പത്തനംതിട്ട ജില്ലാ അറിയിപ്പ് : തെരഞ്ഞെടുപ്പ് പരസ്യത്തിന് മുന്‍കൂര്‍ അനുമതി വേണം

 

 

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, റേഡിയോ/ പ്രൈവറ്റ് എഫ്എം ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്.എം.എസ്, വോയിസ് മെസേജ്, ഇ-പേപ്പറുകള്‍ എന്നിവയ്ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എംസിഎംസി) മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റ് നേടണം.

നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോമും പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലുള്ള രണ്ട് സിഡി പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
എംസിഎംസിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനം അറിയിക്കും. അംഗീകാരമില്ലാത്ത ഒരു പരസ്യവും പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന. വോട്ടെടുപ്പ് ദിവസവും വോട്ടെടുപ്പിന്റെ തലേ ദിവസവും പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് എംസിഎംസി സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്.

 

നിയമസഭാ തെരഞ്ഞെടുപ്പ്:പെരുമാറ്റചട്ട ലംഘനം നിരീക്ഷിച്ച് സിവിജില്‍

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം സസൂക്ഷ്മം നിരീക്ഷിച്ച് സിവിജില്‍. സിവിജില്‍ മുഖേന പത്തനംതിട്ട ജില്ലയില്‍ ഇതുവരെ ലഭിച്ചത് 561 പരാതികള്‍. ഇതില്‍ ആറ് പരാതികളില്‍ കഴമ്പില്ല എന്ന് വ്യക്തമായതിനേ തുടര്‍ന്ന് ഒഴിവാക്കി. സിവിജില്‍ ആപ്പ് വഴി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 117 പരാതികളാണ്. ബാക്കിയുള്ള പരാതികള്‍ മാതൃകാ പെരുമാറ്റചട്ട ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌ക്വാഡുകള്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്തവയാണ്.
പെരുമാറ്റചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സിവിജില്‍ വഴി പരാതിപ്പെടാം.
പൊതുജനങ്ങള്‍ നല്‍കുന്ന പരാതിക്ക് 100 മിനിട്ടിനുള്ളില്‍ സിവിജില്‍ സംവിധാനത്തിലൂടെ പരിഹാരം ഉണ്ടാകും. പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പൊതുജനങ്ങള്‍ക്ക് സി വിജില്‍ സംവിധാനത്തിലൂടെ പരാതി നല്‍കാം.
സിവിജില്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണു പരാതികള്‍ അയക്കാന്‍ കഴിയുക. പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈല്‍ഫോണില്‍ ജി.പി.എസ് ഓപ്ഷന്‍ ഓണ്‍ചെയ്തിട്ടാല്‍ മാത്രമേ പരാതികള്‍ കണ്‍ട്രോള്‍ സെല്ലില്‍ ലഭിക്കുകയുള്ളൂ. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരാതികള്‍ അപ്ലോഡ് ചെയ്യാം. ഫോട്ടോ, വീഡിയോ, ശബ്ദരേഖ എന്നിങ്ങനെ മൂന്ന് രീതിയിലാണ് പരാതികള്‍ അപ്ലോഡ് ചെയ്യേണ്ടത്. പരാതിക്ക് കാരണമായ സ്ഥലത്ത് നിന്നാകണം ഫോട്ടോ, വീഡിയോ, ശബ്ദരേഖ എന്നിവ അപ്ലോഡ് ചെയ്യേണ്ടത്. പരാതിക്കാരന്റെ പേര് വെളിപ്പെടുത്താതെയോ അല്ലാതെയോ പരാതികള്‍ അയക്കാം.

കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് പരാതികള്‍ ആദ്യം ലഭിക്കുക. ഉടന്‍ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറും. ഇവരാണ് പരാതികളെക്കുറിച്ച് അന്വേഷിക്കുന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 45 സ്‌ക്വാഡുകളാണ് നിരീക്ഷണം നടത്തുന്നത്. അന്വേഷണം നടത്തുന്ന സ്‌ക്വാഡ് വരണാധികാരിക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തന്നെ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും

പെരുമാറ്റച്ചട്ട ലംഘനം: 31752 തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നീക്കം ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ഊര്‍ജ്ജിതമായി തുടരുന്നു. വിവിധ സ്‌ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍, കൊടികള്‍, ഫ്‌ളക്‌സുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊതുസ്ഥലങ്ങളില്‍ നിന്നും സ്വകാര്യ ഇടങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നുണ്ട്്.
ജില്ലയില്‍ ഇതുവരെ 31752 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ രണ്ട് ചുമരെഴുത്ത്, 20750 പോസ്റ്ററുകള്‍, 5578 ബാനറുകള്‍, 5422 കൊടികള്‍ എന്നിവ ഉള്‍പ്പെടുന്നു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്നും 310 പോസ്റ്ററുകളും 60 കൊടികളും ഒരു ഫ്ളക്സും ഉള്‍പ്പടെ 371 സാമഗ്രികളും നീക്കം ചെയ്തു.
തിരുവല്ല മണ്ഡലത്തില്‍ 4325 പ്രചാരണ സാമഗ്രികളും റാന്നി 10311, ആറന്മുള 5318, കോന്നി 5018, അടൂര്‍ 6780 സാമഗ്രികളുമാണ് നീക്കം ചെയ്തത്.

നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും സമയബന്ധിതമായി നടപടിയെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അനുസരിച്ചാണ് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ച ഫ്‌ളൈയിങ് സ്‌ക്വാഡ്, ആന്റി ഡിഫെയ്‌സ്‌മെന്റ്, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ്, വീഡിയോ സര്‍വെയ്‌ലന്‍സ് തുടങ്ങിയ വിവിധ സ്‌ക്വാഡുകള്‍ വഴി സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളിലേയും പൊതുഇടങ്ങളിലെയും പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനൊപ്പം, സ്വകാര്യ വസ്തുകളിലെയും ഇത്തരം സാമഗ്രഹികള്‍, വ്യക്തികളുടെ പരാതിയെ തുടര്‍ന്നോ അല്ലാതായോ നീക്കം ചെയ്യുന്നുണ്ട്. തങ്ങളുടെ അധികാര പരിധിയിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണുന്ന മുറയ്ക്ക് വരണാധികാരികള്‍ സ്വമേധയ നടപടി സ്വീകരിക്കും.