Trending Now

വിവാദം ഒഴിയാതെ പുണ്യമല : മാനംമര്യാദയുള്ള സ്ത്രീകളാരും ശബരിമലയില്‍ കയറില്ല

ശബരിമലയെ തായ്‌ലന്റ് ആക്കരുതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദപ്രസ്താവനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. കോടതി വിധി വന്നാലും മാനംമര്യാദയുള്ള സ്ത്രീകളാരും ശബരിമലയില്‍ കയറില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയെ തായ്‌ലന്റ് ആക്കരുതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍ 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് ബോര്‍ഡിന്റെ നിലപാടെന്ന് പ്രയാര്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രയാര്‍.

സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പ്രവേശനത്തെ അനുകൂലിച്ച് 2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഈ സത്യവാങ്മൂലം പരിഗണിക്കരുതെന്നും, സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ല എന്നും വ്യക്തമാക്കി മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ 2007 ലെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും, സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിക്കണമെന്നും കോടതിയെ അറിയിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മന്ത്രി മറുപടി നല്‍കുന്നത്.

മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രീ. പ്രയാര്‍ ഗോപാലകൃഷ്ണന്‍ സ്ത്രീസമൂഹത്തെയും, അയ്യപ്പഭക്തരെയും ഒരു പോലെ അപമാനിച്ചിരിക്കുകയാണ്. ശബരിമലയെ തായ് ലാന്‍ഡ് ആക്കാന്‍ അനുവദിക്കില്ലെന്ന് പ്രയാര്‍ പറഞ്ഞതായി കണ്ടു. എന്ത് താരതമ്യമാണ് പ്രയാര്‍ നടത്തിയിരിക്കുന്നത്. ഈ പ്രയോഗത്തിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത്. ശബരിമലയില്‍ 10 വയസ്സിന് താഴെയുള്ളതും അമ്പത് വയസിന് മുകളിലുള്ളതുമായ സ്ത്രീകള്‍ക്ക് നിലവില്‍ തന്നെ ഒരു വിലക്കുമില്ല. അവരെയെല്ലാം മോശം പ്രതികരണത്തിലൂടെ അവഹേളിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയ്തിരിക്കുന്നത്. കോടതി അനുവദിച്ചാലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ല എന്ന് പ്രയാര്‍ പറയുന്നത് എന്ത് അര്‍ത്ഥത്തിലാണ്. ശബരിമല കയറുന്നവരെല്ലാം മോശക്കാരാണെന്നാണോ ? സംസ്‌കാരശൂന്യമായ ജല്‍പ്പനങ്ങള്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് നടത്തുന്നത് അംഗീകരിക്കാനാകില്ല. കോടതിവിധിയെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ഒരു മുന്‍വിധിയുമില്ല. കോടതിവിധി എന്ത് തന്നെയായാലും അത് സംസ്ഥാനസര്‍ക്കാരും, ദേവസ്വംബോര്‍ഡും അംഗീകരിച്ചേ മതിയാകൂ. ഈ സാഹചര്യത്തില്‍ കോടതിയെ വെല്ലുവിളിക്കുകയും, ശബരിമലയെയും അയ്യപ്പഭക്തരെയും സ്ത്രീസമൂഹത്തെയും അവഹേളിക്കുകയുമാണ് പ്രയാര്‍ ചെയ്തിരിക്കുന്നത്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ചാല്‍ അവിടം പ്രയാര്‍ കരുതുന്നത് പോലെ മോശമാകുമെങ്കില്‍ ഇത്തരം വിലക്കുകളില്ലാത്ത ക്ഷേത്രങ്ങളെ കുറിച്ച് എന്ത് പ്രതിച്ഛായയാണ് അദ്ദേഹം നല്‍കുന്നത്. സ്വന്തം മനസിലെ ദുഷിച്ച ചിന്തകള്‍ വിളമ്പാനുള്ള പദവിയല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനമെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഉണ്ടാകണം.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് സ്ഥാനത്തിന് നിരക്കാത്ത ഈ വിവാദപ്രസ്താവന പിന്‍വലിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാപ്പ് പറഞ്ഞേ മതിയാകൂ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!