Trending Now

പത്തനംതിട്ട ജില്ലയില്‍ എലിപ്പനിക്കും പകര്‍ച്ചപ്പനിക്കുമെതിരേ ജാഗ്രത നിര്‍ദേശം

 

 

ജില്ലയില്‍ എലിപ്പനിക്കും പകര്‍ച്ചപ്പനിക്കുമെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികളെ കുറിച്ച് തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും സംയുക്തമായി പൊതുബോധവത്ക്കരണം നടത്തണം.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ജൂലൈയില്‍ ആരംഭിക്കും. മല്ലപ്പള്ളി, റാന്നി താലൂക്ക് ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കും. നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ മുന്‍പുള്ളതാണ്. അതില്‍ മാറ്റം വരുത്തുമെന്നും പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴഞ്ചേരി പൊങ്ങണാംതോടിന്റെ സര്‍വേ പൂര്‍ത്തിയാക്കണം.

ആറാട്ടുപുഴ-ചെട്ടിമുക്ക്, വള്ളംകുളം – തോട്ടപ്പുഴ റോഡ് എന്നിവിടങ്ങളില്‍ പൈപ്പ് സ്ഥാപിച്ചത് മണ്ണിട്ട് ശരിയായി മൂടിയിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പാക്കണം. പത്തനംതിട്ട വില്ലേജിലെ റീസര്‍വേ നടപടി എത്രയും വേഗം പൂര്‍ത്തീകരിക്കണം. പത്തനംതിട്ടയില്‍ പുതിയ താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ രണ്ടാം വാരം യോഗം ചേരും.
13 കോടി രൂപയുടെ വലഞ്ചുഴി ടൂറിസം പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കണം. കുളനട ഓമല്ലൂര്‍ വഴി ഉള്‍പ്പെടെ ജില്ലയുടെ പല ഭാഗത്ത് നിന്നും പ്രത്യേകിച്ച് ഉള്‍പ്രദേശങ്ങളില്‍ നിന്ന് കോന്നി മെഡിക്കല്‍ കോളജിലേക്ക് ബസ് സര്‍വീസ് നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് എത്രയും വേഗത്തില്‍ ആരംഭിക്കണമെന്ന് കെഎസ്ആര്‍ടിസി ഡിറ്റിഒയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

റാന്നി, ചിറ്റാര്‍, സീതത്തോട് എന്നീ സ്ഥലങ്ങളില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന ബസുകള്‍ കുമ്പഴ വരാതെ പോകുന്നത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കുമ്പഴ വഴി ബസ് വരാനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. അബാന്‍ ഫ്‌ളൈ ഓവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുമായി ജൂലൈ രണ്ടാം വാരം യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെട്ട വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജൂണ്‍ 28ന് ഓണ്‍ലൈനായി യോഗം ചേരാമെന്നും മന്ത്രി പറഞ്ഞു. അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയാണ് ഇതുസംബന്ധിച്ച് വിഷയം അവതരിപ്പിച്ചത്.

തിരുവല്ല താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ മെയിന്‍ ബ്ലോക്കിന്റെ മുകളിലെ നാല്, അഞ്ച് നിലകള്‍ എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാക്കണമെന്ന് അഡ്വ. മാത്യു. ടി. തോമസ് എംഎല്‍എ പറഞ്ഞു.

കൊമ്പങ്കേരി – വെട്ടുത്തുരുത്ത് റോഡിന്റേയും പാലത്തിന്റേയും നിര്‍മാണം ഒരുമിച്ച് പൂര്‍ത്തിയാക്കണം. തിരുവല്ല കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ദീര്‍ഘദൂര ബസുകള്‍ രാത്രി കാലങ്ങളില്‍ കയറാതെ റോഡില്‍ നിര്‍ത്തി ആളുകളെ കയറ്റി കൊണ്ട് പോകുന്ന രീതി മാറ്റണമെന്നും, നിര്‍ബന്ധമായി ബസുകള്‍ സ്റ്റാന്‍ഡിനകത്ത് കയറണമെന്നും ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും എംഎല്‍എ പറഞ്ഞു.

ജില്ലയില്‍ നിരവധി സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന നടത്തിവരുന്നുണ്ടെന്നും, അതിന്റെ വിശദവിവരങ്ങള്‍ ജില്ലാതല മേധാവികള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ടായി സമര്‍പ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗതാഗത കുരുക്ക് രൂക്ഷമാണെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഇതിനു പരിഹാരം കാണുന്നതിന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത ഇടപെടല്‍ നടത്തണം. നഗരസഭയുടെ പല ഭാഗത്തായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തികളുടെ അറിയിപ്പുകള്‍ നഗരസഭയ്‌ക്കോ ജനങ്ങള്‍ക്കോ ലഭിക്കുന്നില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുന്‍പ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ നഗരസഭയെ വിവരം അറിയിക്കണം. റിംഗ് റോഡിന്റെ വശങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന വൃക്ഷച്ചില്ലകള്‍ എത്രയും വേഗം മുറിച്ചു മാറ്റണമെന്നും പുറമ്പോക്ക് ഭൂമി കണ്ടെത്തി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തണമെന്നും ചെയര്‍മാന്‍ പറഞ്ഞു.
ആദിപമ്പ, വരട്ടാര്‍ എന്നീ നദികളിലെ മണല്‍ ഖനനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ്മ പറഞ്ഞു.

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കണം. ജില്ലയിലെ സ്‌കൂളുകളിലെ പ്രധാന അധ്യാപകരുടെ ഒഴിവുകള്‍ എത്രയും വേഗം നികത്തണം. കൂടാതെ, സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരുടെ ഒഴിവുകള്‍ നികത്തണം. കൗണ്‍സിലിംഗ് മുറി പ്രത്യേകമായി സജ്ജമാക്കണം. വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ഥികള്‍ പഠനസമയത്ത് മരണപ്പെട്ടാല്‍ ഇളവ് അനുവദിക്കുന്ന ഇഎല്‍ആര്‍എസ് സ്‌കീം പുനരാരംഭിക്കണം. നിര്‍ത്തിവച്ച വഴിക്കടവ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്നും ടിപ്പര്‍ ലോറികളുടെ അപകടനിരക്ക് വര്‍ധിക്കുന്നതിനാല്‍ കവലകള്‍ കേന്ദ്രീകരിച്ച് പൊലീസ്, ഹോം ഗാര്‍ഡ് എന്നിവരുടെ സേവനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ ഗവ. ആശുപത്രിയിലെ ഒപിയില്‍ ആളുകളുടെ തിരക്ക് കൂടുതലായതിനാല്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധി സുനില്‍ ബാബു പറഞ്ഞു.

എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന പദ്ധതികളുടെ നിര്‍മാണ പുരോഗതി അവലോകനത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം വിളിച്ച് ചേര്‍ക്കണം. കല്ലടയാറിന്റെ തീരം ഇടിയുന്നത് തടയാന്‍ തീരം കെട്ടി സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വെട്ടത്തുപടി-പൂഴിക്കുന്ന് റോഡ് നവീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് പറഞ്ഞു. വെണ്ണപ്ര കോളനിയിലെ സര്‍വേ നടപടി ആരംഭിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. അപകടനിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ ജില്ലയില്‍ നടന്ന വാഹനാപകടങ്ങളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആര്‍ടിഒയ്ക്ക് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ നിര്‍ദേശം നല്‍കി.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, അസിസ്റ്റന്‍ഡ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

error: Content is protected !!