പത്തനംതിട്ട ജില്ലയിലെ ആദ്യഘട്ട കോവിഡ് വാക്സിനേഷന്‍ വിജയകരം;
ആദ്യ ഡോസ് സ്വീകരിച്ചത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോന്നി വാര്‍ത്ത ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് കേന്ദ്രങ്ങളില്‍ ആദ്യ ഘട്ട കോവിഡ് വാക്സിനേഷന്റെ ആദ്യദിനം വിജയകരമായി പൂര്‍ത്തീകരിച്ചു. ജില്ലയില്‍ ആദ്യ ദിവസം ഒന്‍പത് വാക്‌സിനേഷന്‍ സെന്ററുകളിലുമായി 592 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തില്ല. (17) വാക്‌സിനേഷന്‍ ഇല്ല. 18ന് വാക്‌സിനേഷന്‍ തുടരും.
രാവിലെ ഒന്‍പതു മുതല്‍ വാക്‌സിനേഷനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 10.30ന് പ്രധാനമന്ത്രിയുടെ വെബ്കാസ്റ്റിംഗിനു ശേഷം വാക്സിനേഷന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഗവണ്‍മെന്റ്, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആദ്യമായി കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
30 മിനിറ്റ് വിശ്രമത്തിന് ശേഷം കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഡിഎംഒ പറഞ്ഞു. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, പത്തനംതിട്ട നഗരസഭ ചെയര്‍മാര്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാര്‍, ആര്‍എംഒ ഡോ. ആഷിഷ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. പ്രതിഭ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. പത്മകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. അടൂര്‍ ജിഎച്ചില്‍ ഡോ. ജയചന്ദ്രന്‍ ആദ്യ ഡോസ് സ്വീകരിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി ഡിഎംഒ ഡോ. നിരണ്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
കോന്നി താലൂക്ക് ആശുപത്രിയില്‍ ഡോ. അരുണ്‍ ആദ്യ ഡോസ് സ്വീകരിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി ഡിഎംഒ ഡോ. രശ്മി തുടങ്ങിയവര്‍ പങ്കെടുത്തു. റാന്നി താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. ഉമ്മന്‍ മോഡിയില്‍ ആദ്യ ഡോസ് സ്വീകരിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി പങ്കെടുത്തു.
അയിരൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഡോ. വീണ (ആയുര്‍വേദം) വാക്‌സിന്‍ സ്വീകരിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അജിത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആശാ പ്രവര്‍ത്തക ഷീലാ ബിജു ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, ഹോമിയോ ഡിഎംഒ ഡോ. ബിജുകുമാര്‍, ആര്‍ദ്രം അസി. നോഡല്‍ ഓഫീസര്‍ ഡോ. ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടാം ഘട്ടത്തില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുന്‍നിര പ്രവര്‍ത്തകര്‍ക്കും, മൂന്നാംഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കുമാണ് വാക്സിന്‍ നല്‍കുക. ആദ്യ ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഡോസ് വാക്സിനും ഉറപ്പുവരുത്തും. വാക്സിന്‍ എടുത്തു കഴിഞ്ഞാലും നിലവിലുള്ള കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും പാലിക്കണം. ഒരു ദിവസം ഒരു സെന്ററില്‍ 100 പേര്‍ക്കാണ് വാക്സിന്‍ സജീകരിച്ചിരുന്നത്. വാക്സിന്‍ സ്വീകരിക്കാനായി എപ്പോള്‍ ഏത് കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈലില്‍ സന്ദേശം കൃത്യമായി ലഭിച്ചിരുന്നു. വാക്സിനേഷനു ശേഷം ഏതെങ്കിലും വ്യക്തിക്ക് പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. വാക്സിനേഷനായി വരുന്നവര്‍ തിരിച്ചറിയല്‍ രേഖയ്ക്കായി ആധാര്‍ കൊണ്ടുവന്നു. വാക്സിനേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വിവിധ വാക്‌സിനേഷന്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു. വാക്‌സിന്‍ എടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ ചെറിയ പനിയോ തലവേദനയോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതില്‍ ഭയപ്പെടാനൊന്നും ഇല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.