konnivartha.com : കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകൾക്കും പരിക്കേറ്റു. കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽ ചെന്നിരവിള പുത്തൻവീട്ടിൽ നവാസ്(52), നെഹില(16) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കോന്നി അച്ചൻകോവിൽ പാതയിൽ ആയിരുന്നു സംഭവം.
അച്ചൻകോവിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷകൾ നൽകിയതിനു ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോന്നി കല്ലേലി അച്ചൻകോവിൽ റൂട്ടിൽ 12 കിലോമീറ്റർ കഴിഞ്ഞ ശേഷമാണ് അപകടം ഉണ്ടായത്.അച്ചൻ കോവിലിൽ മകളുടെ ആവശ്യത്തിന് പോയതാണ്. ഗൂഗിൾ മാപ്പ് നോക്കിയാണ് പോയതെന്ന് ഇവർ പറയുന്നു.ഇവരുടെ മുന്നിൽ പോയ യാത്രക്കാരനായ സിബി ശങ്കുരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
ആനയുടെ അക്രമണത്തിനിന്ന് രക്ഷപ്പെട്ട നെഹില പറയുന്നത്: അച്ചൻകോവിലിലേക്കു സ്കൂൾ അഡ്മിഷൻ സംബന്ധമായ ആവശ്യത്തിന് അച്ഛനൊപ്പം ബൈക്കിൽ പോകുകയായിരുന്നു. ഗൂഗിൾ മാപ്പുനോക്കി കോന്നി- അച്ചൻകോവിൽ റോഡിലൂടെയാണ് സഞ്ചരിച്ചത്. വനപാതയിൽ അപ്രതീക്ഷിതമായി കാട്ടാനക്കൂട്ടത്തിന്റെ മുന്നിലകപ്പെടുകയായിരുന്നു.വളവ് തിരിഞ്ഞെത്തിയപ്പോൾ വനത്തിൽനിന്ന് കാട്ടാനകൾ പെട്ടന്ന് റോഡിലേക്ക് എത്തി. ബൈക്ക് നിർത്തുമ്പോഴേക്കും ആന ബൈക്കിൽ തട്ടിയിരുന്നു.അതോടെ വാപ്പ ബൈക്കിനടിയിലേക്ക് വീണു. താൻ ഓടി പിന്നിലേക്ക് മാറി. കാൽ ബൈക്കിനടിയിൽ കുടുങ്ങിയതിനാൽ വാപ്പയ്ക്ക് ഓടാൻ കഴിഞ്ഞില്ല.പാഞ്ഞടുത്ത ആന ബൈക്ക് കുത്തിനിരക്കി. ബൈക്കിനടിയിൽപെട്ട അച്ഛനെ ആക്രമിക്കുകയും ഹെൽമറ്റ് തട്ടിതെറിപ്പിക്കുകയും ചെയ്തു.തങ്ങളുടെ മുന്നിൽ അച്ചൻകോവിലിലേക്കു പോകുകയായിരുന്ന സിബിയുംകൂടി അലറിവിളിച്ച് കാട്ടാനകളെ അകറ്റാൻ ശ്രമിച്ചു. ആന സിബിക്ക് നേരെ തിരിഞ്ഞതും താൻ ബൈക്ക് നിരക്കിമാറ്റി വാപ്പയെ എഴുന്നേൽപ്പിച്ചു.ഇതിനിടയിൽ മറ്റൊരാനയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പരിക്കേറ്റ വാപ്പയെ സിബിയുടെ ബൈക്കിന്റെ പിന്നിലിരുത്തി മൂന്നുകിലോമീറ്ററോളം കൊണ്ടുപോയശേഷം അച്ചൻകോവിൽ സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയായിരുന്നു.കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അച്ഛനും മകളും രക്ഷപെട്ടത് ഭാഗ്യംകൊണ്ടാണന്ന് അപകടത്തിന് ദൃക്സാക്ഷിയായ സിബി പറയുന്നു. അച്ചൻകോവിലിന് 20 കി.മീ. മുമ്പാണ് സംഭവം.