Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 17/08/2022 )

ജലശക്തി അഭിയാന്‍: ക്യാച്ച് ദി റെയിന്‍ ക്യാമ്പയിന്‍ യോഗം ചേര്‍ന്നു

ജലശക്തി അഭിയാന്‍ ക്യാച്ച് ദി റെയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ ജലസ്രോതസുകളുടെ സംരക്ഷണ രീതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പദ്ധതിയിലൂടെ പരമാവധി മഴവെള്ളം സംഭരിച്ച് ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതു വഴി ജലസംരക്ഷണത്തിനായി ശാസ്ത്രീയ പദ്ധതികള്‍ തയാറാക്കും.

ജലജീവന്‍ പദ്ധതിയുടെ ജില്ലയിലെ നോഡല്‍ ഓഫീസറായി ഭൂജലവകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എന്‍ജിനീയറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ വിവിധ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് ജലശക്തി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു വകുപ്പിലെ വിവരങ്ങള്‍ ജെഎസ്എയുടെ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണം സ്വീകരിച്ചു കഴിഞ്ഞു. കേന്ദ്ര സംഘത്തിന്റെ പദ്ധതി നിര്‍വഹണ പ്രദേശ സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലയില്‍ പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈമാസം 22 മുതല്‍ 24 വരെയാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്‍, ഭൂജല വകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജിജി തമ്പി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിക്ക് അപേക്ഷിക്കാം

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/വിവാഹബന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ധനസഹായമായി നല്‍കുന്ന 50,000 രൂപ തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകരായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന, അപേക്ഷകയ്ക്കോ, അവരുടെ മക്കള്‍ക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും.

സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.

2022-23 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെയും റേഷന്‍കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീര്‍ണ്ണം 1200സ്‌ക്വ.ഫീറ്റില്‍ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ആഫീസര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയര്‍/ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും.

മറ്റു വകുപ്പുകളില്‍ നിന്നോ, സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഏക്സറ്റന്‍ഷന്‍ ഓഫീസര്‍/പഞ്ചായത്ത് സെക്രട്ടറി/എന്നിവരില്‍ ആരുടെയെങ്കിലും പക്കല്‍ നിന്നുള്ളത് മതിയാകും. പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകള്‍ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍(ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കളക്ടറേറ്റില്‍ അപേക്ഷിക്കാം. അപേക്ഷാ ഫാറം www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 20.11.2021ല്‍ നടന്ന എല്‍ഡി ക്ലാര്‍ക്ക് (ബൈട്രാന്‍സ്ഫര്‍) (കാറ്റഗറി നം. 208/2019) തീയതി 01.08.2022 തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 222 665.

 

ഓണകിറ്റില്‍ ഇനിയും കുടുംബശ്രീ മധുരം

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ മധുരം പകരുവാന്‍ ഇക്കുറിയും കുടുംബശ്രീയുടെ ശര്‍ക്കര വരട്ടിയും ഉപ്പേരിയും കിറ്റില്‍ ഇടംപിടിച്ചു. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ രണ്ടര ലക്ഷം പായ്ക്കറ്റ് ശര്‍ക്കര വരട്ടിയും ഉപ്പേരിയുമാണ് വിതരണം ചെയ്യുന്നത്. കുടുംബശ്രീ ജില്ലാമിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി 100 ഗ്രാം പായ്ക്കറ്റാണ് വിതരണം ചെയ്യുന്നത്. തിരുവല്ല, പത്തനംതിട്ട, റാന്നി, പറക്കോട് എന്നിവിടങ്ങളിലെ സപ്ലൈകോ ഡിപ്പോകളിലാണ് ശര്‍ക്കര വരട്ടിയും ഉപ്പേരിയും നല്‍കുന്നത്. റേഷന്‍കടകളിലും ഇവ ലഭ്യമാകും. കുടുംബശ്രീക്ക് രണ്ടു ലക്ഷത്തിന് മുകളില്‍ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കുടുംബശ്രീയുടെ വിവിധ യൂണിറ്റുകളില്‍ ഉല്‍പ്പാദനവും പായ്ക്കിംഗും ഇതിനോടകം തന്നെ പുരോഗമിക്കുന്നതായി ജില്ലാ മിഷന്‍ കോ ഒാര്‍ഡിനേറ്റര്‍ അറിയിച്ചു.

 

സ്‌കോള്‍ കേരള; ഡിസിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്സി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി /തത്തുല്യ യോഗ്യതയുളള ആര്‍ക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. പിഴ കൂടാതെ സെപ്റ്റംബര്‍ 12 വരെയും 60 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുളള അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 0471 2 342 950, 2 342 271, 2 342 369. വെബ് സൈറ്റ് : www.scolekerala.org

 

ഗതാഗത നിയന്ത്രണം

പത്തനംതിട്ട അബാന്‍ മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി അബാന്‍ ജംഗ്ഷന് സമീപം പൈലിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 18 മുതല്‍ അബാന്‍ ജംഗ്ഷനില്‍ നിന്നും മുത്തൂറ്റ് ഭാഗത്തേക്കുളള റിംഗ് റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കുമ്പഴയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കണ്ണങ്കര ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കല്ലറകടവ് റോഡ് വഴി റിംഗ് റോഡില്‍ പ്രവേശിക്കണം. അടൂര്‍, പന്തളം ഭാഗത്ത് നിന്നും വരുന്ന റാന്നി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സ്റ്റേഡിയം ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് റിംഗ് റോഡില്‍ പ്രവേശിച്ചു പോകണമെന്ന് പത്തനംതിട്ട കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ജലജീവന്‍ മിഷന്‍

കേരള വാട്ടര്‍ അതോറിറ്റിയുടെ ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യോഗം ഈ മാസം 19ന് രാവിലെ 11.30ന് ഓണ്‍ലൈനായി ചേരും.

 

എന്യുമറേറ്റര്‍ നിയമനം

സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന ഫിഷ് ക്യാച്ച് അസസ്മെന്റ്’പദ്ധതിയിലേക്ക് ഒരു എന്യുമറേറ്റേറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദമുള്ളവരോ, ഫിഷ്ടാക്സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക് എന്നിവ ഐശ്ചിക വിഷയങ്ങളായി ഏതെങ്കിലും ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവരോ ആയിരിക്കണം. സമാന മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, ജാതി, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പുകളും സഹിതം ഈ മാസം 29ന് രാവിലെ 11ന് കോഴഞ്ചേരി പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തില്‍ ഹാജരാകണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0468 2 967 720, 9496 410 686.

 

കാര്‍ഷിക സെന്‍സസ് ; വിവരശേഖരണത്തിന് അവസരം

പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി ഹയര്‍ സെക്കണ്ടറി/ തത്തുല്യയോഗ്യതയുളള, സ്മാര്‍ട്ട്ഫോണ്‍ സ്വന്തമായിട്ടുളളവരും അത് ഉപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം. ഒരു വാര്‍ഡിന് പരമാവധി 4600 രൂപയാണ് പ്രതിഫലം. ഒന്നാംഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലെയും താമസക്കാരായ കര്‍ഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നു.
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലി പൂര്‍ത്തിയാക്കുന്നതുവരെ നിര്‍ബന്ധമായും തുടരണം. ആഗസ്റ്റ് 25 ന് രാവിലെ 10 ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് റവന്യൂ ടവര്‍ അടൂര്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് മിനി സിവില്‍ സ്റ്റേഷന്‍ റാന്നി. ആഗസ്റ്റ് 26 ന് രാവിലെ 10 ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് റവന്യൂ ടവര്‍ തിരുവല്ല, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ജെസി ടവര്‍, സ്റ്റേഡിയം ജംഗ്ഷന്‍ പത്തനംതിട്ട. ആഗസ്റ്റ് 27ന് രാവിലെ 10ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മല്ലപ്പളളി. ഫോണ്‍ : 0468 2 998 400.

 

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയിലെ പഞ്ചായത്ത് വകുപ്പില്‍ ആക്സിലറി നഴ്സ് കം മിഡ് വൈഫ് (കാറ്റഗറി നമ്പര്‍ -09/2018) തസ്തികയുടെ 01.08.2019 തീയതിയില്‍ നിലവില്‍ വന്ന 419/2019/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 01.08.2022 തീയതി അര്‍ദ്ധരാത്രി മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ 02.08.2022 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

ഓംബുഡ്‌സ്മാന്‍ ഹിയറിംഗ് 19ന്

മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ഈ മാസം 19 ന് രാവിലെ 11 മുതല്‍ നടക്കുന്ന ഹിയറിംഗില്‍ പരാതികള്‍ സ്വീകരിക്കുമെന്ന് മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ അറിയിച്ചു.

വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

കുളനട ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുളള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷാ ഫോറം പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും ഈ മാസം 20ന് വൈകുന്നേരം അഞ്ചിനകം പഞ്ചായത്ത് കാര്യാലയത്തില്‍ തിരികെ സമര്‍പ്പിക്കണം. കൃത്യമായി പൂരിപ്പിക്കാത്തവ, മതിയായ അനുബന്ധ രേഖകള്‍ ഇല്ലാത്തവ, സമയപരിധി കഴിഞ്ഞ് സമര്‍പ്പിക്കുന്നവ എന്നീ അപേക്ഷകള്‍ ആനുകൂല്യത്തിന് പരിഗണിക്കില്ലയെന്ന് കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 4 260 272.

error: Content is protected !!