Trending Now

മുൻകാല ജനനരജിസ്ട്രേഷനുകളിൽ 2026 ജൂലൈ 14 വരെ കുട്ടികളുടെ പേര് ചേർക്കാം

 

konnivartha.com : സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്ട്രേഷൻ നടത്തി പതിനഞ്ചു വർഷം കഴിഞ്ഞ എല്ലാ ജനന രജിസ്ട്രേഷനുകളിലും ജനിച്ചയാളുടെ പേര് ചേർത്തിട്ടില്ലെങ്കിൽ അത് ഉൾപ്പെടുത്തുന്നതിനുള്ള സമയപരിധി അഞ്ചു വർഷം കൂടി ദീർഘിപ്പിച്ച് ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചുവെന്ന് തദ്ദേശസ്വയം ഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഈ ഭേദഗതി വഴി മുൻകാല ജനന രജിസ്ട്രേഷനുകളിൽ 2026 ജൂലൈ 14 വരെ പേരു ചേർക്കാൻ കഴിയും.

1999ലെ കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്. കുട്ടിയുടെ പേര് രേഖപ്പെടുത്താതെ നടത്തുന്ന ജനന രജിസ്ട്രേഷനുകളിൽ ഒരു വർഷത്തിനകം പേര് ചേർക്കണമെന്നും അതിനുശേഷം അഞ്ചു രൂപ ലേറ്റ് ഫീ ഒടുക്കി പേര് ചേർക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം 2015 ൽ ഇങ്ങനെ പേരു ചേർക്കുന്നതിനുള്ള സമയപരിധി രജിസ്ട്രേഷൻ തീയതി മുതൽ 15 വർഷം വരെയായി നിജപ്പെടുത്തിയിരുന്നു.

പഴയ രജിസ്ട്രേഷനുകളിൽ പേര് ചേർക്കുന്നതിന് 2015 മുതൽ അഞ്ചു വർഷം അനുവദിച്ചിരുന്നു. ആ സമയപരിധി 2020ൽ അവസാനിച്ചിരുന്നു. ഇത് നിമിത്തം ജനന രജിസ്ട്രേഷനുകളിൽ പേരു ചേർക്കാൻ കഴിയാത്തവർക്ക് ഒരു വർഷം കൂടി സമയം അനുവദിച്ച് സർക്കാർ ഉത്തരവ് നൽകിയിരുന്നു. ആ സമയപരിധി അവസാനിച്ചതിനെത്തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

error: Content is protected !!