കോന്നി വാര്‍ത്ത : തിങ്കളാഴ്ച രാത്രി പത്ത് മണി കഴിഞ്ഞ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ഫോണിലേക്ക് വാര്‍ഡ് കൗണ്‍സിലറുടെ ഫോണ്‍ കോള്‍ വരുന്നു പൂഴിക്കാട് കിടങ്ങേത്ത് ഭാഗത്ത് നാല് കുടുംബങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട അവസ്ഥയില്‍ എന്ന് അറിയിച്ച്. അപ്പോള്‍ തന്നെ അടൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് ടീമുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നേരിട്ട് സംഭവസ്ഥലത്ത് എത്തി. പത്തനംതിട്ടയില്‍ നിന്ന് ഒരു ഫയര്‍ഫോഴ്സ് ടീമിനെ കൂടി എത്തിച്ചു. തുടര്‍ന്ന് വെള്ളത്തില്‍ ഒറ്റപ്പെട്ടവരെ ഡിങ്കി ഉപയോഗിച്ച് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. ഇവരെ പൂഴിക്കാട് സാംസ്കാരിക നിലയത്തില്‍ എത്തിച്ചു.
പ്രായമായ അമ്മമാരും അച്ഛന്മാരും അടക്കമുള്ളവരെയാണു രക്ഷിച്ചത്. രാത്രി പന്ത്രണ്ടോടെ ചേരിക്കല്‍ ഭാഗത്തും കടയ്ക്കാട് ഭാഗത്തും തോന്നല്ലൂര്‍ ഭാഗത്തും വെള്ളം ക്രമാതീതമായി ഏറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫൈബര്‍ ബോട്ടുകള്‍ വേണമെന്ന് കളക്റ്ററോടും ജില്ലാ പോലീസ് സൂപ്രണ്ടിനോടും ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെടുകയും കൊല്ലം പരവൂരില്‍ നിന്ന് ഫൈബര്‍ ബോട്ട് എത്തിക്കുകയും ചെയ്തു. ആളുകള്‍ ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.