കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയർ പിടിയിൽ

 

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ.കണ്ണൂരിൽ അഴീക്കോട് ഓഫീസിലെ സബ് എൻജിനീയർ ജോ ജോസഫാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. വിജിലന്‍സിനെ കണ്ട് കൈക്കൂലി നോട്ടുകൾ വിഴുങ്ങിയതിനെ തുടർന്ന് വൈദ്യ പരിശോധന നടത്തി .

പൂതപ്പാറ സ്വദേശിയുടെ വീടിന് മുന്നിലെ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ജോ ജോസഫ് പണം ആവശ്യപ്പെട്ടത്. ഈ മാസം 10ന് ലൈൻ നീക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ ഷുക്കൂർ അപേക്ഷ സമർപ്പിച്ചിരുന്നു. സബ് എഞ്ചിനീയറായ ജോസഫിനോട് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ മുതിർന്ന ഉദ്യോഗസ്ഥൻ നിർദ്ദേശം നൽകി. തുടർന്ന് പോസ്റ്റ് മാറ്റി ഇടുന്നതിന് 5,550 രൂപ ഫീസ് അടയ്ക്കണമെന്ന് അബ്ദുൽ ഷുക്കൂറിനോട് ആവശ്യപ്പെട്ടു.

ഫീസ് അടച്ച ശേഷം ജോസഫ് ഷുക്കൂറിനെ വീണ്ടും ബന്ധപ്പെട്ടു. തനിക്ക് എറണാകുളത്തേക്ക് ട്രാൻസ്ഫർ ആണെന്നും, കാണേണ്ട രീതിയിൽ കണ്ടാൽ ഇന്ന് തന്നെ ഇലക്ട്രിക് പോസ്റ്റ് മാറ്റിയിടാൻ സാധിക്കുമെന്നും ഇല്ലെങ്കിൽ മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും അറിയിച്ചു. കൈക്കൂലി ആവശ്യപ്പെട്ട വിവരം അബ്ദുൽ കണ്ണൂർ വിജിലൻസ് യൂണിറ്റില്‍ അറിയിക്കുകയും വിജിലൻസ് സംഘം അബ്ദുൽ ഷുക്കൂറിന്റെ വീടിനു സമീപം വച്ച് പിടികൂടുകയുമായിരുന്നു.വിജിലന്‍സിനെ കണ്ടു നോട്ടുകള്‍ വിഴുങ്ങി .ഉടന്‍ തന്നെ വൈദ്യ പരിശോധന നടത്തി.