പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ പിടിയിലായത്. ഏപ്രിൽ 28നാണ് മുളന്തുരുത്തി സ്വദേശിനിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് മോഷണശ്രമത്തിനിടെ ബാബുക്കുട്ടൻ ആക്രമിച്ചത്.
ഗുരുവായൂർ – പുനലൂർ പാസഞ്ചറിൽ മുളംതുരുത്തിയിൽ നിന്ന് കയറിയ യുവതിയെ ബാബുക്കുട്ടൻ ഭീഷണിപ്പെടുത്തി മാലയും വളയും കവർന്നെടുക്കുകയായിരുന്നു. തുടർന്ന് ആക്രമണത്തിന് മുതിർന്നപ്പോൾ യുവതി ട്രെയിനിൽ നിന്ന് എടുത്തു ചാടി. ഒളിവിൽ പോയ നൂറനാട് സ്വദേശി ബാബുക്കുട്ടനെ പത്തനംതിട്ട ചിറ്റാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ഈട്ടിച്ചു വട് ജംഗ്ഷനിൽ ബസിറങ്ങി റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രതിയെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ചിറ്റാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനൊപ്പം ചെറുപ്പത്തിൽ താമസിച്ച പരിചയത്തിലാണ് ബാബുക്കുട്ടൻ ഇവിടെയെത്തിയതെന്ന് ചിറ്റാർ സി ഐ രാജേന്ദ്രൻ പറഞ്ഞു.
സംഭവശേഷം മുങ്ങിയ ബാബുക്കുട്ടനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. റെയിൽവെ എസ്പിയുടെ നേതൃത്വത്തിൽ 7 സംഘമായി തിരിഞ്ഞ് വയനാട്ടിൽ ഉൾപ്പെടെ തെരച്ചിൽ നടത്തിയിരുന്നു.
രക്ഷപ്പെടുന്നതിനിടെ പരുക്കേറ്റ യുവതി എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ 6 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്.