Trending Now

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നു:1.45 കോടിയുടെ യാഡ് നിർമ്മാണം

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നു.

1.45 കോടിയുടെ യാഡ് നിർമ്മാണം ജനുവരി 17 ന് ഗതാഗത മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും.

KONNIVARTHA.COM : കോന്നി കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി യാഡ് നിർമ്മാണത്തിൻ്റെ ഉദ്ഘാടനം ജനുവരി 17 ന് ഗതാഗത വകുപ്പു മന്ത്രി ആൻ്റണി രാജു നിർവ്വഹിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.എം.എൽ.എ യുടെ അഭ്യർത്ഥന പ്രകാരം സർക്കാർ അനുവദിച്ച 1.45 കോടി രൂപ ചെലവഴിച്ചാണ് യാഡ് നിർമ്മാണം നടത്തുന്നത്.

യാഡ് നിർമ്മാണം പൂർത്തിയായാൽ ഉടൻ തന്നെ ഡിപ്പോയുടെ ഉദ്ഘാടനം നടത്തി പ്രവർത്തനമാരംഭിക്കും.
നിർമ്മാണ പ്രവർത്തനങ്ങളുടെ കൺസൾട്ടൻസിയായി എച്ച്.എൽ.എൽ ആണ് പ്രവർത്തിക്കുന്നത്. കോട്ടയം കേന്ദ്രമായുള്ള കെ.എസ്.ആർ.ടി.സി സിവിൽ എഞ്ചിനീയറിംഗ് വിഭാഗമാണ് നിർമ്മാണ മേൽനോട്ടം നിർവ്വഹിക്കുന്നത്.

നിർമ്മാണ ഉദ്ഘാടനം നടത്തുന്നതിനു മുന്നോടിയായി എം.എൽ.എ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച നടത്തി. കോന്നിയുടെ ദീർഘകാല സ്വപ്ന പദ്ധതിയായ കെ.എസ്.ആർ.ടി.സി ഡിപ്പോയാണ് യാഥാർത്ഥ്യമാകാൻ പോകുന്നതെന്ന് എം.എൽ.എ പറഞ്ഞു.

2013 മുതൽ തർക്കത്തെ തുടർന്ന് മുടങ്ങി കിടന്ന പദ്ധതിയാണിത്.പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി പദ്ധതി യാഥാർത്ഥ്യമാക്കാൻ ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ വലിയ പരിശ്രമമാണ് നടത്തിയത്. എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ചേർന്ന് നടത്തിയ പ്രവർത്തനത്തിലൂടെയാണ് കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നത്.

നിർമ്മാണ ഉദ്ഘാടനം ആരംഭിക്കുന്നതിൻ്റെ ഭാഗമായി നിർദ്ദിഷ്ട കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിൽ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശനവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ.വി.നായർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ തുളസീമണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ജി.ഉദയകുമാർ, ഫൈസൽ, പത്തനാപുരം ഡി.റ്റി.ഒ ബി.ബൈജു, കോന്നി കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ഇൻ ചാർജ്ജ് ജി.എസ്.അജു, സുധാകുമാർ തുടങ്ങിയവർ എം.എൽ.എയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.