Trending Now

കോവിഡ് വാക്‌സിന്‍:പത്തനംതിട്ട ജില്ലയില്‍ ഡ്രൈ റണ്‍ നാളെ ( ജനുവരി 8)

 

ജില്ലയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ (ജനുവരി 8 വെള്ളി) രാവിലെ ഒന്‍പതിന് ആരംഭിക്കും. കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള ഡ്രൈ റണ്ണിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

ജില്ലയിലെ ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ഡ്രൈ റണ്‍ 11 മണിയോടെ പൂര്‍ത്തിയാകും. ഒരു സെന്ററില്‍ 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡ്രൈ റണ്‍ നടത്തും. അതത് സെന്ററില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത ക്രമത്തിലാണ് 25 പേരെ സജീകരിച്ചിരിക്കുന്നത്.

ഡിഎംഒ അതത് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് ഡ്രൈ റണിനായുള്ള വ്യക്തിയെ സെന്ററിലേക്ക് കടത്തിവിടുക. ആധാര്‍ കാര്‍ഡുമായി എത്തുന്ന വ്യക്തിയെ മാത്രമേ വാക്‌സിനേഷന്‍ റൂമിലേക്ക് പ്രവേശിപ്പിക്കൂ. ഒരു സെന്ററില്‍ വെയിറ്റിംഗ് റൂം, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റും എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നാല് വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍, ഒരു വാക്‌സിനേറ്റര്‍, ഒരു സൂപ്പര്‍വൈസര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഡ്രൈ റണ്‍ സെന്ററിലെ പ്രവര്‍ത്തകര്‍. വാക്‌സിനേഷനായി എത്തുന്നവരുടെ വിവരങ്ങള്‍ കോവിന്‍ എന്ന പോര്‍ട്ടലിലൂടെ ജെഎച്ച്‌ഐയ്ക്ക് ലഭ്യമാകും. ഇവ ശരിയായ രീതിയില്‍ ലഭ്യമാകുന്നുണ്ടോ എന്നറിയുന്നതിനാണ് ഡ്രൈ റണ്‍ ക്രമീകരിച്ചിരിക്കുന്ന്.

50 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വിവരശേഖരണം, വാക്‌സിന്‍ നല്‍കുന്നതിനായി കണ്ടെത്തേണ്ട സെന്ററുകള്‍, മറ്റ് വകുപ്പുകളുടെ ഏകോപനം, കോവിഡ് പ്രവര്‍ത്തനങ്ങളിലെ മുന്‍നിര ഉദ്യോഗസ്ഥരുടെ വിവര ശേഖരണം എന്നിവയെ സംബന്ധിച്ച് ചര്‍ച്ച നടത്തി.
ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, മറ്റ് വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.