konnivartha.com : ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കോയിപ്രം പുല്ലാട് കുറവൻകുഴി വേങ്ങനിൽക്കുന്നകാലായിൽ സുരേന്ദ്രന്റെ മകൾ സൂര്യ സുരേന്ദ്ര(25)ന്റെ ഭർത്താവ് പേക്കാവുങ്കൽ നാരായണന്റെ മകൻ വിഷ്ണു (29) വാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.
ഇയാൾക്കെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തി. ഞായർ പകൽ മൂന്ന് മണിയോടെയാണ്
ഭർത്താവുമൊത്ത് താമസിക്കുന്ന പേക്കാവുങ്കൽ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സൂര്യയെ കാണപ്പെട്ടത്.
കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
അന്ന് വൈകിട്ടുതന്നെ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ് ഐ അനൂപിന്റെbനേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഈവർഷം മേയ് എട്ടിന് കോയിപ്രം പുരയിടത്തി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. സംഭവസ്ഥലത്ത് പോലീസ് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരുടെ സംഘവും മറ്റുമെത്തി പരിശോധന നടത്തുകയുണ്ടായി. പിറ്റേന്ന്, തിരുവല്ല തഹസീൽദാർ ജോൺ
വർഗീസ് ഇൻക്വസ്റ്റ് നടത്തുകയും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടക്കുകയും ചെയ്തിരുന്നു.\
സംഭവദിവസം, അമിതമായി മദ്യപിച്ച നിലയിൽ കാണപ്പെട്ട വിഷ്ണുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ആശുപത്രി വിട്ടതിനെതുടർന്ന്, പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം സ്ത്രീധനപീഡനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹസമയം സൂര്യയുടെ വീട്ടുകാർ കൊടുത്ത 4 പവൻ സ്വർണം ഇയാൾ പണയം വച്ചത്, തിരിച്ചെടുത്തു കൊടുക്കാൻ സൂര്യ ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഇക്കാര്യം വീണ്ടും ഉന്നയിച്ച സൂര്യയ്ക്ക് ഈമാസം ഒന്നിന് ഇയാളിൽ നിന്നും മർദ്ദനമേറ്റതായി വ്യക്തമായി.
ഭർതൃവീട്ടിലെ അടുക്കളയിൽ വച്ചായിരുന്നു ക്രൂരമർദ്ദനം അരങ്ങേറിയത്. അടിയ്ക്കുകയും, വയറ്റത്ത് തൊഴിക്കുകയും, തലപിടിച്ച് ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ
ബോധം നഷ്ടപ്പെട്ടു. വിവാഹം കഴിഞ്ഞതുമുതൽ പലകാരണങ്ങൾ പറഞ്ഞ് ഇയാൾ സൂര്യയെ
മർദ്ദിക്കാറുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഭർത്താവിൽ നിന്നേറ്റ ശാരീരികവും മാനസികവുമായ പീഡനങ്ങളിൽ മനം നൊന്ത് ഞായർ മൂന്നുമണിയോടെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം.
വിഷ്ണു കോയിപ്രം പോലീസ് സ്റ്റേഷനിൽ മുമ്പ് രണ്ട് കേസുകളിൽ പ്രതിയായിട്ടുണ്ട്. യുവതി മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്. പ്രതി പണയം വച്ച സ്വർണാഭരണങ്ങൾ കണ്ടെടുക്കേണ്ടതായും മറ്റുമുണ്ട്. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ് ഐ അനൂപ്, എ എസ് ഐ മാരായ വിനോദ്, സുധീഷ്, എസ് സി പി ഓ ജോബിൻ എന്നിവരാണ് സംഘത്തിലുള്ളത്. പ്രതിയെ കോടതി
റിമാൻഡ് ചെയ്തു.