
വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സേര്‍ച്ച് ഡ്രൈവ് ഉദ്ഘാടനവും പോസ്റ്റര്‍ പ്രദര്‍ശനവും റാന്നി ബസ് സ്റ്റാന്‍ഡില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. സമൂഹത്തിലെ നിര്‍ണായക ഘടകമാണ് കുട്ടികളെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കുട്ടികള്‍ കളിച്ചു നടക്കേണ്ട പ്രായത്തില്‍ തന്നെ നിര്‍ബന്ധപൂര്‍വം അപകടകരമായ ജോലികളിലേര്‍പ്പെടേണ്ടി വരുന്ന സാഹചര്യം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ കഴിയുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തി രാഷ്ട്ര പുരോഗതിക്കനുസൃതമായി വളര്‍ത്തിയെടുക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
ഇതിനായി ആവശ്യമായ ബോധവല്‍ക്കരണം നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും എംഎല്‍എ പറഞ്ഞു. റാന്നി മേഖലയില്‍ സേര്‍ച്ച് ഡ്രൈവ് നടത്തുകയും കടകളില്‍ ബാലവേലയ്‌ക്കെതിരായുളള പോസ്റ്റര്‍ പതിപ്പിച്ച് അവബോധം നല്‍കുകയും ചെയ്തു. ചടങ്ങില്‍ മെമ്പര്‍ ഗീതാ സുരേഷ്, അസി. ലേബര്‍ ഓഫീസര്‍ ഐ. രേഖ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിത ദാസ് എന്നിവര്‍ പങ്കെടുത്തു.