Konnivartha.Com :ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ നടന്നു വരുന്ന പരിശോധനകളുടെ ഭാഗമായി എക്സൈസ് വകുപ്പ് കോന്നി മേഖലയിൽ പരിശോധന കർശനമാക്കി.ഇന്ന് രാവിലെ കല്ലേലി മേഖലയിൽ നിരവധി ജീവനക്കാരുടെ നേതൃത്വത്തിൽ പരിശോധന നടന്നു.
തമിഴ് നാട്ടിൽ നിന്നും ചെങ്കോട്ട അച്ചൻ കോവിൽ കല്ലേലി കോന്നി വന പാത വഴി വൻ തോതിൽ കഞ്ചാവ് എത്തുന്നു എന്നും എക്സൈസ് ഇന്റലിജൻസിന് വിവരം നേരത്തെ ലഭിച്ചിരുന്നു.
ചെങ്കോട്ട അച്ചൻ കോവിൽ പാതയിൽ പറയത്തക്ക പരിശോധന ഇല്ലാത്തതും അച്ചൻ കോവിൽ നിന്നും പത്തനാപുരം, പുനലൂരിലും കോന്നിയ്ക്കും വേഗത്തിൽ “സാധനം “എത്തിക്കാം എന്നുള്ളതിനാൽ ഏറെ നാളായി ഈ കാനന പാത വഴി ലഹരി വസ്തുക്കൾ യഥേഷ്ടം എത്തുന്നു എന്നായിരുന്നു എക്സൈസ് ഇന്റലിജൻസ്സിന് ലഭിച്ച വിവരം.
തമിഴ് നാട്ടിൽ നിന്നും അച്ചൻ കോവിൽ എത്തിക്കുന്ന ലഹരി വസ്തുക്കൾ ബസ് മാർഗം പുനലൂരിൽ എത്തിക്കുകയും മറ്റ് ഗതാഗത മാർഗത്തിലൂടെ പുന്നല വഴി പത്തനാപുരത്തും അടൂരിലും പന്തളം ഭാഗത്തും എത്തിച്ചു വന്നിരുന്നു എന്നും ആണ് വിവരം.
അച്ചൻ കോവിൽ കല്ലേലി കോന്നി പാതയിൽ പരിശോധനകൾ കാര്യക്ഷമമില്ലാത്തതും ഈ പാതയിലൂടെ സാധനം കടത്തുവാൻ എളുപ്പമാർഗമായി കാണുന്നു.കോന്നിയിൽ എത്തിക്കുന്ന ലഹരി വസ്തുക്കൾ കോന്നിയിലെ വിവിധ ചെറുകിട കേന്ദ്രങ്ങളിലൂടെ വിറ്റഴിക്കുന്നു.