Trending Now

ധനകാര്യ വകുപ്പ് മന്ത്രി പഠിച്ച കലഞ്ഞൂര്‍ എല്‍ പി സ്കൂളിന്‍റെ അവസ്ഥ ഇന്ന് ഇങ്ങനെയാണ്

 

സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രികെ എന്‍ ബാലഗോപാല്‍  പഠിച്ച കലഞ്ഞൂരിലെ എല്‍ പി സ്കൂള്‍ ആണ് ഇത് . ധനകാര്യ വകുപ്പ് മന്ത്രിയുടെ വോട്ട് ഉള്ള ബൂത്തും ഇതാണ് . ഈ സ്കൂളിന്‍റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ ആണ് . കോന്നി വാര്‍ത്ത ഡോട്ട് കോം ചീഫ് റിപ്പോര്‍ട്ടര്‍ കൈലാസ് എഴുതുന്നു 

കോന്നി വാര്‍ത്ത ഡോട്ട് കോം : 1913- 14 ൽ നമ്മുടെ പൂർവ്വികരുടെ ശ്രമഫലമായി കലഞ്ഞൂരിലുണ്ടായ ഒരേയൊരു സർക്കാർ സ്ക്കൂളാണ് ഗവ എൽ പി എസ്.1964 വരെ അതു നിലനിന്നത് ഇപ്പോൾ ഹൈസ്കൂൾ നിൽക്കുന്ന സ്ഥലത്ത് .


അരനൂറ്റാണ്ടുവരെ അവിടെ പ്രവർത്തിച്ച ആ സ്ക്കൂളിൽ പഠിച്ചവർ നമുക്കിടയിലുണ്ട്.അപ്പോഴനുവദിക്കപ്പെട്ട അഥവാ യു പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കൂളിന് ക്ലാസ്സ് മുറികൾ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാലാണ് താല്ക്കാലികമായി എൽ പി യെ ആൽത്തറയുടെ സമീപത്തുള്ള കരയോഗക്കെട്ടിടത്തിലേക്ക് മാറ്റിയത്.

 

കെട്ടിടവും മുറികളും പണിഞ്ഞു കഴിഞ്ഞ് യഥാർത്ഥ സ്ഥലത്തേക്ക് തിരിച്ചു വരാൻ വേണ്ടിയുള്ള മാറ്റം .പക്ഷേ , നീണ്ട മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും എൽ പി എസിനെ ആരും ഓർത്തില്ല.അതായത് , വിദ്യാഭ്യാസവകുപ്പിൻ്റെയും സർക്കാരിൻ്റെയും രേഖകളിൽ ഇപ്പോഴും ഹൈസ്ക്കൂൾ കോമ്പൗണ്ടിൻ്റെ ഉടമയായ എൽ പി പുറത്ത് . രണ്ടിനും വെവ്വേറെ ഹെഡ്മാസ്റ്റർമാർ വന്നത് ഒരു സ്ക്കൂളിനെ രണ്ടാക്കുന്ന സ്ഥിതിയുമുണ്ടാക്കി.

അതേ സമയം യു പി യായും ഹൈസ്ക്കൂളായും ഹയർ സെക്കണ്ടറിയായും നമ്മുടെ തന്നെ വിദ്യാലയം വളർന്നു. എല്ലാവരുടെയും ശ്രദ്ധ അതിൻ്റെ വികസനത്തിനായി .സ്വകാര്യ കെട്ടിടത്തിലായിരുന്ന എൽ പി യെ എല്ലാരും സൗകര്യപൂർവം മറന്നു.

ഒടുവിൽ എൽ പി എസിലെ പഴയ ഹെഡ്മാസ്റ്ററുടെയും ഒരു പറ്റം സുമനസ്സുകളുടെയും ത്യാഗപൂർണമായ പരിശ്രമഫലമായി പതിനെട്ടു സെൻ്റ് സ്ഥലവും ചെറിയ ഒരു കെട്ടിടവും ഇതിനിടെ ഹൈസ്ക്കൂളിൻ്റേതായി മാറിയ മൈതാനത്തിനു പുറത്ത് എൽ പിക്കായി യാഥാർത്ഥ്യമായി.

അത് അതിലേറെ ദുരിതത്തിനാണ് പിന്നീട് വഴിവച്ചത് . കോടതിയും സർക്കാരും നിരോധിച്ച ആസ്ബസ്സ്റ്റോസ് മേൽക്കൂരയ്ക്കു കീഴിൽ ഓരോ ക്ലാസ്സിലും അമ്പതിലേറെ കുട്ടികൾ . ഈ മേൽക്കൂര കോൺക്രീറ്റാക്കി മാറ്റാൻ കഴിയുന്ന ഉറപ്പിലല്ല കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നതും മറ്റൊരു ദു:ഖസത്യം.
ഇതിൽത്തന്നെ മൂത്രപ്പുരയില്ല , കളിസ്ഥലമില്ല , അസംബ്ലി കൂടാൻ സ്ഥലമില്ല , അടുക്കളയില്ല .വിശാലമായ ക്ലാസ്സ് മുറികളിലും പുറത്തും പൂമ്പാറ്റകളെപ്പോലെ പാറി നടക്കേണ്ട ഈ നാടിൻ്റെ കുഞ്ഞുമക്കൾ വെറും ഇട്ടാവട്ടത്തിൽക്കിടന്ന് നരകിക്കുന്നു. ഒപ്പം അധ്യാപകരും. എല്ലാത്തരം നിയമങ്ങളുടെയും ലംഘനം.1964ൽ  പൂർവികർ അറിഞ്ഞോ അറിയാതെയോ ചെയ്ത പിഴവിന് ഇന്നുള്ളവരാരും കുറ്റക്കാരാകുന്നില്ല .പക്ഷേ , തിരുത്തൽ വേണം. കാലം മാറി.


ആധുനിക സമൂഹത്തിനു യോജിച്ച വിധത്തിൽ സ്ക്കൂളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ട ബാധ്യത ഈ നാടിനുണ്ട്. ഭരണകൂടങ്ങൾക്കുണ്ട്.

പരിഹാരം .

നമ്മുടെ സ്ക്കൂൾ മൈതാനത്തിനകത്ത് എൽ പി ക്കായി കെട്ടിടങ്ങൾ പണിഞ്ഞ് നിലവിലുള്ള സെമി പെർമനൻ്റ് കെട്ടിടം പഞ്ചായത്തിന് മറ്റാവശ്യങ്ങൾക്കായി വിട്ടുകൊടുക്കുക.ഹൈസ്ക്കൂളിന് മൈതാനത്തിനായി സമീപത്ത് സ്ഥലം കണ്ടെത്തുക.രണ്ട് , എൽ പി ക്കായി പുതിയ സ്ഥലം കണ്ടെത്തി എല്ലാ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള വിദ്യാലയം പണിയുക.രണ്ടായാലും ഇനിയത് വൈകരുത്.

കാരണം , ഇവിടുത്തെ എല്ലാ പ്രയാസങ്ങൾക്കിടയിലും 609 കുട്ടികളെ ഈ സ്ക്കൂളിലേക്ക് സമൂഹം നൽകുമ്പോൾ അതിനനുസരിച്ച സൗകര്യങ്ങൾ ഒരുക്കി നൽകേണ്ടതിന് മുൻകൈയെടുക്കേണ്ടത് ഈ നാടാണ്.

തീരുമാനമെടുക്കേണ്ടത് കലഞ്ഞൂരാണ്.

 

 

റിപ്പോർട്ട്‌ : കൈലാസ് കലഞ്ഞൂർ

error: Content is protected !!