Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് 2022
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ക്യാമ്പസ്സില്‍ പരിശീലനം നേടിയവരുടെ സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരഭകരുടെ ഉത്പനങ്ങള്‍ ആഭ്യന്തര വിപണിയുടെ തലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി മീറ്റപ്പ് 2022ന് ജൂണ്‍ 25ന തുടക്കമാവും. നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് കളമശ്ശേരി കീഡ് ക്യാമ്പസില്‍ മീറ്റപ്പ് ഉദ്ഘാടനം ചെയ്യും. ഉത്പനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും, വിപണി സാധ്യതകള്‍, ബ്രാന്‍ഡിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക് മാനേജന്റ്, ഇകോംമേഴ്സ് സാധ്യതകള്‍ എന്നിവയെ കുറിച്ച് മനസിലാക്കാനും മീറ്റപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും. ഭക്ഷ്യ സംസ്‌കരണം, ടെക്സ്റ്റ്യല്‍സ്, ഹെല്‍ത്ത് ആന്റ് വെല്‍നെസ്, വിവിധ തരം സര്‍വീസുകള്‍ തുടങ്ങിയവ ഉള്‍പെടുത്തികൊണ്ടുള്ള ഉത്പന്നങ്ങള്‍ മീറ്റപ്പില്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 11.00 മുതല്‍ വൈകിട്ട് 3.30 വരെയാണ് സന്ദര്‍ശന സമയം. ഫ്ലിപ്പ്കാര്‍ട്ട്, ഹീല്‍, ഫ്രഷ് ടു ഹോം തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകളും മീറ്റപ്പിന്റെ ആകര്‍ഷണമാണ്.

 

യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) അഭിമുഖം
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം.517/2019) തസ്തികയുടെ 27/08/2021  ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഇന്റര്‍വ്യൂവിന്റെ അവസാന ഘട്ടത്തില്‍ അവശേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി ജൂണ്‍ 30, ജൂലൈ ഒന്ന് തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയ ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യുകയും പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കണം. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍: 0468 2222665.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ ആലുവ സെന്ററില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് സ്ഥാപനങ്ങളില്‍ ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമായ കോഴ്സിന് യോഗ്യത പ്ലസ്ടു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 8036802304. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സന്തോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പമ്പ്് ജംഗ്ഷന് സമീപം, ആലുവ.

കെട്ടിട നികുതിക്ക് ഓണ്‍ലൈന്‍ സംവിധാനം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പിരിവ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതി ദായകരും മൊബൈല്‍ നമ്പറുകള്‍ താഴെ തന്നിരിക്കുന്ന നമ്പറുകളിലേക്ക് ഓഫീസ് സമയങ്ങളില്‍ വാര്‍ഡ്, മൊബൈല്‍ നമ്പര്‍, വീട് നമ്പര്‍ എന്നിവ വിളിച്ചോ വാട്സ്ആപ്പ് മുഖേനയോ ജൂണ്‍ 30നകം നല്‍കണം. വാര്‍ഡ് 1,2,3 (9744940379), വാര്‍ഡ് 4,6,7 (8129130945), വാര്‍ഡ് 8,9,10,14 (9447930213), വാര്‍ഡ് 5,11,12,13 (9745265821)

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്റ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650 രൂപ നിരക്കില്‍ കാഷ്വല്‍ ലേബര്‍ നിയമനത്തിന് പരിഗണിക്കുന്നതിനായി പത്താം ക്ലാസ് പാസായതും ഏതെങ്കിലും ട്രേഡിലുളള ഐടിഐ കോഴ്‌സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികളുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ സി ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ നടത്തും. താത്പര്യമുളളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28ന് 10 മുതല്‍ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകണം. പ്രായപരിധി 40 വയസ്. ഫോണ്‍ : 9447301306.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2021-22 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്-ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്  നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തില്‍ കുറയാതെ അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വകാര്‍ഡ് പകര്‍പ്പ്, 2022ജൂണ്‍-30 വരെയുള്ള അംഗത്വ വിഹിതം അടവാക്കിയ രസീതിയുടെ പകര്‍പ്പ്, സ്വന്തം ബാങ്ക്പാസ് ബുക്കിന്റെ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ പരീക്ഷാഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം 2022 ആഗസ്റ്റ്-31 നകം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ്, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍.പി ഒ, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് മദ്രസാദ്ധ്യാപക ക്ഷേമനിധി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2966577

പട്ടിക വര്‍ഗ/ജാതി കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ആണ്‍കുട്ടികള്‍ക്കുളള വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് കോഴ്സില്‍ പ്രവേശനം നേടുന്നതിന് കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കുറവുളളവരില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിക്കുന്നു. ആകെയുള്ള സീറ്റില്‍ 70 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 20 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം മറ്റ് പൊതു വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. പട്ടിക ജാതി / മറ്റ് പൊതു വിഭാഗത്തിലുളള അപേക്ഷകരുടെ അഭാവത്തില്‍ ഈ സീറ്റുകള്‍ പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് മാറ്റി നല്‍കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി ജൂലൈ 30. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് പഠനത്തോടൊപ്പം ഹോസ്റ്റല്‍ സൗകര്യം, യൂണിഫോം തുടങ്ങിയവ സൗജന്യമായിരിക്കും. ഫോണ്‍ : 04735 251153.

 

പിഎംജിഎസ്‌വൈ  3: ലിസ്റ്റിന് ഡിപിസി അംഗീകാരം

പിഎംജിഎസ്‌വൈ 3 2022-23ല്‍ ഉള്‍പ്പെടുത്തി നവീകരണത്തിന് മുന്‍ഗണന അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത റോഡുകളുടെ റീജനറേറ്റഡ് സിയുസിപിഎല്‍ ലിസ്റ്റിന്  ജില്ലാ ആസൂത്രണ സമിതി (ഡിപിസി) യോഗം അംഗീകാരം നല്‍കി. ജില്ലാ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. പിഎംജിഎസൈ്വ പദ്ധതി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവ് ലഭിച്ചാല്‍ മാത്രമേ സംസ്ഥാനത്തെ കൂടുതല്‍ റോഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരമുള്ള റോഡുകള്‍ ജില്ലയില്‍ ഇല്ലെന്നും കയറ്റിറക്കങ്ങള്‍ കൂടുതലുള്ള ജില്ലയാണ് പത്തനംതിട്ടയെന്നും അക്കാര്യം പരിഗണിച്ച് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയാല്‍ മാത്രമേ യാത്രാസൗകര്യം ഒരുക്കാന്‍ സാധിക്കുകയുള്ളുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളുടെ വിശദവിവരങ്ങള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മുന്‍കൂര്‍ സമര്‍പ്പിക്കേണ്ടതാണെന്നും പരിശോധനകള്‍ നടത്തിയ ശേഷമേ പദ്ധതി അംഗീകാരത്തിനായി എടുക്കുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ജില്ലാ വികസന പദ്ധതികളില്‍ വരേണ്ട പൊതു പ്രോജക്ടുകളെ കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ വിശദീകരിച്ചു. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരുടെ ഒരു ആലോചനായോഗം ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ജില്ലയില്‍ തോക്കിന് ലൈസന്‍സ് ഉള്ളവരുടെ ലിസ്റ്റ് എടുക്കുകയും ആവശ്യമായ പരിശീലനം അവര്‍ക്ക് നല്‍കുകയും വേണം. മാത്രമല്ല, വനംവകുപ്പുമായി ആലോചിച്ച് കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ ശുചിത്വ പദ്ധതി, ജൈവവള ഉത്പാദനം, കരിമ്പ് കൃഷി വ്യാപകമാക്കല്‍, നദീസംരക്ഷണം എന്നീ പദ്ധതികളും ജില്ലയില്‍ നടപ്പാക്കുന്നതിന് ആലോചനായോഗം ചേരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.
ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തില്‍ ജില്ലാ ടൗണ്‍പ്ലാനിംഗ് ഓഫീസ്, ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഓഫീസ് എന്നിവയ്ക്ക് സ്ഥലം അനുവദിക്കുന്നതിന് യോഗം നിര്‍ദേശിച്ചു. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളും വിഹിതം വയ്ക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം ഉണ്ടായിരുന്നുവെന്നും അതനുസരിച്ച് ലഭിച്ച തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം പിഡബ്ല്യുഡി കെട്ടിടവിഭാഗത്തിന് കൈമാറിയതായും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് തല പ്രതിനിധികള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

3787 വ്യാപാര സ്ഥാപനങ്ങളിലും 71 പമ്പുകളിലും പരിശോധന നടത്തി

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനകര്‍മ്മപരിപാടിയുടെ ഭാഗമായുള്ള ‘ജാഗ്രത’, ‘ക്ഷമത’ ഉപഭോക്തൃബോധവല്‍ക്കരണപരിപാടികള്‍  ജില്ലയില്‍ ഊര്‍ജ്ജിതമായി നടത്തി. ലീഗല്‍ മെട്രോളജി വകുപ്പും പൊതുവിതരണ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. ജാഗ്രത പദ്ധതിയോടനുബന്ധിച്ച് ജില്ലയിലെ 3787 വ്യാപാര സ്ഥാപനങ്ങളിലും ക്ഷമത പദ്ധതിയോടനുബന്ധിച്ച്  71  ഇന്ധന പമ്പുകളിലും  പരിശോധനകള്‍ നടത്തുകയും ന്യൂനത കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് അതു പരിഹരിക്കാന്‍ നിര്‍ദേശം  നല്‍കുകയും ചെയ്തതായി ലീഗല്‍ മെട്രോളജി ഡെപ്യുട്ടി കണ്‍ട്രോളര്‍ കെ.ആര്‍. വിപിന്‍ അറിയിച്ചു.
നിര്‍ദേശം പാലിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായുള്ള പരിശോധനകളും നടത്തി.  ജില്ലയിലെ വിവിധ താലൂക്കുകളില്‍ നടത്തിയ പരിശോധനകളില്‍ നിര്‍ദേശം  നടപ്പാക്കുന്നതില്‍  വീഴ്ച വരുത്തിയ നാല് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 17000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കച്ചവട സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്ന ജാഗ്രത പദ്ധതിയും ഇന്ധന വിതരണ പമ്പുകളിലെ കൃത്യത ഉറപ്പുവരുത്തുന്ന ക്ഷമത പദ്ധതിയും ലോക ഉപഭോക്തൃ അവകാശദിനമായ മാര്‍ച്ച് 15 മുതലാണ് ആരംഭിച്ചത്.
ലീഗല്‍ മെട്രോളജി വകുപ്പിന്റെ പദ്ധതിയായ അളവു തൂക്ക ഉപകരണങ്ങളുടെ മുദ്രവയ്പ്പ് – ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ജില്ലയില്‍ നടത്തി. കോവിഡ് മൂലമോ, മറ്റു കാരണങ്ങളാലോ പുനപരിശോധന നടത്തുന്നതില്‍ കുടിശികയായ ഓട്ടോറിക്ഷ മീറ്റര്‍ അടക്കമുള്ള അളവുതൂക്ക ഉപകരണങ്ങള്‍ പിഴത്തുകയില്‍ ഇളവ് നല്‍കി അദാലത്തില്‍ മുദ്ര ചെയ്തു നല്‍കി. ജില്ലയില്‍ 498 വ്യാപാരികള്‍ ഇത്തരത്തില്‍ കുടിശികയായ അളവുതൂക്ക ഉപകരണങ്ങള്‍ മുദ്ര പതിച്ചു.

 

ഭൂരഹിത പുനരധിവാസ പദ്ധതി: 224 കുടുംബങ്ങള്‍ക്ക്
ഭൂമി വാങ്ങുന്നതിന് 8,61,10,500 രൂപ വിനിയോഗിച്ചു

ജില്ലയില്‍ ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം 2021-22 സാമ്പത്തികവര്‍ഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 224 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനായി 8,61,10,500 രൂപ വിനിയോഗിച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍. രഘു അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായമായി 544 പേര്‍ക്ക് 4,07,75,000 രൂപയും പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാധനസഹായമായി 560 പേര്‍ക്ക് 1,06,18,576 രൂപയും നല്‍കി.
പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭവന നിര്‍മാണം, പഠനമുറി നിര്‍മാണം, ടോയ്ലറ്റ് നിര്‍മാണം, ഭവന പുനരുദ്ധാരണം, കൃഷിഭൂമി എന്നീ പദ്ധതികള്‍ പ്രകാരം 20,75,000 രൂപ വിനിയോഗിച്ചു.
അതിക്രമത്തിനിരയാകുന്ന വ്യക്തികള്‍ക്കും ആശ്രിതര്‍ക്കും ആശ്വാസവും പുനരധിവാസവും ലഭ്യമാക്കുന്ന പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം 33 പേര്‍ക്ക്  98,52,240 രൂപ നല്‍കി.
അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതി പ്രകാരം ജില്ലയില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന എട്ടു കോളനികളെ തെരഞ്ഞെടുക്കുകയും ഈ കോളനികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ഒരു കോടി രൂപ വീതം എട്ടു കോടി  രൂപ അനുവദിച്ചു.
പട്ടികജാതി വിഭാഗം പെണ്‍കുട്ടികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് മുഖേന ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നതിനുളള പദ്ധതിയാണ് വാത്സല്യനിധി. നാലു ഗഡുക്കളായി  പെണ്‍കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ കാലയളവില്‍ 1,38,000 രൂപ നിക്ഷേപിക്കുകയും പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ 3,00,000 രൂപയില്‍ കുറയാത്ത തുക അനുവദിക്കുകയും ചെയ്യുന്നു.

error: Content is protected !!