Trending Now

വികസന വിസ്മയത്തില്‍ ആറന്മുള മണ്ഡലം

 

ആറന്മുള നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ മുന്‍പില്ലാത്തവിധം വന്‍വികസന മുന്നേറ്റമാണു നടന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ നവകേരള മിഷന്‍, കിഫ്ബി പദ്ധതികള്‍, വിവിധ വകുപ്പുകളുടെ പദ്ധതികള്‍, വീണാ ജോര്‍ജ് എംഎല്‍എയുടെ ആസ്തി വികസന പദ്ധതി തുടങ്ങിയവ സമന്വയിപ്പിച്ചാണു ഇത്രയേറെ വികസന മുന്നേറ്റം സാധ്യമാക്കിയത്.

2018 ലെ മഹാപ്രളയം, 2019 ലെ വെള്ളപ്പൊക്കം, കോവിഡ് മഹാമാരി തുടങ്ങിയവ നാടിനെ പിടിച്ചുലച്ചപ്പോള്‍ ജനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കി സുരക്ഷ ഉറപ്പാക്കാനും താങ്ങേകാനും സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ ആറന്മുള നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്ക് താങ്ങായത് വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലാണ്.

സമഗ്രവികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം, ലൈഫ് എന്നിവ ജനങ്ങളുടെ ജീവിതനിലവാരം മികച്ചതാക്കുന്നതില്‍ നിര്‍ണായകമായി.

2018ലെ വെള്ളപ്പൊക്കത്തില്‍ ഏറ്റവുമധികം നാശം ഉണ്ടായ സ്ഥലം ആറന്മുള ഉള്‍പ്പെടുന്ന കോഴഞ്ചേരി താലൂക്കാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സമാനതകളില്ലാത രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് വീണാ ജോര്‍ജ് എംഎല്‍എയാണ്.

വെള്ളപ്പൊക്കത്തിന് ഇരയായവര്‍ക്കു നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും പുനരുജ്ജീവന പദ്ധതികള്‍ നടപ്പാക്കുന്നതിനും സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു.

വരട്ടാര്‍ ജനകീയ പങ്കാളിത്തത്തോടെ വീണ്ടെടുക്കാനായതു സംസ്ഥാനത്തെ നദീ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കു വഴികാട്ടിയായി മാറിയെന്നതു ചരിത്രം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെയും നിലവാരം ഉയര്‍ത്താനായി. നാശോന്മുഖമായിരുന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെ സ്ഥാനത്ത് മികച്ച ക്ലാസ് മുറികളുള്ള കെട്ടിടങ്ങള്‍ യാഥാര്‍ഥ്യമായി. സാധാരണക്കാരുടെ മക്കള്‍ക്കു സ്മാര്‍ട്ട് ക്ലാസുകള്‍ ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയൊരുക്കി. അഞ്ചു കോടി രൂപ ചെലവില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിനെ മികവിന്റെ കേന്ദ്രമായി വികസിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നു വരുകയാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെയും കുടുംബക്ഷേമ കേന്ദ്രങ്ങളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാനസൗകര്യ വികസനത്തിനും ചികിത്സാസൗകര്യങ്ങള്‍ മികച്ചതാക്കുന്നതിനും ആര്‍ദ്രം മിഷനിലൂടെ സാധിച്ചു. ലൈഫ് മിഷനിലൂടെ ആറന്മുള നിയോജകമണ്ഡലത്തില്‍ 874 പേര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനായി. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് റീബില്‍ഡ് കേരള പദ്ധതിയില്‍ കോഴഞ്ചേരി താലൂക്കില്‍ 146 വീടുകളില്‍ 123 എണ്ണം നിര്‍മിച്ചു നല്‍കി.

2016ല്‍ 600 രൂപയായിരുന്ന സാമൂഹികക്ഷേമ പെന്‍ഷന്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തി അഞ്ചു വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ 1600 രൂപയാക്കി വര്‍ധിപ്പിച്ചത് സമൂഹിക ക്ഷേമ പ്രവര്‍ത്തനത്തിലെ നാഴികക്കല്ലാണ്. കോവിഡ് മഹാമാരിയുടെ ആരംഭ കാലത്ത് വിതരണം ചെയ്തു തുടങ്ങിയ സൗജന്യഭക്ഷ്യക്കിറ്റുകള്‍ പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും വലിയ കൈത്താങ്ങാണ്.

സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്കു ഉച്ചഭക്ഷണം നല്‍കുന്ന 43 ജനകീയ ഹോട്ടലുകളാണു കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആരംഭിച്ചിട്ടുള്ളത്. ഇതില്‍ ആറന്മുള മണ്ഡലത്തിലെ ഇരവിപേരൂര്‍, കോയിപ്രം, കുളനട, തോട്ടപ്പുഴശേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം എന്നീ ഒന്‍പത് പഞ്ചായത്തുകളിലാണു ജനകീയ ഹോട്ടലുകളുള്ളത്.

ആറന്മുള നിയോജക മണ്ഡലത്തിലെ ഇരവിപേരൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായും പത്തനംതിട്ട വില്ലേജ് ഓഫീസ് ട്വിന്‍ ക്വാര്‍ട്ടേഴ്സുമായി നിര്‍മിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. ജില്ലയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷന്‍ കഴിഞ്ഞ വിഷു ദിനത്തില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോ സമുച്ചയം നിര്‍മാണം അവസാനഘട്ടത്തിലേക്കു കടന്നു. പട്ടികജാതി വികസന വകുപ്പിന്റെ പത്തനംതിട്ടയിലെ സുബലാ പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗം പൂര്‍ത്തീകരിക്കുന്നതിനു വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ നിരന്തര ഇടപെടലാണു നടത്തിവരുന്നത്.

2018ലെ പ്രളയത്തില്‍ വെള്ളം കയറി നശിച്ച ആറന്മുള പോലീസ് സ്റ്റേഷനു സര്‍ക്കാര്‍ അനുവദിച്ച മൂന്നു കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടന്നു വരുകയാണ്.
വ്യവസായം തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി മൂലം വലുതും ചെറുതുമായ നൂറുകണക്കിനു സംരംഭങ്ങളാണ് ആറന്മുള നിയോജകമണ്ഡലത്തില്‍ തുടങ്ങിയിട്ടുള്ളത്.

കിഫ്ബിയില്‍ വികസന മുന്നേറ്റം

കിഫ്ബി പദ്ധതിയില്‍ ആറന്മുള നിയോജകമണ്ഡലത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആധുനിക കാത്ത്ലാബും ഐസിയുവും നിര്‍മിച്ചു. കോഴഞ്ചേരി – മണ്ണാറക്കുളഞ്ഞി റോഡും പൂര്‍ത്തിയാക്കി. 19.50 കോടി രൂപയുടെ കോഴഞ്ചേരി പാലം നിര്‍മാണവും 23.70 കോടി രൂപ ചെലവില്‍ മഞ്ഞനിക്കര- ഇലവുംതിട്ട- മുളക്കുഴ റോഡ് നിര്‍മാണവും പുരോഗമിക്കുന്നു.

ഇലന്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് 20 കോടി രൂപ ചെലവില്‍ കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കും. 75 ലക്ഷം രൂപ ചെലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിനായി ആര്‍ഒ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി. കിഫ്ബി ഫണ്ടില്‍ നിന്നും 50 കോടി രൂപ ചെലവില്‍ പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ ഓവര്‍ബ്രിഡ്ജ് നിര്‍മിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്.

ആറന്മുള ഡെസ്റ്റിനേഷന്‍ ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി സത്രക്കടവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ 49 ലക്ഷം രൂപ ചെലവില്‍ സൗന്ദര്യവത്കരണ പദ്ധതികള്‍ പൂര്‍ത്തിയാക്കി.

ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിന്റെ
രണ്ടാംഘട്ട വികസനത്തിന് 10 കോടി

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നിര്‍മാണം ഉടന്‍ ആരംഭിക്കും. ജില്ലയുടെ കായിക വികസനത്തിലെ നാഴികക്കല്ലായിരിക്കും ആധുനിക ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണം. ആറന്മുളയില്‍ സുഗതകുമാരിയുടെ തറവാട്ടില്‍ മ്യൂസിയം സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിന്റെ രണ്ടാംഘട്ട വികസനത്തിന് 10 കോടി രൂപയും പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപയും കോഴിപ്പാലം – കാരയ്ക്കാട് റോഡിന് അഞ്ചു കോടി രൂപയും ആറാട്ടുപുഴ – ചെട്ടിമുക്ക് റോഡിലെ കോട്ടപ്പാലത്തിന് 3.5 കോടി രൂപയും പുത്തന്‍കാവ് – ഇരവിപേരൂര്‍ റോഡിന് ആറു കോടി രൂപയും പത്തനംതിട്ട നഗരസഭ ഉള്‍പ്പെടെ മണ്ഡലത്തിലെ വിവിധ കുടിവെള്ള ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ക്കും കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനും പത്തനംതിട്ട, കോഴഞ്ചേരി ഔട്ടര്‍ റിംഗ് റോഡുകള്‍ക്കും ജില്ലാ ആസ്ഥാനത്ത് പോലീസ് കണ്‍ട്രോള്‍ റൂമിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

error: Content is protected !!