Trending Now

ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി ക്ഷീര വികസന വകുപ്പ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷീരസംഘങ്ങള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ആശ്വാസമാകുകയാണ് പത്തനംതിട്ട ജില്ലാ ക്ഷീരവികസന വകുപ്പ്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 173 ക്ഷീരസംഘങ്ങളിലും കര്‍ഷകരുടെ പാല്‍ രണ്ട് നേരവും തടസമില്ലാതെ സംഭരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംഭരിച്ചുവരുന്നു. ഏപ്രിലില്‍ ആകെ 18.04 ലക്ഷം ലിറ്റര്‍ പാല് സംഭരിക്കാന്‍ സാധിച്ചിട്ടുണ്ട്.

2021-2022 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോവിഡ് 19 പാന്‍ഡെമിക് റിലീഫ് പദ്ധതിപ്രകാരം ഏപ്രിലില്‍ പാല്‍ അളന്ന കര്‍ഷകര്‍ക്ക് 50 കി.ഗ്രാം കാലിത്തീറ്റയ്ക്കു 400 രൂപയും മിനറല്‍ മിക്‌സ്ചറിന് 110 രൂപയും സബ്‌സിഡിയായി നല്‍കുന്ന പദ്ധതി ജില്ലയില്‍ ഉടന്‍ ആരംഭിക്കുമെന്ന് ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സിന്ധു പറഞ്ഞു.

കോവിഡ് ബാധിതരായ ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് ക്ഷീരസംഘങ്ങള്‍ മുഖേന വകുപ്പിന്റെ ഫീഡ് കംപോണന്റ് പദ്ധതിപ്രകാരം അടിയന്തരമായി വൈക്കലുകള്‍ നല്‍കിവരുന്നു. കോവിഡ് സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്ന സംഘങ്ങള്‍ ഒന്നും തന്നെ ജില്ലയില്‍ ഇല്ല.
ക്ഷീരസംഘം ജീവനക്കാരെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വാക്‌സിനേഷന്‍ നല്‍കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ സംഘങ്ങളുടെ എഫ്.എസ്.എസ്.എ ലൈസന്‍സ്, സംഘം രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നീ രേഖകള്‍ അടിസ്ഥാനമാക്കി നടത്തുകയും ഇ-ഹെല്‍ത്ത് വെബ്‌പോര്‍ട്ടലിലൂടെ സംസ്ഥാനതലത്തില്‍ മോണിട്ടര്‍ ചെയ്തു വരുകയും ചെയ്യുന്നു.

error: Content is protected !!