പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പത്തനംതിട്ട നഗരസഭ കര്‍ശനമാക്കുന്നു. ക്വാറന്റൈനില്‍ കഴിയേണ്ട ചിലര്‍ വീടുകള്‍ വിട്ട് പുറത്തേക്ക് പോകുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭാ പ്രദേശത്ത് ക്വാറന്റൈന് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് നഗരസഭ ഉറപ്പു വരുത്തും.
വിവിധ വകുപ്പുകളില്‍ നിന്നായി 11 ഉദ്യോഗസ്ഥരെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നഗരസഭക്ക് വിട്ടുനല്‍കിയിട്ടുണ്ട്. ഇവരെ നഗരസഭ സെക്രട്ടറി നിരീക്ഷകരായി നിയമിച്ചു. നഗരസഭയിലെ വിവിധ വാര്‍ഡുകളുടെ ചുമതല നിരീക്ഷകര്‍ക്ക് നല്‍കും. ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കേസുകള്‍ ഉള്‍പ്പടെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭാ ചെയര്മാന് അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗം തീരുമാനിച്ചു.
കൗണ്‍സിലര്‍മാര്‍, ആശാ വര്‍ക്കര്‍ എന്നിവരുമായി ബന്ധപ്പെട്ട് നിരീക്ഷകരായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ കഴിയുന്ന രോഗബാധിതരും അവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവരും ക്വാറന്റൈന് നിയമങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തും.