ഭൂലോക ലക്ഷ്മിയുടെ തിരോധാന കേസ്സ് പത്തു വര്‍ഷം പിന്നിട്ടു : ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവിയിൽ നിന്നും ദൂരൂഹ സാഹചര്യത്തിൽ കാണാതായ ഭൂലോക ലക്ഷ്മിയുടെ തിരോധാനത്തിന് പത്ത് വർഷം പിന്നിടുന്നു. പത്ത് വർഷം പിന്നിട്ടിട്ടും അന്വേഷണത്തിന് ആധുനിക സംവിധാനം ഉള്ള ഇന്നത്തെ കാലഘട്ടത്തിൽ നിരവധി അന്വേഷണ സംഘങ്ങളും, ആലപ്പുഴ, കൊല്ലം, ഇപ്പോൾ തിരുവല്ല ക്രൈം ബ്രാഞ്ചുകൾ അന്വേഷിച്ചിട്ടും ഭൂലോക ലക്ഷ്മിയെ കണ്ടെത്താനോ. ഇവർ ജീവനോടെ ഭൂമുഖത്ത് ഉണ്ടോയെന്ന് കണ്ടെത്താനോ ഒരു അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല.

പത്ത് വർഷക്കാലമായി തൻ്റെ ഭാര്യയേ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഡാനിയേൽ കുട്ടി മുട്ടാത്ത വാതിലുകളില്ല. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി നീതിയ്ക്കാക്കായി കാത്തിരിയ്ക്കുകയാണ് ഈ സാധു മനുഷ്യൻ.

 

രണ്ടായിരത്തി പതിനൊന്ന് ആഗസ്റ്റ് മാസം പതിമൂന്നാം തീയതിയാണ് സീതത്തോട് പഞ്ചായത്തിലെ കൊച്ചു പമ്പ ഏഴാം നമ്പർ കെ.എഫ്.ഡി.സി ക്വാട്ടേഴ്സിൽ നിന്നും അന്ന് നാല്പത്തിനാലു വയസ്സുള്ള ഭൂലോക ലക്ഷ്മിയെ കാണാതാകുന്നത്.ഈ സമയം ഭർത്താവ് ഡാനിയേൽ കുട്ടി തിരുനെൽവേലിയിൽ പോയി തിരികെ വന്നപ്പോഴാണ് ഭാര്യയേ കാണാതായ വിവരം പുറം ലോകം അറിയുന്നത്. ഉടൻ തന്നെ മൂഴിയാർ പോലീസിൽ പരാതി നല്കി മൂഴിയാർ പോലീസ് മാൻ മിസ്സിംഗിന് കേസ്സെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടക്കം മുതൽ തന്നെ ഭർത്താവ് ഡാനിയേൽ കുട്ടി വനപാലകർക്കെതിരേ ശക്തമായ മൊഴികൾ നല്കിയെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. ആ സമയം പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഗാർഡ് ദീലീപ് കുമാറിനെതിരെയാണ് ഡാനിയേൽ കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ക്രൈംബ്രാഞ്ചിനോട് ദിലീപ് ഭൂലോക ലക്ഷ്മിയെ കൊന്നത് താനാണെന്നും മൃതദേഹം ആനത്തോട് ഡാമിൽ താഴ്ത്തിത്തിയെന്നും, ആദ്യം പറയുകയും പിന്നിട് ഇവരെ ബലാത്സംഗം ചെയ്ത ശേഷം കൊന്നുവെന്നും കൊന്ന ശേഷം വയറു കീറി കല്ലു കെട്ടി ഡാമിൽ താഴ്ത്തിയെന്ന് രണ്ടാമതും മൂന്നാമത് ദീലീപിൻ്റെ മകളുടെ തലയിൽ തൊട്ട് അന്വേഷണ സംഘത്തിന് മുൻപാകെ ഭൂലോക ലക്ഷ്മിയെ കൊന്നത് താനാണെന്നും ഇവരെ കൊന്ന് മൃതദേഹം ആനകളെ കത്തിക്കുന്ന സ്ഥലത്ത് കൊണ്ടുവന്ന് കത്തിച്ചു കളഞ്ഞുവെന്നു പറഞ്ഞതായി ആലപ്പുഴ ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള അന്വേഷണ മാർഗ്ഗം സ്വീകരിച്ചിരുന്നുവെങ്കിൽ ഇവരുടെ തിരോധാനത്തേപ്പറ്റി ക്യത്യമായ വിവരങ്ങൾ ലഭിക്കുമായിരുന്നു.

ആലപ്പുഴ ക്രൈംബ്രാഞ്ച് രണ്ടായിരത്തി പതിനഞ്ചിൽ അന്നത്തെ ഡി.വൈ.എസ്.പി.യായിരുന്ന എം.വി.രാജേന്ദ്രൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഭൂലോക ലക്ഷ്മിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവരുടെ തിരോധാനത്തിനു ശേഷം ഒരു മാസം അനധികൃത അവധിയിൽ പോയ ഫോറസ്റ്റ് ഗാർഡ് ദീലീപ് കുമാർ.കൂടാതെ വനപാലകരായ പി.കെ.രമേശ്, സുനിൽ, ബി.അനിൽകുമാർ, ബാബുരാജ പ്രസാദ്, അയൽവാസികളായ മഹേശ്വരി, ലത,ബാനിഷ്, തങ്കപ്പൻ എന്നിവരെ പോളിഗ്രാഫ് ടെസ്റ്റ് നടത്തണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അഞ്ചു വർഷമായിട്ടും ആലപ്പുഴ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഭൂലോക ലക്ഷ്മിമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല

മനോജ് പുളിവേലില്‍ @ചീഫ് റിപ്പോര്‍ട്ടര്‍ കോന്നി വാര്‍ത്ത