Trending Now

പന്തളത്ത് മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ പ്രവാസിയായ മകൻ പിടിയില്‍

Spread the love

 

 
പന്തളത്ത് വൃദ്ധരായ മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങലടി കാഞ്ഞിരവിളയിൽ മാത്യൂസ് ജോണ്‍ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. പിതാവ് കെ.എം.ജോണ്‍ (70), മാതാവ് ലീലാമ്മ ജോണ്‍ (63) എന്നിവരെ കൊലപ്പെടുത്തി ഇയാൾ പുരയിടത്തിന് സമീപമുള്ള കുഴിയിൽ മറവു ചെയ്യുകയായിരുന്നു.

ഒരാഴ്ച മുൻപാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം മാത്യൂസും ഭാര്യയും കുട്ടിയും താമസിച്ചുവരികയായിരുന്നു. ഭാര്യയും കുട്ടിയും ഒരാഴ്ച മുൻപ് കോട്ടയത്തെ വീട്ടിലേക്ക് പോയ ശേഷമാണ് ഇയാൾ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഇരുവരെയും കാണാതെ വന്നതോടെ മകനോട് ഇവരെക്കുറിച്ച് പരിസരവാസികളും ബന്ധുക്കളും തിരക്കിയിരുന്നു. എന്നാൽ ഇവർ ധ്യാനത്തിന് പോയിരിക്കുകയാണെന്നാണ് ഇയാൾ മറുപടി നൽകിയത്.

ഇതിന് പിന്നാലെ മുന്ന് ദിവസം മുൻപ് ഇയാൾ വീട്ടിൽ ജെസിബി കൊണ്ടുവന്ന് മൃതദേഹം മറവുചെയ്ത കുഴി മണ്ണിട്ട് മൂടി. വേസ്റ്റ് നിക്ഷേപിക്കുന്നതിനാൽ കുഴി മൂടുന്നുവെന്ന് ഇയാൾ കാര്യം തിരക്കിയവരോട് പറയുകയും ചെയ്തു. പിന്നീട് സമീപത്ത് താമസിക്കുന്ന കെ.എം.ജോണിന്‍റെ സഹോദരനും സമീപവാസികൾക്കും സംശയം തോന്നിയതിനെ തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.

ഇന്ന് രാവിലെ പോലീസ് വീട്ടിലെത്തിയപ്പോൾ മകൻ രക്ഷപെട്ടു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനിടെ ഇയാളെ അടൂരിൽ വച്ച് അറസ്റ്റ് ചെയ്തു. പന്തളം പോലീസ് പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ സംഭവങ്ങളുടെ കെട്ടഴിഞ്ഞത്. താനാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും മൃതദേഹം വീടിന് സമീപത്തെ കുഴിയിൽ മറവു ചെയ്തെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. തുടർന്ന് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

നഴ്സിംഗ് ബിരുദധാരിയായ മകൻ ജോലിക്ക് ഒന്നും പോകാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. മാതാപിതാക്കളുമായി ഇയാൾ പതിവായി വഴക്കിടാറുണ്ടെന്നും പരിസരവാസികൾ പോലീസിനോട് പറഞ്ഞു. മരിച്ച ദന്പതികൾക്ക് ഇയാളെ കൂടാതെ ഒരു മകനും കൂടിയുണ്ട്. ഇയാൾ ഖത്തറിൽ ജോലി ചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!