Trending Now

മണ്ഡല-മകരവിളക്ക് തീര്‍ഥാടനം: ശബരിമല പാത ഉള്‍പ്പെടെയുള്ള റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമല പാതയിലെ പിഡബ്ല്യുഡി റോഡുകള്‍, മലയോര ഹൈവേ, മറ്റ് അനുബന്ധ റോഡുകളുടെ നിര്‍മാണം തുടങ്ങിയവ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വര്‍ഷത്തേതുപോലെ നിലയ്ക്കല്‍ കോവിഡ് ടെസ്റ്റ് കേന്ദ്രവും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ശബരിമല വാര്‍ഡും ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ നടത്തണം. മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ജില്ല സജ്ജമാകണമെന്നും മന്ത്രി പറഞ്ഞു.

ശബരിമല വെര്‍ച്വല്‍ ക്യൂവിന്റെ പരിമിതികള്‍ ഭക്തര്‍ പറയുന്നുണ്ടെന്നും അവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് പമ്പാ സ്നാനം, ബലിയിടല്‍ എന്നിവ ചെയ്യാന്‍ പറ്റുന്ന സാഹചര്യത്തേക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കും. പമ്പയിലെ വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

ശബരിമലയിലെ പ്രധാന പാതകള്‍, അനുബന്ധ പാതകള്‍ എന്നിവയുടെ നവീകരണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. ശബരിമല പാതയിലുള്ള കാട് വെട്ടിത്തെളിക്കണം. ദിശാസൂചികകള്‍ സ്ഥാപിക്കണം. ഇടത്താവളങ്ങള്‍ സജ്ജീകരിക്കണം. പമ്പാ ആശുപത്രി സ്ഥിരം ആശുപത്രി ആക്കുന്നതിനുള്ള പ്രൊപോസല്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള മുന്നൊരുക്കമാണ് വേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മലയോര ഹൈവേയുടെ പണി നടക്കുന്നതിനാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് ഫലപ്രദമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ഏതൊക്കെ ആശുപത്രികളില്‍ ഏതൊക്കെ സൗകര്യം ലഭ്യമാകുമെന്ന വിവരങ്ങള്‍ അടങ്ങിയ ഐഇസി(ഇന്‍ഫര്‍മേഷന്‍ എഡ്യുക്കേഷന്‍ കമ്മ്യുണിക്കേഷന്‍) ആരോഗ്യ വകുപ്പ് തയാറാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മണ്ഡല-മകരവിളക്ക് കാലഘട്ടത്തിന് മുന്നോടിയായി തയാറെടുപ്പുകള്‍ നടത്തുന്നതിന് സന്നിധാനത്തെത്തുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് ചികിത്സ ഒരുക്കണം. എല്ലാ വകുപ്പ് ഉദ്യോഗസ്ഥരുടേയും കോവിഡ് ടെസ്റ്റ് ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തണം. പത്തനംതിട്ട കെഎസ്ആര്‍ടിസിയുടെ നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!