അട്ടത്തോട് കോളനിക്കും അടിച്ചിപ്പുഴ കോളനിക്കും ഒരു കോടി രൂപ വീതം അനുവദിച്ചു
അട്ടത്തോട് കോളനിയുടെയും അടിച്ചിപ്പുഴ കോളനിയുടെയും സമഗ്ര വികസനത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചു. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളുടെ സമഗ്രമായ പുരോഗതിക്കായി സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന സവിശേഷ പദ്ധതിയായ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.
ഇരു സ്ഥലങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോളനി നിവാസികളും പങ്കെടുക്കുന്ന ഊര് കൂട്ടങ്ങള്‍ വിളിച്ച് ചേര്‍ത്ത് നിര്‍വഹണം സംബന്ധിച്ച വിശദമായ പദ്ധതി രേഖ തയാറാക്കും. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് പദ്ധതി നിര്‍വഹണ ചുമതല. പട്ടിക ജാതി വികസന വകുപ്പ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അട്ടത്തോട് കോളനിക്കും കോട്ടാങ്ങല്‍ മലമ്പാറ കോളനിക്കും ഒരു കോടി രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. ഓരോ കോടി രൂപ ചിലവഴിച്ചുള്ള രണ്ട് പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ അട്ടത്തോട് കോളനിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുകയും കോളനിയുടെ മുഖച്ഛായ തന്നെ മാറുകയും ചെയ്യും.
പുനര്‍ ലേലം
തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന ഒരു മഴ മരം, ഒരു ബദാം, ഒരു കണിക്കൊന്ന എന്നീ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും രണ്ട് ഞാവല്‍, ഒരു മാഞ്ചിയം, ഒരു വട്ട എന്നീ മരങ്ങളുടെ ശിഖരങ്ങള്‍ കോതി മാറ്റുകയും ചെയ്ത് ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് ഏപ്രില്‍ 22 ന് രാവിലെ 11 ന് ആശുപത്രിയില്‍ പുനര്‍ ലേലം ചെയ്യും. ഫോണ്‍ : 0469 2602494.
മന്ത്രിസഭാ വാര്‍ഷികം: എന്റെ കേരളം പ്രദര്‍ശന – വിപണന മേള മെയ് 11 മുതല്‍ 17 വരെ
സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന- വിപണനമേള മെയ് 11 മുതല്‍ 17 വരെ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മെയ് രണ്ടു മുതല്‍ എട്ടു വരെ ആയിരുന്നു പ്രദര്‍ശന വിപണന മേളയ്ക്കായി നേരത്തെ തീരുമാനിച്ച തീയതി. ജില്ലാ സ്റ്റേഡിയത്തിന്റെ ലഭ്യത കണക്കിലെടുത്താണ് തീയതിയില്‍ മാറ്റം വരുത്തിയതെന്നും മന്ത്രി പറഞ്ഞു. ജില്ലയുടെ പൊതു ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് എല്ലാ വകുപ്പുകളും ഫലപ്രദമായി ഇടപെട്ടുകൊണ്ടുള്ള മേളയായിരിക്കും സംഘടിപ്പിക്കുക. മേള നടക്കുന്ന സ്ഥലത്ത് ആവശ്യമായ കുടിവെള്ളവും വൈദ്യുതിയും വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും ഉറപ്പുവരുത്തണം. സംസ്ഥാന സര്‍ക്കാരിന്റെ വിവിധങ്ങളായ പദ്ധതികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ച് ബോധവത്ക്കരണവും ജില്ലയുടെ വിവിധ പ്രത്യേകതകളും തനിമയും മേളയുടെ ഭാഗമാകും. ജില്ലയുടെ സവിശേഷതകള്‍ കണക്കിലെടുത്ത് ഓരോ വകുപ്പുകളും സ്റ്റാളുകള്‍ ഒരുക്കണമെന്നും കര്‍ഷകര്‍ക്ക് വിപണനസൗകര്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് മെയ് ഏഴിന് ഉച്ച കഴിഞ്ഞ് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ നഗരസഭ ബസ് സ്റ്റാന്‍ഡ് വരെ വിളംബര ജാഥ സംഘടിപ്പിക്കും. നൂറു വിപണന സ്റ്റാളുകളും 50 പ്രദര്‍ശന-സേവന സ്റ്റാളുകളുമാണ് മേളയില്‍ ഉണ്ടാകുക. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും, സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേള, കാര്‍ഷിക പ്രദര്‍ശനം, ടെക്‌നോ ഡെമോ തുടങ്ങിയവയും ഉണ്ടാകും. ഓരോ വകുപ്പുകളും അവരവരുടെ സ്റ്റാളുകള്‍ ഏറ്റവും ആകര്‍ഷണീയമാക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരേയും ആകര്‍ഷിക്കുന്ന തരത്തിലായിരിക്കണം മേള സംഘടിപ്പിക്കേണ്ടതെന്നും ഓരോ വകുപ്പുകളുടേയും സ്റ്റാളുകള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കണമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വിപുലമായ പങ്കാളിത്തത്തോടെ വിളംബര ജാഥ സംഘടിപ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന വികസന പദ്ധതികളെയും നേട്ടങ്ങളെയും പ്രദര്‍ശിപ്പിക്കുന്നതിനും വിശദീകരണം ലഭിക്കുന്നതിനുമുള്ള അവസരമാണ് മേളയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വിവിധ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിജ്ഞാനപ്രദമായ സെമിനാറുകളും പ്രദര്‍ശനങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സംഘാടനം, ഏകോപനം, പ്രചാരണം എന്നീ സബ് കമ്മറ്റികള്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ സംഘാടനസമിതി അധ്യക്ഷനും, നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ ഏകോപന സമിതി അധ്യക്ഷനും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പ്രചാരണസമിതി അധ്യക്ഷനുമായിരിക്കും.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് അലക്സ് പി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ പ്രൊഫ. ടി.കെ.ജി നായര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, വിവിധ ബോര്‍ഡുകളുടെ അധ്യക്ഷന്മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.’
റവന്യു കലോത്സവം ഏപ്രില്‍ പതിനെട്ട് മുതല്‍
ജില്ലാതല റവന്യു കലോത്സവം ഏപ്രില്‍ 18 മുതല്‍ 27 വരെ പത്തനംതിട്ടയില്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റവന്യു കലോത്സവവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് പ്രളയത്തേയും കോവിഡിനേയും അതിജീവിച്ച ശേഷം ജില്ലയില്‍ ആദ്യമായാണ് റവന്യു കലോല്‍സവം സംഘടിപ്പിക്കുന്നത്. എല്ലാ ഉദ്യോഗസ്ഥരുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. 18,19 തീയതികളില്‍ സ്പോര്‍ട്സ് ആന്‍ഡ് അത്ലറ്റിക്സ് മത്സരങ്ങളും 22, 23 തീയതികളില്‍ രചനാ മത്സരങ്ങളും, 26,27 തീയതികളില്‍ കലാമത്സരങ്ങളും സംഘടിപ്പിക്കും. ഇതുവരെ ഇരുന്നൂറിലധികം പേരാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ സ്റ്റേഡിയത്തിലും കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. മന്ത്രി വീണാജോര്‍ജ് രക്ഷാധികാരിയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ വൈസ് ചെയര്‍മാനായും സംഘാടക സമിതി രൂപീകരിച്ചു.
ആരോഗ്യമന്ത്രി വീണാജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് അലക്സ് പി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ പ്രൊഫ. ടി.കെ.ജി നായര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, വിവിധ ബോര്‍ഡുകളുടെ അധ്യക്ഷന്മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ പട്ടയവിതരണമേള 25ന്; ആകെ 246 പട്ടയങ്ങള്‍ വിതരണം ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ പട്ടയവിതരണമേള ഈ മാസം 25 ന് നടക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയമേള സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യു മന്ത്രി കെ. രാജന്‍ പട്ടയവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ച കഴിഞ്ഞു മൂന്നിന് പത്തനംതിട്ട ജില്ലാ ആസ്ഥാനത്തും വൈകുന്നേരം അഞ്ചിന് അടൂരും ആണ് പട്ടയ മേള നടക്കുക.
അടൂര്‍ 21, കോഴഞ്ചേരി 22, റാന്നി 79, കോന്നി 50, തിരുവല്ല 44, മല്ലപ്പള്ളി 30, പട്ടയങ്ങള്‍ ആണ് വിതരണം ചെയ്യുന്നത്. അടുത്ത തവണ റാന്നി, കോന്നി മണ്ഡലങ്ങളില്‍ കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പൊതു ജനപങ്കാളിത്തം പട്ടയമേളയില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് അലക്സ് പി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. മോഹനന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ പ്രൊഫ. ടി.കെ.ജി നായര്‍,ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അതിഥി തൊഴിലാളികള്‍ക്കായി ഗസ്റ്റ് ആപ്പ് ഒരുങ്ങി
അതിഥി തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനായ ഗസ്റ്റ് ആപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
ഉദ്ഘാടനവേദിയില്‍ ഗസ്റ്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍ക്ക് ഐഡികാര്‍ഡ് വിതരണം ചെയ്തു. ബോര്‍ഡിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലിടങ്ങളില്‍ നേരിട്ട് ചെന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ അതിഥിതൊഴിലാളികളേയും പദ്ധതിയില്‍ അംഗമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തൊഴിലാളികളുടെ വാട്സ് ആപ്പ് നമ്പറില്‍ തന്നെ ഐ.ഡി.കാര്‍ഡ് ലഭിക്കും. ഗസ്റ്റ് ആപ്പിലൂടെ അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ട്രേഡ് യൂണിയന്‍ ഭാരവാഹികളോടും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളോടും കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ വി. ശശികുമാര്‍ അഭ്യര്‍ഥിച്ചു.
സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം 18 ന്
വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സുഭിക്ഷ ഹോട്ടല്‍ അടൂര്‍ നിയോജകമണ്ഡലത്തിലെ ആനന്ദപ്പളളിയില്‍ ഏപ്രില്‍ 18ന് ഉച്ചകഴിഞ്ഞ് 3.30ന് പ്രവര്‍ത്തനം ആരംഭിക്കും. നിയമസഭാ സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആന്റോ അന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ, മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.
സെക്യുരിറ്റി നിയമനം
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് താത്കാലികമായി മാസവേതന അടിസ്ഥാനത്തില്‍ നാലു സെക്യുരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രില്‍ 22 ന്
ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി ഓഫീസില്‍ നല്‍കണം. അപേക്ഷകര്‍ ഏപ്രില്‍ 25 ന് ഉച്ചയ്ക്ക്
1.30 ന് ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. എക്സ് സര്‍വീസ്, മറ്റ് സായുധ സേന വിഭാഗങ്ങളില്‍നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ക്ക് 30 വയസ് തികയുകയും 50 വയസില്‍ അധികരിക്കാനും പാടില്ല. അപേക്ഷകര്‍ക്ക് പത്താം ക്ലാസ് വിദ്യാഭ്യസ യോഗ്യത ഉണ്ടായിരിക്കണം. തെരഞ്ഞടുക്കപ്പെട്ടവര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ കോന്നി താലൂക്ക് ആശുപത്രി
ഓഫീസില്‍ നിന്നും ലഭിക്കും.
സ്വീപ്പര്‍ നിയമനം
പ്രമാടം ഗ്രാമപഞ്ചായത്ത് പൂങ്കാവില്‍ ആരംഭിച്ച ആയുര്‍വേദ ഉപകേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്വീപ്പറെ നിയമിക്കുന്നു. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം. അവസാന തീയതി ഏപ്രില്‍ 23 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2242215, 0468 2240175.
ഓവര്‍സീയര്‍ നിയമനം
പ്രമാടം ഗ്രാമപഞ്ചായത്ത് എംജിഎന്‍ആര്‍ഇജിഎസ് പദ്ധതി നടത്തിപ്പിനായി ഒരു ഓവര്‍സീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത : സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദം, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം. അവസാന തീയതി ഏപ്രില്‍ 23 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2242215, 0468 2240175.
സാക്ഷ്യപത്രം സമര്‍പ്പിക്കണം
ഈ വര്‍ഷം ജനുവരി ഒന്നിന് (01.01.2022) ല്‍ 60 വയസ് പൂര്‍ത്തിയാകാത്ത വിധവ പെന്‍ഷന്‍/ 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍, വിവാഹിത /പുനര്‍വിവാഹിതയല്ല എന്ന് ഗസറ്റഡ്ഓഫീസര്‍/ വില്ലേജ്ഓഫീസറില്‍ കുറയാതെയുള്ള റവന്യൂ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, 2021 ഡിസംബര്‍ മുതല്‍ സമര്‍പ്പിച്ചിട്ടില്ലാത്ത പക്ഷം, ഏപ്രില്‍ 30 നുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04682 350229.
അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒഴിവ്
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയറെ ആവശ്യമുണ്ട്. യോഗ്യത: അംഗീകൃത സിവില്‍ എഞ്ചിനീയറിംഗ് /അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ഡിഗ്രി. പ്രായപരിധി : 40 വയസ്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകുന്നേരം അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 0468-2350229.
—