ജനകീയ വീണ്ടെടുപ്പിനെ തുടര്‍ന്ന് കാലവര്‍ഷത്തില്‍ നിറഞ്ഞൊഴുകുന്ന വരട്ടാറിലെ ജലസമൃദ്ധിക്ക് ആവേശം പകര്‍ന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. നദിയുടെ ഒഴുക്കിനെ തടസപ്പെടുത്തിയിരിക്കുന്ന പുതുക്കുളങ്ങരയിലെ ചപ്പാത്തിനെ മറികടന്ന് വരട്ടാര്‍ ഒഴുകുന്നതിന്റെയും, വരട്ടാറില്‍ മത്സ്യബന്ധനം നടത്തുന്നതിന്റെയും, ജലത്തില്‍ ഇറങ്ങിനില്‍ക്കുന്നവരുടെയും, ശക്തമായ ഒഴുക്കിന്റെയും ദൃശ്യങ്ങള്‍ കുറിപ്പിനൊപ്പം മന്ത്രി പങ്കുവച്ചു. വരട്ടാര്‍ നിറഞ്ഞൊഴുകുന്നതുമൂലം മറുകരയെത്താനാവാതെ പുതുക്കുളങ്ങര ചപ്പാത്തിനു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന മിനി ബസ് നില്‍ക്കുന്ന സ്ഥലം തിരിച്ചറിയുന്നുണ്ടോയെന്ന ചോദ്യത്തോടെയാണ് മന്ത്രിയുടെ കുറിപ്പ് ആരംഭിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം:
‘ബസ് നില്‍ക്കുന്ന സ്ഥലം തിരിച്ചറിയുന്നുണ്ടോ? ഇത് പുതുക്കളങ്ങര ചപ്പാത്തിലേക്കുള്ള റോഡാണ്. ചപ്പാത്ത് പൊളിക്കേണ്ടി വന്നില്ല. വെള്ളം കുത്തിയൊഴുകുകയാണ്. പമ്പയെ മണിമലയാറുമായി ബന്ധിപ്പിക്കുന്ന സ്വാഭാവിക ജലസ്രോതസ് ആയിരുന്ന വരട്ടാറിന്റെ പുനരുജ്ജീവനത്തിന് ചേര്‍ന്ന കൂട്ടായ്മ പ്രദേശത്തെയും മറ്റു പ്രദേശങ്ങളിലെയും ജനങ്ങളും മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും എല്ലാം ചേര്‍ന്നതായിരുന്നു. ചെറിയൊരു ചാലുകീറി വെള്ളമൊഴുക്കാനാണ് ആദ്യം പ്‌ളാനിട്ടിരുന്നത്. എന്നാല്‍, ജനങ്ങള്‍ ആവേശം കൊണ്ട് പലയിടത്തും വീതി കൂട്ടി.
മഴ വന്ന് വെള്ളമുയര്‍ന്നപ്പോള്‍ നദി ചാലൊന്നും നോക്കാതെ നിറഞ്ഞൊഴുകി.ഇപ്പോള്‍ വെള്ളം ഒഴുകുന്നിടമെല്ലാം നദിക്ക് സ്വന്തം. ഇനി അത് സംരക്ഷിക്കണം. അതാണ് പരിപാടി. ഇപ്പോള്‍ തന്നെ വരട്ടാര്‍ പോയി കണ്ടാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, തിരക്ക് കാരണം കഴിയുന്നില്ല. രാവിലെ കാബിനറ്റ് കഴിഞ്ഞു വരുമ്പോള്‍ കൃഷി മന്ത്രി സുനില്‍കുമാര്‍ വരട്ടാര്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. നാലാം തീയതി നാട്ടുകൂട്ടത്തിന് എനിക്കും മന്ത്രി മാത്യു ടി. തോമസിനുമൊപ്പം മന്ത്രി സുനില്‍കുമാറുമുണ്ടാകും’- ധനമന്ത്രി ഫേയ്‌സ് ബുക്കില്‍ കുറിച്ചു.
പുഴയോര നാട്ടുകൂട്ടങ്ങള്‍ നാലിന്
വരട്ടാര്‍ വീണ്ടെടുപ്പ് വിലയിരുത്താന്‍
വീണ്ടും മന്ത്രിമാര്‍ വരുന്നു
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടക്കുന്ന വരട്ടാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്, ജലവിഭവ മന്ത്രി മാത്യു ടി.തോമസ്, കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ ജൂലൈ നാലിനെത്തും. ജലസമൃദ്ധമായി ഒഴുകുന്ന വരട്ടാര്‍ മന്ത്രിമാര്‍ നേരില്‍ കാണുകയും പുഴയോര നാട്ടുകൂട്ടങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. രാവിലെ 8.30ന് കോയിപ്രം വഞ്ചിപ്പോട്ടില്‍ കടവിലും 10ന് കിഴക്കന്‍ ഓതറ പുതുക്കുളങ്ങരയിലും 11ന് ആറാട്ടുകടവിലും
ഉച്ചയ്ക്ക് 12ന് വാളത്തോട്ടിലും പുഴയോര നാട്ടുകൂട്ടങ്ങള്‍ ചേര്‍ന്ന് നിലവില്‍ പൂര്‍ത്തിയാക്കിയ വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. എം.എല്‍.എമാരായ വീണാ ജോര്‍ജ്, കെ.കെ രാമചന്ദ്രന്‍ നായര്‍, ഹരിതകേരളം ഉപാധ്യക്ഷ ഡോ.ടി.എന്‍ സീമ, തദ്ദേശഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ധനമന്ത്രി ഡോ. തോമസ് ഐസക്, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്, കെ.കെ. രാമചന്ദ്രന്‍ നായര്‍, ഹരിതകേരളം ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ എന്നിവരുടെ നേതൃത്വത്തില്‍ മേയ് 29ന് നടത്തിയ ‘വരട്ടെ ആര്‍’ യാത്രയെ തുടര്‍ന്നാണ് നദിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറാട്ടുപുഴ പാലത്തിനു സമീപം വഞ്ചിപ്പോട്ടില്‍ കടവിലെ ചപ്പാത്ത് പൊളിച്ചു നീക്കിയതോടെയാണ് ആദി പമ്പയിലേക്കും അതു വഴി വരട്ടാറിലേക്കും പമ്പാ നദിയില്‍നിന്നും ജല പ്രവാഹം സാധ്യമായത്. കിഴക്കന്‍ ഓതറയിലെ പുതുക്കുളങ്ങര ക്ഷേത്രത്തിനു കിഴക്ക് പടനിലത്തിനു സമീപം ആദി പമ്പയില്‍നിന്നാണ് വരട്ടാര്‍ ആരംഭിക്കുന്നത്. വരട്ടാര്‍ കടന്നു പോകുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ നദിയുടെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രകൃതിയുടെ അനുഗ്രഹ വര്‍ഷമായി മഴയെത്തിയത്. മന്ത്രിമാരും എംഎല്‍എമാരും തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും പൊതുപ്രവര്‍ത്തകരും പൊതുജനങ്ങളും ഒന്നായി പ്രവര്‍ത്തിക്കുന്നതാണ് വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയെ വേറിട്ട വികസന മാതൃകയാക്കുന്നത്. ധനമന്ത്രി ഡോ. തോമസ് ഐസക്കും ജലവിഭവ മന്ത്രി മാത്യു ടി. തോമസും ഉള്‍പ്പെടെ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും പൊതുജനങ്ങളും വരട്ടാറിന്റെ വീണ്ടെടുപ്പിനായി ആളും അര്‍ഥവുമായി ജനകീയ മുന്നേറ്റമായി മാറിക്കഴിഞ്ഞു.