Konnivartha. Com :പത്തനംതിട്ട ശ്രീചിത്തിര തിരുനാൾ സ്മാരക ടൗൺഹാൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ഇന്ന് (30-03-2022) നാടിന് സമർപ്പിക്കും.
രാവിലെ 11:30ന് നടക്കുന്ന ഉദ്ഘാടന യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അധ്യക്ഷനാകും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് മുഖ്യ അതിഥിയായിരിക്കും.
ആധുനിക കേരളത്തിൻെറ നിർമാണ പ്രക്രിയയിൽ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച് നിർമ്മിച്ചതാണ് ചിത്തിര തിരുനാൾ ടൗൺ ഹാൾ. കാലപ്പഴക്കത്താലും പ്രകൃതിക്ഷോഭത്തിലും പൂർണ്ണമായും തകർന്ന ടൗൺ ഹാൾ പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിൽ വന്നതിനെ തുടർന്നാണ് പുതുക്കിപ്പണിതത്.
75 ലക്ഷം രൂപയാണ് നിർമാണത്തിന് ചെലവായത്. ജില്ലാ കേന്ദ്രത്തിലെ ഏക പൈതൃക ചരിത്ര സ്മാരകം എന്ന നിലയിൽ തനിമ നഷ്ടപ്പെടാതെ, ആധുനിക സംവിധാനങ്ങൾ ഒരുക്കിയാണ് ടൗൺ ഹാൾ നിർമ്മിച്ചത്. വിപുലീകരിക്കാൻ സാധ്യതയില്ലെന്ന് പലരും വിധിയെഴുതിയ ടൗൺ ഹാൾ എട്ടുമാസം കൊണ്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തുറന്നുകൊടുക്കുന്നത്.
പൂർണമായും എയർകണ്ടീഷൻ ചെയ്ത ഹാളിൽ പുഷ്ബാക്ക് സീറ്റുകളും, ആധുനിക സൗണ്ട് സിസ്റ്റവും, 4 കെ റസല്യൂഷൻ പ്രൊജക്ടറും സ്ഥാപിച്ചിട്ടുണ്ട്.
ഹാളിനുള്ളിൽ ശബ്ദ ക്രമീകരണങ്ങൾക്കായി നൂതനമായ അക്കൗസ്റ്റിക് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കേരളീയ പാരമ്പര്യ ശൈലിയിൽ നിർമ്മിക്കപ്പെട്ട ടൗൺ ഹാളിൽ തടിയാണ് ധാരാളമായി ഉപയോഗിച്ചിരുന്നത്. കാലപ്പഴക്കത്തിൽ ഇതിന് ബലക്ഷയം സംഭവിച്ചിരുന്നു. വരാന്തയിലെ മരത്തൂണുകൾക്ക് പകരമായി കൽത്തൂണുകൾ സ്ഥാപിച്ചു. കൽത്തൂണുകൾ തമിഴ് നാട്ടിലെ മാർത്താണ്ടത്തു നിന്നാണ് എത്തിച്ചത്.
മേൽക്കൂരയിലെ തടികൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന മികച്ച ഗുണനിലവാരമുള്ള ഗാൽവനൈസ്ഡ് അയൺ സ്ഥാപിച്ചു. പുറംഭിത്തിയും ജനലുകളും തുടങ്ങി നിലനിർത്താവുന്ന എല്ലാ ഭാഗങ്ങളും സംരക്ഷിച്ചാണ് നവീകരണം പൂർത്തീകരിച്ചത്. ഉച്ചയ്ക്ക് 2.30 മുതൽ മോഹിനിയാട്ടം, കുച്ചിപ്പുടി, നാട്ടു സംഗീതം എന്നിവ അരങ്ങേറും.
വൈകിട്ട് 5. 30 മുതൽ ഗസൽ സംഗീതരാവും സംഘടിപ്പിക്കും. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ നഗരസഭാ ചെയർമാൻ ആദരിക്കും.
കലാമണ്ഡലം ഭാഗ്യലക്ഷ്മിയാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. അമൃത കൃഷ്ണൻ കുച്ചിപ്പുടിയും, അഡ്വ. സുരേഷ് സോമയുടെയും സംഘത്തിൻെറയും നേതൃത്വത്തിൽ ബഹുഭാഷാ നാട്ടുസംഗീതവും നടക്കും. അജിത് വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഗസൽ സംഗീതവിരുന്ന്.