പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും: വീണാ ജോര്‍ജ് എം.എല്‍ എ
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ധാരണയായതായി വീണാ ജോര്‍ജ് എം.എല്‍ എ അറിയിച്ചു. മിനിറ്റില്‍ 1500 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കാന്‍ ധാരണയായത്. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്.
ഒന്‍പത് ആഴ്ച്ചക്കുള്ളില്‍ ആശുപത്രിയില്‍ പ്ലാന്റ് സ്ഥാപിക്കും. ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള മറ്റ് ക്രമീകരണങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ചെയ്തു നല്‍കും. സംസ്ഥാനത്ത് ഏഴ് ആശുപത്രികളിലാണ് ഇത്തരത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നത്.
എം.എല്‍.എയുടെ കരുതല്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ
സഹായംതേടി നൂറ് കണക്കിനാളുകള്‍
ലോക്ക് ഡൗണിനോടനുബന്ധിച്ച് ആളുകള്‍ക്ക് അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനായി വീണാ ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തിലാരംഭിച്ച കരുതല്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സഹായം തേടി നൂറ് കണക്കിനാളുകള്‍.
പ്രായമായവര്‍, രോഗികള്‍, ഗര്‍ഭിണികള്‍, ഒറ്റക്ക് താമസിക്കുന്ന സ്ത്രീകള്‍ എന്നിവര്‍ക്കാവശ്യമായ മരുന്നുകളും നിത്യോപയോഗ സാധനങ്ങളും എം.എല്‍.എ ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക്ക് വഴി വശ്യക്കാരിലേക്ക് എത്തിക്കുന്നത് വോളന്റിയേഴ്സ് മുഖേനയാണ്. ആറന്മുള മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ആവശ്യ സാധനങ്ങളും മരുന്നുകളും ആളുകളിലേക്ക് എത്തിക്കുന്നുണ്ട്.
നിരണത്തുനിന്നും ഹെല്‍പ് ഡെസ്‌കിന്റെ സഹായം തേടിയ രോഗിക്ക് ആശുപത്രിയില്‍ എത്തിക്കാനുള്ള സൗകര്യം മാത്രമല്ല ആശുപത്രിയില്‍ ഓക്സിജന്‍ ബെഡ് ഉള്‍പ്പടെ സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഹെല്‍പ് ഡെസ്‌കിനായി. ക്വാറന്റൈനില്‍ ആയ ആളുകള്‍ക്കും ഹെല്‍പ് ഡെസ്‌ക് വലിയ ആശ്വാസമാകുകയാണ്. ഇത്തരത്തില്‍ മണ്ഡലത്തിലെ നൂറുകണക്കിന് ആളുകള്‍ക്കാണ് ഇതുവരെ ഹെല്‍പ് ഡസ്‌കില്‍നിന്നും സഹായം ലഭ്യമായിട്ടുള്ളത്.
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും മരുന്നും
ഉറപ്പാക്കി വീണാ ജോര്‍ജ് എം.എല്‍.എ
നാരങ്ങാനം പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണായ കല്ലേലിയില്‍ 20 പേര്‍ അടങ്ങുന്ന അതിഥി തൊഴിലാളികളില്‍ എല്ലാവരും കോവിഡ് ബാധിതരായി ജോലി ചെയ്യാനും സാധനങ്ങള്‍ വാങ്ങാനും പുറത്തു പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അയല്‍ക്കാര്‍ ഇടപെട്ട് എം. എല്‍.എയുടെ ഹെല്‍പ്പ് ഡസ്‌കിലേക്ക് വിവരമറിയിച്ചതോടെ അതിഥി തൊഴിലാളികളായ കോവിഡ് ബാധിതര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് വീണാ ജോര്‍ജ്ജ് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
ഉടന്‍ ലേബര്‍ ഓഫീസറും ആരോഗ്യ പ്രവര്‍ത്തകരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധനനടത്തി. ഭക്ഷണത്തിനാവശ്യമായ അരിയും മറ്റ് പലചരക്ക് സാധനങ്ങളും താമസ സ്ഥലത്ത് എത്തിച്ചു കൊടുക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു. ഹെല്‍പ് ഡെസ്‌ക് നമ്പര്‍ : 9074347817, 9447595002, 9446911997