konnivartha.com : മലയാളത്തിൽ പുതിയൊരു പ്രസാധക സംരംഭംകൂടി പിറവിയെടുക്കുകയാണ്. തിങ്ക്ലി പബ്ലിക്കേഷൻസ് .കൂണുപോലെ മുളച്ചുപൊന്തുകയും അസ്തമിക്കുകയും ചെയ്യുന്ന പുസ്തക പ്രസാധകരുടെ കൂട്ടത്തിൽ ഇനിയുമൊന്നോ എന്ന് അത്ഭുതപ്പെടുന്നവർ ഉണ്ടാകാം. തീർച്ചയായും ആ അത്ഭുതത്തെ മറികടക്കുക എന്നുള്ളതുതന്നെയാണ് മുന്നിലുള്ള ആദ്യത്തെ കടമ്പ.
വെല്ലുവിളികൾ ഏറെയുള്ള ഒരു മേഖലയാണെന്ന് അറിയാഞ്ഞിട്ടല്ല, കൃത്യതയും വ്യക്തതയും നിലപാടും ആവശ്യമുണ്ടെന്നുമറിയാം. അതുണ്ടാക്കുവാനല്ല, അതുള്ളതുകൊണ്ടാണ് പുസ്തക പ്രസാധനത്തിലേയ്ക്ക് കടക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു .
തിങ്ക്ലിയുടെ ആദ്യ പുസ്തകം തന്നെ അതിനുള്ള തെളിവാണ്. മലയാള സിനിമയിലെ സൗമ്യസാന്നിധ്യമായിരുന്ന എം.ജെ. രാധാകൃഷ്ണനെക്കുറിച്ച് മുഖവുരയുടെ ആവശ്യമില്ല.
എം.ജെ. രാധാകൃഷ്ണനെക്കുറിച്ച് ന്യൂവേവ് ഫിലിം സ്‌കൂളിന്റെയും മിനിമൽ സിനിമ ഫിലിം സൊസൈറ്റിയുടെയും മുൻകൈയ്യിൽ തയാറാക്കിയ പുസ്‌തകത്തിന്റെ കവർ പ്രകാശനം ചെയ്യുകയാണ്. തിങ്ക്ലി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. ഡോ.ബിജു, അനു പാപ്പച്ചൻ, ജയൻ ചെറിയാൻ, ദീദി, പ്രേംചന്ദ്, വി.മോഹനകൃഷ്‌ണൻ, ഷിംന,കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരുടെ ലേഖനങ്ങൾ പുസ്തകത്തിൽ ഉണ്ട്. ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ന്യൂവേവ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ പുസ്തക പ്രകാശനം നടക്കും .