങളും ഇടത്താവളത്തിൽ തയ്യാറായിട്ടുണ്ട്. ഇതിനായി പ്രത്യേക ഡോർമെറ്ററികൾ, വിറകുപുര, ആൽത്തറ തുടങ്ങിയവ സജ്ജമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാന കൗണ്ടർ, ശൗചാലയങ്ങൾ,പോലീസ് എയിഡ് പോസ്റ്റ് അടക്കം വിപുലമായ സൗകര്യങ്ങളാണ് നഗരസഭ തീർത്ഥാടകർക്കായി ഇടത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ ഹോമിയോ, ആയുർവേദ, അലോപ്പതി ചികിത്സ കേന്ദ്രങ്ങളും തീർഥാടകർക്കായി ഒരുക്കിയിട്ടുണ്ട്. തീർത്ഥാടനകാലത്ത് ഇടത്താവളത്തിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി. കൂടാതെ അയ്യപ്പസേവാസമാജത്തി ൻറെ സേവനവും തീർത്ഥാടകർക്കായി ഇടത്താവളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.