Trending Now

ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം

ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം-ജില്ലാ കളക്ടര്‍

പത്തനംതിട്ട ജില്ലയില്‍ കക്കി – ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും അതി ശക്തമായ മഴ തുടരുന്നതും കണക്കിലെടുത്ത്, ശബരിമല തുലാ മാസ പൂജാ ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ പമ്പാ ത്രിവേണി സരസിലും അനുബന്ധ കടവുകളിലും ഇറങ്ങുന്നത് അപകടകരമായതിനാല്‍ ഒഴിവാക്കണമെന്ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

ശക്തമായ മഴ തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

യോഗത്തില്‍ റവന്യൂ മന്ത്രി കെ.രാജന്‍, ആന്റോ ആന്റണി എം.പി, എംഎല്‍എമാരായ അഡ്വ.മാത്യു ടി തോമസ്, അഡ്വ.പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട ജില്ലയില്‍ 70 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയുടെ പലഭാഗത്തും അതിശക്തമായ മഴ പെയ്യുന്നുണ്ട്. പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോന്നി കല്ലേലി ഭാഗങ്ങളില്‍ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് നിലവില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

 

കക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. എന്നാല്‍, കക്കി ഡാമിന് താഴെയുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ ഡാമുകളുമായി ബന്ധപ്പെട്ട് നിരന്തരം സ്ഥിതിഗതികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തി വരുന്നുണ്ട്. നിലവില്‍ നിരണത്തും പന്തളത്തും രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ക്യാമ്പുകളില്‍ കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

ജില്ലയില്‍ ആവശ്യത്തിന് ആന്റിജന്‍ കിറ്റുകള്‍ ഉണ്ട്. ക്യാമ്പുകളിലേക്ക് വരുന്നതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം താമസിപ്പിക്കും. കോവിഡ് പോസിറ്റീവായി വീടുകളില്‍ ഐസലേഷനുകളില്‍ ഉള്ളവരെ സിഎഫ്എല്‍ടിസികളിലും ഡിസിസികളിലും പാര്‍പ്പിക്കും.

ജില്ലയിലെ കുളനടയില്‍ എന്‍.ഡി.ആര്‍.എഫിന്റെ 23 അംഗ സംഘം ക്യാമ്പ് ചെയ്തുവരുന്നുണ്ട്.
മഴ ശക്തമായി തുടരുകയും പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തില്‍ പമ്പാ സ്‌നാനം അനുവദിക്കേണ്ടെന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ജില്ലാ കളക്ടര്‍ തീരുമാനം എടുത്തിട്ടുണ്ട്.

 

എല്ലാ വകുപ്പുകളും കൃത്യമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. നിലവില്‍ ആശങ്കയുടെ സാഹചര്യമില്ല. പക്ഷേ, മഴ ശക്തമായ സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രത പുലര്‍ത്തണം. ജലനിരപ്പ് ഉയരാനുള്ള സാഹചര്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കക്കി അണക്കെട്ട് നിലവില്‍ തുറക്കേണ്ട സാഹചര്യമില്ല. നദിയിലെ ജലം കൂടി നിരീക്ഷിച്ചാണ് തീരുമാനം എടുക്കുകയെന്നുമാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.