Trending Now

ആറന്മുളയുടെ തിലകക്കുറിയാണ് ഉതൃട്ടാതി ജലമേള

ഉതൃട്ടാതി ജലമേള
ദേശീയതയുടെയും മതനിരപേക്ഷതയുടെയും സന്ദേശം
ഉയര്‍ത്തിപ്പിടിക്കുന്നു
…………………………………….

നാനാവിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഒരേമനസോടെ ഒത്തുചേരുന്ന ആറന്മുള ഉതൃട്ടാതി ജലമേള ദേശീയതയുടെയും മതനിരപേക്ഷതയുടെയും സന്ദേശം പകര്‍ന്നുനല്‍കുന്നതാണെന്ന് ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉതൃട്ടാതി ജലമേള ആറന്മുള സത്രക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുഴയും വയലുകളും തണ്ണീര്‍ത്തടങ്ങളും കൊണ്ട് സമൃദ്ധമായ ആറന്മുളയുടെ തിലകക്കുറിയാണ് ഉതൃട്ടാതി ജലമേള. പമ്പാനദീതട സംസ്‌കാരത്തിന്റെ ഭാഗമാണ് ജലമേളയുടെ ഭാഗമായുള്ള ഈ കൂട്ടായ്മ. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളുടെ ഭാഗമായി നടത്തുന്ന ജലമേള നാടിന്റെ സാംസ്‌കാരിക തനിമ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം കൂട്ടായ്മയുടെയും മതനിരപേക്ഷതയുടെയും സന്ദേശം നല്‍കുന്നു എന്നത് ഏറെ ആവേശകരമാണ്. ആറന്മുള കണ്ണാടിയും വള്ളസദ്യയും വഞ്ചിപ്പാട്ടും ഉള്‍പ്പടെ അനവധി സാംസ്‌കാരിക തനിമകള്‍ നിറഞ്ഞ ഒരു പ്രദേശമാണ് ആറന്മുള. ആറന്മുളയുടെ പ്രശസ്തി പലതുകൊണ്ടും ലോകടൂറിസം ഭൂപടത്തില്‍ തന്നെ ഇടംപിടിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജലമേളകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ ബജറ്റില്‍ ജലമേളകള്‍ക്കായി അഞ്ച് കോടി രൂപ മാറ്റിവച്ചത്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ജലമേളകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് ഏറെ സഹായകരമാകും. കേരളത്തിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ എല്ലാ ജലമേളകളെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആറന്മുളയുടെ ചരിത്രത്തില്‍ ആദ്യമായി 52 പള്ളിയോടങ്ങള്‍ക്ക് 25000 രൂപ വീതം ആകെ 13 ലക്ഷം രൂപ ഈ വര്‍ഷം മെയിന്റനന്‍സ് ഗ്രാന്റ് അനുവദിച്ചു. ഇതിനു പുറമേ ആറന്മുള വള്ളംകളിക്ക് മാത്രമായി 10 ലക്ഷം രൂപ പ്രത്യേക ധനസഹായവും അനുവദിച്ചിട്ടുണ്ട്. 2015ല്‍ ആറന്മുള ജലമേളില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി 51 ലക്ഷം രൂപയുടെ സഹായം ജലമേളയ്ക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ലഭ്യമായിട്ടില്ല. ഈ തുക നേടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഊര്‍ജിതമായ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സുവനീറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി ഗോലോകാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. ഈ വര്‍ഷത്തെ രാമപുരത്ത് വാര്യര്‍ അവാര്‍ഡ് മന്ത്രി മാത്യു ടി.തോമസ് സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന് സമ്മാനിച്ചു. വഞ്ചിപ്പാട്ട് കലാകാരന്‍ മധുസൂദനന്‍ നായരെ വീണാ ജോര്‍ജ് എം.എല്‍.എ ആദരിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പള്ളിയോട ശില്‍പികളെ ആദരിച്ചു. മത്സര വള്ളംകളിയിലെ വിജയികള്‍ക്ക് എന്‍.എസ്.എസ് പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ മന്നം ട്രാഫി സമ്മാനിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഡി രാജന്‍, ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, കെ.കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ജില്ലാ പോലീസ് മേധാവി ഡോ.സതീഷ് ബിനൊ, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ.പദ്മകുമാര്‍, എഡിഎം അനു എസ്.നായര്‍, പള്ളിയോട സേവാസംഘം സെക്രട്ടറി പി.ആര്‍ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍, ജില്ലാ പഞ്ചായത്തംഗം വിനീത അനില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഐഷ പുരുഷോത്തമന്‍, മനോജ് മാധവശേരില്‍, എല്‍സി ക്രിസ്റ്റഫര്‍, മിനി ശ്യാം മോഹന്‍, പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് കെ.പി സോമന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി ഉദയഭാനു, എ.പി ജയന്‍, ബാബു ജോര്‍ജ്, അശോകന്‍ കുളനട തുടങ്ങിയവര്‍ പങ്കെടുത്തു.

……………..
ആറന്മുളയുടെ സാംസ്‌കാരിക പൈതൃകം
ഉതൃട്ടാതി ജലോത്സവത്തില്‍ ദൃശ്യമാകുന്നു :
മന്ത്രി മാത്യു ടി.തോമസ്
…………………
ആറന്മുളയുടെ പ്രൗഢമായ സാംസ്‌കാരിക പൈതൃകം ഉതൃട്ടാതി ജലോത്സവത്തില്‍ ദൃശ്യമാകുന്നതായി ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ഉതൃട്ടാതി ജലമേളയുടെ ഭാഗമായുള്ള മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആറന്മുളയുടെ ഉന്നതമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ രൂപം കൊണ്ട ജനകീയ കൂട്ടായ്മയുടെയും സര്‍ക്കാരിന്റെയും ശ്രമഫലമായി ആറന്മുളിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ കഴിഞ്ഞു. ഇത് നദികളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്ക് ഒരു പുതിയ ദിശാബോധം നല്‍കി. മൃതാവസ്ഥയിലായിരുന്ന വരട്ടാറിനെയും ആദിപമ്പയെയും ജനകീയ കൂട്ടായ്മയില്‍ പുനരുജ്ജീവിപ്പിച്ചപ്പോള്‍ പള്ളിയോടങ്ങള്‍ വരട്ടാറിലൂടെ തുഴഞ്ഞ് പമ്പയിലെത്തി. വര്‍ഷങ്ങളായി വരട്ടാറിലൂടെ പള്ളിയോടങ്ങള്‍ കടന്നുവരാറില്ലായിരുന്നു. ജനങ്ങളും സര്‍ക്കാരും ഒന്നിച്ചുചേര്‍ന്നപ്പോള്‍ വരട്ടാറും ആദിപമ്പയും പുനര്‍ജനിച്ചു. ഇത് നദീസംരക്ഷണത്തിലെ ഒരു പുതിയ അധ്യായമായി മാറി. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ നദികളെയും ജലോത്സവങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ജനകീയ മുന്നേറ്റങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പമ്പയിലെ മണ്‍പുറ്റ് നീക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ സമയബന്ധിതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. വരും വര്‍ഷങ്ങളിലും ജലമേളയുടെ പ്രൗഢി നിലനിര്‍ത്തുന്നതിനുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു