കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പരിശോധനയും, തുടര്‍നടപടികളും കര്‍ശനമാക്കിയതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി. ജനങ്ങള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി എല്ലായിടങ്ങളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നതായും, മാസ്‌ക് കൃത്യമായി ധരിക്കുന്നതായും, സാനിറ്റൈസര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായും പോലീസ് ഉറപ്പാക്കി വരുന്നു.
ജില്ലയിലെ മുഴുവന്‍ പോലീസിനെയും ഇതുസംബന്ധിച്ച ഡ്യൂട്ടിക്ക് സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് ഡ്യൂട്ടിക്ക് മാത്രമായി അഡീഷണല്‍ എസ്പി ആര്‍. രാജന്റെ നേതൃത്വത്തില്‍ ആറ് ഡിവൈഎസ്പിമാരും 24 ഇന്‍സ്പെക്ടര്‍മാരും, 750 പോലീസ് ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ, പിങ്ക് പട്രോള്‍, കണ്‍ട്രോള്‍ റൂം വാഹനം, ഹൈവേ പട്രോള്‍ എന്നിവയുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പോലീസ് സ്റ്റേഷന്‍ തലത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച പരിശോധനയ്ക്കായി പ്രത്യേകം ടീമുകള്‍ രൂപവല്‍ക്കരിച്ച് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും, വാഹനങ്ങളിലും പരിശോധന നടത്തുകയും, കോവിഡ് വ്യാപനത്തിന്റെ തീവ്രതയെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും ചെയ്തുവരുന്നു. ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുന്നുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണുകളിലും, ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും കൂടുതല്‍ പരിശോധന നടത്തിവരുന്നു. കണ്ടെയ്ന്‍മെന്റ് മേഖലകളിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒന്‍പതിനു മുമ്പ് അടയ്ക്കാന്‍ നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. പോലീസ് ഇക്കാര്യം ഉറപ്പുവരുത്തും.
തിരക്കേറിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ഏര്‍പ്പെടുത്തും. മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. പ്രായമേറിയവരും കുട്ടികളും യാത്രകള്‍ പരമാവധി ഒഴിവാക്കണം. നിയന്ത്രണങ്ങള്‍ ആളുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. കേസ് എടുക്കുക, പിഴ ഈടാക്കുക തുടങ്ങിയ നിയമനടപടികള്‍ കര്‍ശനമായി തുടരും.
പ്രതിദിനം കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്‌ക് കൃത്യമായി ധരിക്കണം. പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവര്‍, വാഹനങ്ങളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. ലംഘനങ്ങള്‍ക്ക് ബസുകളിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും. ഓട്ടോറിക്ഷ പോലെയുള്ള ടാക്‌സി സര്‍വീസുകളിലെ യാത്രകള്‍ പോലീസ് നിരീക്ഷണം കാര്യക്ഷമമാക്കി. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി ആളുകള്‍ കൂടാനിടയുള്ള സ്ഥലങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പിങ്ക് പോലീസിന്റെയും മറ്റും സേവനം പ്രയോജനപ്പെടുത്തി ഇത്തരം ഇടങ്ങളില്‍ പരിശോധന നടത്തിവരുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പീനല്‍ കോഡ്, പകര്‍ച്ച വ്യാധി തടയല്‍ നിയമം തുടങ്ങിയ നിയമങ്ങളിലെ വകുപ്പുകളും മറ്റും ചേര്‍ത്ത് കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നത് തുടരും. മാസ്‌ക് കൃത്യമായി ധരിക്കാത്തവര്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി കര്‍ശനമാക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യ ചടങ്ങുകള്‍ മാത്രമേ അനുവദിക്കു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നടത്തുന്നതെന്ന് പോലീസ് ഉറപ്പാക്കും. ആളുകള്‍ അനാവശ്യ ചടങ്ങുകള്‍ ഒഴിവാക്കണം. ക്വാറന്റൈനില്‍ കഴിയുന്നവരെ പോലീസ് ജനമൈത്രി സംവിധാനം പ്രയോജനപ്പെടുത്തി നിരീക്ഷിക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നു എന്‍ജിഒകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ സേവനം പ്രയോജനപ്പെടുത്തി ബോധവല്‍ക്കരണം നടത്തുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
മാസ്‌ക് ധരിക്കാത്ത 1502 പേര്‍ക്കെതിരേ കേസെടുത്തു
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 139 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 144 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്നു വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും ഒരു വാഹനത്തിനെതിരെയും നിയമ നടപടി എടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1502 ആളുകള്‍ക്കെതിരെ പെറ്റി കേസ് രജിസ്റ്റര്‍ ചെയ്തു. 698 ആളുകളുടെ പേരില്‍ സാമൂഹിക അകലം പാലിക്കാത്തതിന് പെറ്റി കേസെടുത്തതായും ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി വ്യക്തമാക്കി.