കോന്നി വാര്‍ത്ത ഡോട്ട് കോം :പട്ടയഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നത് തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മുഖ്യമന്ത്രിയ്ക്കും, വനം വകുപ്പ് മന്ത്രിയ്ക്കും കത്ത് നല്‍കി .
1964ലെ ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിച്ചവർക്കുൾപ്പടെ അവർ നട്ടു വളർത്തിയ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോഴും തടസ്സം നില്‍ക്കുകയാണ് .
പട്ടയഭൂമിയിലെ മരം മുറി വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനു ശേഷം റവന്യൂ,വനം വകുപ്പ് മന്ത്രിമാരെ പങ്കെടുപ്പിച്ച് യോഗം ചേർന്നിരുന്നു.ഇതിനെ തുടർന്ന് റവന്യൂ വകുപ്പ് രണ്ടായിരത്തി ഇരുപത് മാർച്ച് പതിനൊന്നിനൊരു പരിപത്രം പുറത്തിറക്കിയിരുന്നു.
കൃഷിക്കാർക്ക് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് തടസ്സമില്ല എന്നു വ്യക്തമാക്കിയാണ് പരിപത്രം പുറപ്പെടുവിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ പരിപത്രത്തിൽ നിയമപരമായ വ്യക്തതയില്ല എന്ന് ആരോപിച്ച് തുടർന്നും മരംമുറി തടസ്സപ്പെടുത്തുകയാണ് ഉണ്ടായത്.ഈ വിവരവും ഗവൺമെന്‍റിന്റെയും മുഖ്യമന്ത്രിയുടെയും മുൻപിൽ എം.എൽ.എ എന്ന നിലയിൽ ഉയർത്തിക്കൊണ്ടുവരികയും ചെയ്തു.
മുഖ്യമന്ത്രി വീണ്ടും വിഷയത്തിൽ ഇടപെടുകയും റവന്യൂ വകുപ്പ് 261/2020 നമ്പർ സർക്കാർ ഉത്തരവ് 2020 ഒക്ടോബർ 24 ന് പുറപ്പെടുവിക്കുകയും ചെയ്തു.1986 ലെ കേരളാ പ്രിസർവേഷൻ ഓഫ് ട്രീസ് ആക്ട് വകുപ്പ് 22 അനുസരിച്ച് കർഷകർ സ്ഥലം പതിച്ചു കിട്ടിയ ശേഷം നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് അനുവാദം ആവശ്യമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മരംമുറിച്ചു മാറ്റുന്നതിന് ഉദ്യോഗസ്ഥർ തടസ്സം സൃഷ്ടിച്ചാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ഉത്തരവിറങ്ങി 2 മാസം കഴിഞ്ഞിട്ടും കർഷകർക്ക് പട്ടയഭൂമിയിൽ നിന്ന് മരം മുറിക്കുന്നതിന് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തടസ്സം സൃഷ്ടിക്കുകയാണ്.ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എം.എൽ.എ മുഖ്യമന്ത്രിയെയും,വനം വകുപ്പ് മന്ത്രിയേയും സമീപിച്ചത്.
കർഷകർക്ക് നിയമാനുസരണം പട്ടയഭൂമിയിൽ നിന്ന് മരം മുറിക്കാമെന്നിരിക്കെ ചില ഉദ്യോഗസ്ഥർ ഇതിന് തടസ്സം സൃഷ്ടിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് എം.എൽ.എ പറഞ്ഞു. വന്യമൃഗശല്യം മൂലം വലിയ നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്ന കർഷകർക്ക് അവർ നട്ടുവളർത്തിയ മരം മുറിക്കാനുള്ള നിയമപരമായ അവകാശം കൂടി ചില സ്ഥാപിത താല്പര്യക്കാരായ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തുകയാണ്.
നിയമ വിരുദ്ധ സമീപനം സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടി തന്നെ സ്വീകരിക്കണമെന്ന് എം.എൽ.എ മുഖ്യമന്ത്രിക്കും, വനം വകുപ്പ് മന്ത്രിയ്ക്കും നല്കിയ കത്തിൽ ആവശ്യപ്പെട്ടു.