കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കോവിഡ് – 19 രോഗവ്യാപനതോത് ജില്ലയില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണിത്. പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും രോഗവ്യാപന തോത് കുറയ്ക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
പൊതു സമ്മേളനങ്ങള്‍, ഉല്‍സവങ്ങള്‍, മറ്റു മതപരമായ ചടങ്ങുകള്‍, വിവാഹം, മരണം തുടങ്ങി പൊതുജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്നതോ പങ്കെടുക്കുന്നതോ ആയ സന്ദര്‍ഭങ്ങള്‍ പരമാവധി ഒഴിവാക്കണം. ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ അതതു സ്ഥാപ മേധാവികളോ, സംഘാടകരോ, വ്യക്തികളോ, സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള ഉത്തരവുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം. ഇപ്രകാരമുള്ള ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് പ്രദേശത്തെ ചുമതല വഹിക്കുന്ന സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഉറപ്പുവരുത്തണം.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന പക്ഷം നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി നിര്‍ദേശിച്ചു. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ വിവരങ്ങള്‍ എല്ലാ ദിവസവും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. ജനങ്ങള്‍ക്ക് ഈ പോര്‍ട്ടല്‍ പരിശോധിക്കാം.