Trending Now

പഞ്ചായത്ത്-നഗരസഭാ ഓഫീസുകളിൽ ഒറ്റ ദിവസം തീർപ്പാക്കിയത് 34,995 ഫയലുകൾ

ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് ഓഫീസുകളും 87 മുൻസിപ്പാലിറ്റി ഓഫീസുകളും 6 കോർപ്പറേഷൻ ഓഫീസുകളും അവധിദിനമായ ഞായറാഴ്ച പ്രവർത്തിച്ചെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ആകെ 34,995 ഫയലുകൾ ഇന്ന് ഒറ്റദിവസം കൊണ്ട് തീർപ്പാക്കി. പഞ്ചായത്തുകളിൽ 33,231 ഫയലുകളും, മുൻസിപ്പൽ- കോർപ്പറേഷൻ ഓഫീസുകളിൽ 1764 ഫയലുകളുമാണ് ഇന്ന് തീർപ്പാക്കിയത്.

അവധി ദിനത്തിലെ ഓഫീസ് പ്രവർത്തനം കാണുന്നതിനായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. 90 ഫയലുകളാണ് ഇന്ന് രാവിലെ മയ്യിൽ പഞ്ചായത്തിൽ പെൻഡിംഗ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12.15ന് മന്ത്രി അവിടെ എത്തുമ്പോളേക്കും 59 എണ്ണം തീർപ്പാക്കിയിരുന്നു, പെൻഡിംഗ് ഫയലുകൾ 31 ആയി കുറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണി ആകുമ്പോൾ തന്നെ മയ്യിലിലെ മുഴുവൻ ഫയലും തീർപ്പാക്കി. ഇനി ഒരു ഫയൽ പോലും തീർപ്പാക്കാൻ ബാക്കിയില്ലാത്ത പഞ്ചായത്തുകളിൽ ഒന്നായി മയ്യിൽ മാറി.

പഞ്ചായത്ത് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇന്ന് പ്രവർത്തിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളിൽ 55 ശതമാനത്തിലധികമാണ് പഞ്ചായത്ത് ജീവനക്കാരുടെ ഹാജർ. കൊല്ലത്ത് 80 ശതമാനം ജീവനക്കാർ ഹാജരായി. പഞ്ചായത്ത് ഡയറക്ടറേറ്റിൽ 90 ശതമാനം ജീവനക്കാർ ജോലിക്കെത്തി. നഗരസഭാ ഓഫീസുകളിൽ 55.1 ശതമാനം ജീവനക്കാരാണ് ജോലിക്കെത്തിയത്. സെപ്റ്റംബർ 30നകം ഫയൽ തീർപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാസത്തിൽ ഒരു അവധി ദിനത്തിൽ പ്രവർത്തി ചെയ്യാൻ ജീവനക്കാർ സന്നദ്ധരായത്. വിവിധ സർവീസ് സംഘടനകളും സർക്കാർ തീരുമാനത്തെ വിജയിപ്പിക്കുന്നതിന് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് അവധി ദിനത്തിൽ ജോലിക്കെത്തിയ മുഴുവൻ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ഫയലുകൾ തീർപ്പാക്കാനുള്ള നടപടികൾ കൂടുതൽ ഊർജ്ജിതമായി തുടരുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

1933 സുപ്രധാന ഫയലുകൾ തീർപ്പാക്കി: അഭിനന്ദിച്ച് മന്ത്രി

സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഫയൽ തിർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുമായി ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം സംഘടിപ്പിച്ചു. ഞായറാഴ്ചയായിരുന്നിട്ടും ഓഫീസുകൾ പ്രവൃത്തി ദിനം പോലെ പ്രവർത്തിച്ചു. ഭൂരിഭാഗം ജീവനക്കാരും ഹാജരായി. രണ്ട് വകുപ്പുകളിലുമായി 1933 സുപ്രധാന ഫയലുകളാണ് തീർപ്പാക്കിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ 1371 ഫയലുകളും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 562 ഫയലുകളുമാണ് തീർപ്പാക്കിയത്. യജ്ഞത്തിൽ പങ്കെടുത്ത എല്ലാവരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

സർക്കാർ ജീവനക്കാരുടെ മെഡിക്കൽ റീഇമ്പേഴ്സ്മെന്റ്, വകുപ്പിലെ ജീവനക്കാരുടെ സർവീസ് കാര്യങ്ങൾ, വിജിലൻസ് കേസുകൾ, അച്ചടക്ക നടപടികൾ തുടങ്ങിയ വിഭാഗങ്ങളിലെ ഫയലുകളാണ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ തീർപ്പാക്കിയത്. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. പിപി പ്രീതയുടെ നേത്യത്വത്തിൽ അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, വിവിധ വിഭാഗങ്ങളിലെ സൂപ്രണ്ടുമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരുടെ പ്രൊമോഷൻ, സ്ഥലംമാറ്റം, സർവീസ് കാര്യങ്ങൾ, വിദ്യാർത്ഥികളുടെ പോസ്റ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലെ ഫയലുകളാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ തീർപ്പാക്കിയത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ ജോ. ഡയറക്ടർമാർ, പ്രിൻസിപ്പൽമാർ, ആശുപത്രി സൂപ്രണ്ടുമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!