Trending Now

ശബരിമലയിലെ പുതിയ സ്വര്‍ണ്ണ കൊടിമരം നശിപ്പിച്ച മൂന്നു പേര്‍ പിടിയില്‍

 
അയ്യപ്പസന്നിധിയില്‍ പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയില്‍ മെര്‍ക്കുറി എറിഞ്ഞ് കേടുവരുത്തി. രാസപദാര്‍ത്ഥം വീണ ഭാഗങ്ങളിലെ സ്വര്‍ണം ഉരുകി ദ്രവിച്ചു. സ്വര്‍ണക്കൊടിമരം നശിപ്പിച്ച സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ ഡിജിപിയ്ക്ക് പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കൊടിമരം പുനഃപ്രതിഷ്ഠ നടത്തിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ള ഉന്നത നേതാക്കളും സ്വര്‍ണ കൊടിമരത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

ആരോ മനപൂര്‍വ്വം ചെയ്ത ചതിയാണെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

ശബരിമലയില്‍ പ്രതിഷ്ഠിച്ച സ്വര്‍ണക്കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കൊടിമരത്തിലേക്ക് രാസ പദാര്‍ത്ഥം ഒഴിച്ചതായി പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കി. നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമൊഴിച്ചെന്നും ഇത് വിശ്വാസത്തിന്റെ ഭാഗമായുള്ളതാണെന്നുമാണ് പിടിയിലായ മൂന്ന് ആന്ധ്രാപ്രദേശ് സ്വദേശികളും മൊഴി നല്‍കിയിരിക്കുന്നത്.

സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരെ പിടികൂടിയത്. പമ്പ കെഎസ്‌ആര്‍ടിസി പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

സംഭവത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഡിജിപി: ടി.പി. സെന്‍കുമാറിനു പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഉച്ചയ്ക്ക് 1.50ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം പോലീസുകാരും ദേവസ്വം ഉദ്യോഗസ്ഥരും ഇവിടെനിന്നു മാറിയപ്പോഴാണ് സംഭവം ഉണ്ടായതെന്നാണ് സംശയിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു