തിരുവാഭരണ പാതയുടെ നിര്‍മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

 

 

ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നാട്ടില്‍ വികസിപ്പിക്കുന്നതോടൊപ്പം എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം എന്ന ലക്ഷ്യത്തോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നതെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി, ശബരിമല തിരുവാഭരണ പാതയായ കുളനട – മെഴുവേലി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ നവീകരണത്തിന്റെ ഭാഗമായ നിര്‍മാണ ഉദ്ഘാടനം ശിലാഫലക അനാച്ഛാദനത്തോടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവാഭരണ പാത നവീകരിക്കണമെന്നത് നാടിന്റെ പൊതു വികാരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ വേണ്ട നടപടികള്‍ എടുത്തിരുന്നു. തുടര്‍ന്നു വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ആറ് കിലോമീറ്ററോളം വരുന്ന റോഡിന്റെ നവീകരണത്തിന് ഒരു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കുളനട ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ റോഡ് മുതല്‍ ആരംഭിച്ച് മെഴുവേലി ഗ്രാമപഞ്ചായത്തിലെ കൂട് വെട്ടിക്കല്‍ ജംഗ്ഷന്‍ വരെയാണ് ശബരിമല തിരുവാഭരണ പാത നവീകരിക്കുന്നത്.

സഞ്ചാര യോഗ്യമല്ലാത്ത ഭാഗങ്ങളില്‍ റീടാറിംഗ്, റോഡിന്റെ വശങ്ങളില്‍ ഐറിഷ് ഡ്രൈയിന്‍, ആവശ്യമായ ഭാഗങ്ങളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍, റോഡിന്റെ സൈഡ്‌കെട്ട് എന്നീ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നവീകരണത്തിന്റെ ഭാഗമായി നടത്തുക. ആറന്മുള നിയോജക മണ്ഡലത്തില്‍ ശ്രദ്ധേയമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സഹായം നല്‍കി വരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നതായും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മെഴുവേലി സാംസ്‌കാരിക നിലയത്തില്‍ നടന്ന യോഗത്തില്‍ മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ആറന്മുള മുന്‍ എംഎല്‍എ കെ.സി. രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പോള്‍ രാജന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബി.എസ്. അനീഷ്‌മോന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണ്‍സണ്‍ ഉള്ളന്നൂര്‍, ശോഭ മധു, ജൂലി ദിലീപ്, രജിത കുഞ്ഞുമോന്‍, കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ദാസ്, കുളനട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ്കുമാര്‍, ബിജു പരമേശ്വരന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുരേഷ്‌കുമാര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗം ബി.ഹരികുമാര്‍, പന്തളം ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.ജി. ശ്രീകല, പന്തളം ബ്ലോക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ഒ. ശ്രീജക്കുഞ്ഞമ്മ, പന്തളം ബ്ലോക്ക് ഓവര്‍സിയര്‍ എം. അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.